image

8 April 2023 10:50 AM GMT

Mutual Funds

ദിവസത്തിലോ ആഴ്ചയിലോ മാസത്തിലോ; കൂടുതല്‍ ലാഭം നല്‍കുന്ന എസ്‌ഐപി ഏത്?

MyFin Desk

ദിവസത്തിലോ ആഴ്ചയിലോ മാസത്തിലോ;  കൂടുതല്‍ ലാഭം നല്‍കുന്ന എസ്‌ഐപി ഏത്?
X

Summary

  • 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കാണ് നിക്ഷേപിക്കേണ്ടത്
  • ദീര്‍ഘകാല നിക്ഷേപം നേരത്തെ ആരംഭിക്കാൻ ശ്രദ്ധിക്കണം
  • കാലാവധിയോട് അടുക്കുന്ന സമയത്ത് ഡെറ്റ് ഫണ്ടുകളിലേക്ക് മാറ്റണം


ദീര്‍ഘകാല നിക്ഷേപത്തിലൂടെ ഇക്വിറ്റി ഫണ്ടുകളില്‍ നിന്ന് ലാഭമുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ഇന്ന് വ്യത്യസ്ത ഇടവേളകളില്‍ എസ്‌ഐപി നിക്ഷേപം നടത്താന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ അനുവദിക്കുന്നുണ്ട്. ദിവസത്തിലോ ആഴ്ചയിലോ മാസത്തിലോ എസ്‌ഐപി വഴി നിക്ഷേപിക്കാം. ശമ്പളക്കാരായവര്‍ക്ക് എസ്‌ഐപി തന്നെയാണ് നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം. എന്നാല്‍ ഇതില്‍ ഏത് ഫ്രീക്വന്‍സിയില്‍ എസ്‌ഐപി ചെയ്യണം എന്നതാണ് നിക്ഷേപകരെ അലട്ടുന്ന ചോദ്യം.




വിഷയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ദീര്‍ഘകാല നിക്ഷേപമാണെന്ന് മനസിലാക്കണം. നിക്ഷേപം ആരംഭിക്കുന്നവര്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തേണ്ടത്. ഇതിനോടൊപ്പം നിക്ഷേപം ആരംഭിക്കുന്ന സമയം വലിയൊരു ഘടകമാണ്. വൈകി ആരംഭിക്കുന്നവര്‍ക്ക് കൂട്ടുപലിശയുടെ മാന്ത്രികത നഷ്ടമാകും. ഉദാഹരണത്തിന് 25ാം വയസില്‍ മാസ എസ്‌ഐപി ആരംഭിച്ച വ്യക്തി, മാസത്തില്‍ 5,000 രൂപ വീതം ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കുകയും 15 ശതമാനം ആദായം ലഭിക്കുകയും ചെയ്താല്‍ 35 വര്‍ഷത്തിന് ശേഷം 7.33 കോടി രൂപയിലധികം ലഭിക്കും. 30ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്ന വ്യക്തിക്ക് 3.46 കോടി രൂപ മാത്രമെ നേടാന്‍ കഴിയൂ. ഇതിനാല്‍ നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടത് മ്യൂച്വല്‍ ഫണ്ടില്‍ പ്രധാനമാണ്.

ഏത് ഫ്രീക്വന്‍സി അനുയോജ്യം

നേരത്തെ നിക്ഷേപം തുടങ്ങുമ്പോള്‍ ഏത് ഇടവേളയില്‍ നിക്ഷേപം ആരംഭിക്കണമന്നത് ചോദ്യമാണ്.

ഇന്ന് മാസത്തിലും ആഴ്ചയിലും ദിവസത്തിലും എസ്‌ഐപികള്‍ ചെയ്യാന്‍ സ്‌കീമുകള്‍ അനുസരിച്ച് സാധിക്കും. ഇതിനാല്‍ ഏത് എസ്‌ഐപി ചെയ്യണമെന്നത് നിക്ഷേപകനെ സംബന്ധിച്ചുള്ള ആശയകുഴപ്പമാണ്. പ്രതിദിന, പ്രതിമാസ, പ്രതിവാര എസ്‌ഐപികള്‍ നിക്ഷേപത്തില്‍ നേരിയവ്യത്യാസം മാത്രമെ ഉണ്ടാക്കുന്നുള്ളൂ. പ്രതിദിന എസ്‌ഐപി ചെയ്യുമ്പോള്‍ നിക്ഷേപത്തെ വിലയിരുത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ പ്രതിവാര എസ്‌ഐപി വഴി കോസ്റ്റ് ആവറേജിംഗിന്റെ ഗുണം ലഭിക്കും. മാസത്തില്‍ നാല് തവണ യൂണിറ്റുകള്‍ വാങ്ങാനാകും. മൂന്ന് രീതിയിലും എസ്‌ഐപി ചെയ്യുന്നവരില്‍ 0.50 ശതമാനത്തിന്റെ വ്യത്യാസമാണ് മുന്‍കാല പ്രകടനം കാണിക്കുന്നത്. ഇതിനാല്‍ ഏത് ഇടവേള എന്ന് ചിന്തിക്കുന്നതിന് പകരം ദീര്‍ഘകാല നിക്ഷേപം വേഗത്തില്‍ ആരംഭിക്കാന്‍ ശ്രദ്ധിക്കണം.

കാലാവധി ശ്രദ്ധിക്കണം

ഏറ്റവും പ്രധാനമായി നിക്ഷേപ കാലയളവ് ശ്രദ്ധിക്കണം. നിക്ഷേപ ലക്ഷ്യത്തിന് ചേര്‍ന്ന കാലയളവ് തിരഞ്ഞെടുക്കണം. നിക്ഷേപം കാലാവധിയോട് അടുക്കുന്ന സമയത്ത് ഇക്വിറ്റിയിലെ നിക്ഷേപം ഡെറ്റ് ഫണ്ടുകളിലേക്ക് മാറ്റണം. ഇതോടൊപ്പം ഇക്വിറ്റി ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപകര്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറാകണം. നിക്ഷേപം വളരാനും വിപണി ചാഞ്ചാട്ടങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാനുമുള്ള സമയം നിക്ഷേപകര്‍ നല്‍കേണ്ടതുണ്ട്.