image

16 Dec 2024 11:35 AM GMT

Investments

ഇന്ത്യൻ ബാങ്കുകളിൽ അനാഥമായി കോടികൾ; എന്താണ് കാരണം ?

Karthika Ravindran

ഇന്ത്യൻ ബാങ്കുകളിൽ അനാഥമായി കോടികൾ; എന്താണ് കാരണം ?
X

Summary

  • 2024 മാർച്ച് അവസാനത്തോടെ 78,213 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ
  • പ്രധാന കാരണം,അവകാശികളെ അറിയിക്കാതെ നിക്ഷേപങ്ങളുടെ നോമിനി ആകുന്നത്
  • അനാഥമായി കിടക്കുന്ന നിക്ഷേപത്തിന്റെ വിഷയത്തിൽ രാജ്യത്ത്, തിരുവല്ല ഒന്നാം സ്ഥാനത്ത്


ഇന്ത്യബാങ്കുകളിൽ അനാഥമായി കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) റിപ്പോർട്ട് പ്രകാരം, ബാങ്കുകളിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ അളവ് വർഷം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. 2024 മാർച്ച് അവസാനത്തോടെ ഈ തുക 78,213 കോടി രൂപയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവാണ് കാണിക്കുന്നത്. 2023 മാർച്ച് അവസാനത്തോടെ ഡെപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് അവെയർനെസ് ഫണ്ടിൽ (DEA) 62,225 കോടി രൂപയായിരുന്നു.

ആർ.ബി.ഐ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ വിവിധ ബാങ്കുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപത്തിന്റെ വിഷയത്തിൽ തിരുവല്ല രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. തിരുവല്ലയിലെ വിവിധ ബാങ്കുകളിലായി 461 കോടി രൂപയാണ് അനാഥമായി കിടക്കുന്നത്. മരണപ്പെട്ടവരുടെ നിക്ഷേപത്തിന് അവകാശി ഇല്ലാത്തതും, അവകാശികളെ അറിയിച്ചിട്ടും പിൻവലിക്കാത്തവരുടെയും ഫണ്ട് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. കേരളത്തിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കൂടുതൽ ഉള്ളത് തിരുവല്ല, റാന്നി, കൊയിലാണ്ടി, കോട്ടയം, മല്ലപ്പള്ളി എന്നിവിടങ്ങളിലെ ബാങ്കുകളിൽ ആണ്. അവകാശികളില്ലാത്ത പണത്തിൻ്റെ 95 ശതമാനവും എന്‍.ആര്‍.ഐ. നിക്ഷേപമാണ്.

എന്താണ് കാരണം? ഈ വൻതുകകൾ ബാങ്കുകളിൽ അനാഥമായതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്`

മരണപ്പെട്ട വ്യക്തികളുടെ നിക്ഷേപങ്ങൾ: അവകാശികൾക്ക് ​​അക്കൗണ്ട് നിലവിലുണ്ടെന്ന് അറിയില്ല. അവകാശികളെ അറിയിക്കാതെ അവരെ നിക്ഷേപങ്ങളുടെ നോമിനി ആക്കുന്നത് ആണ് പ്രധാന കാരണം.

വിദേശത്തേക്ക് കുടിയേറൽ: അക്കൗണ്ട് അവസാനിപ്പിക്കാതെ വിദേശത്തേക്ക് കുടിയേറിയവരുടെ നിക്ഷേപങ്ങളും ഈ ഗണത്തിൽ വരുന്നു.

കോൺടാക്ട് ഡീറ്റെയിൽസ് മാറുന്നത് : താമസസ്ഥലം അല്ലെങ്കിൽ ഫോൺ നമ്പർ മാറുമ്പോൾ അപ്ഡേറ്റ് ചെയ്യാതെ പോകുന്നത് വഴി അക്കൗണ്ട് ഉടമകൾക്ക് പ്രധാനപ്പെട്ട ബാങ്ക് ആശയവിനിമയങ്ങൾ നഷ്ടപ്പെടാം.

ദീർഘകാല നിക്ഷേപങ്ങൾ: നിക്ഷേപകർ ദീർഘകാല നിക്ഷേപം പിൻവലിക്കാൻ മറന്നുപോകുന്നു.

പല അക്കൗണ്ടുകൾ: ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടായിരിക്കുകയും അതിൽ ഒന്നിനെ മറന്നുപോകുകയും ചെയ്യുന്നു.

അവകാശികൾ അറിയാതെ പോകുന്നു : മാതാപിതാക്കളോ ജീവിതപങ്കാളിയോ നടത്തിയ നിക്ഷേപത്തെക്കുറിച്ച് അറിയാതെ പോകുന്നു.

മറ്റ് അജ്ഞാത കാരണങ്ങൾ: മറ്റു പല കാരണങ്ങളാൽ നിക്ഷേപങ്ങൾ അനാഥമാകാം.

ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവെയർനെസ് ഫണ്ട് (DEA)

ബാങ്കുകളിലെ 10 വർഷത്തിലേറെയായി അവകാശവാദമില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവെയർനെസ് (DEA) ഫണ്ടിലേക്ക് മാറ്റുന്നു. ഈ ഫണ്ടിലെ തുക വിദ്യാഭ്യാസം, ബാങ്കിംഗ് സാക്ഷരത എന്നിവയ്ക്കായി ഉപയോഗിക്കുന്നു.

നിങ്ങളുടെ പണം അനാഥമാകാതെ സുരക്ഷിതമാക്കാം

നിങ്ങളുടെ അക്കൗണ്ടുകൾ സജീവമായി സൂക്ഷിക്കുക. ബാങ്കിന് നിങ്ങളുടെ പുതുക്കിയ വിവരങ്ങൾ നൽകുക. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ അവകാശികളെ അറിയിക്കുക, പഴയ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവ മറക്കാതെ സജീവമായി സൂക്ഷിക്കുക, അക്കൗണ്ട് പ്രവർത്തന രഹിതമായാൽ ഉടൻ ബാങ്കിൽ ബന്ധപ്പെടുക, നിക്ഷേപങ്ങൾ സമയബന്ധിതമായി പിൻവലിക്കുക, ബാങ്കുകളിൽ നിന്നുള്ള ആശയവിനിമയങ്ങൾ നിലനിർത്തുക ഇതെല്ലാം ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ എങ്ങനെ തിരിച്ചറിയാം

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആരംഭിച്ച UDGAM പോർട്ടൽ ഉപയോഗിക്കാം.