image

21 May 2023 3:00 PM GMT

Investments

ബാങ്കിന്റെ സ്ഥിര നിക്ഷേപം; ദോഷവശങ്ങളും അറിഞ്ഞിരിക്കണം

MyFin Desk

strategies are needed to keep cash
X

Summary

  • പോസ്റ്റ് ടാക്‌സ് റിട്ടേണ്‍ കുറവ്
  • നികുതി ഇളവും കുറവ്
  • പണപ്പെരുപ്പം നഷ്ടം വരുത്തും


ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ ഇപ്പോള്‍ മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്കൊക്കെ സ്ഥിര നിക്ഷേപങ്ങളോടുള്ള താല്‍പ്പര്യം കൂടിയിട്ടുണ്ട്. ഏഴ് ശതമാനമോ അതില്‍ മുകളിലോ ആണ് ഇപ്പോള്‍ പല ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നല്‍കുന്ന പലിശ. വന്‍കിട ബാങ്കുകളെ അപേക്ഷിച്ച് ചെറുകിട ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ഒമ്പത് ശതമാനത്തിന് മുകളിലും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധികളും സാഹചര്യവും വിലയിരുത്തുന്ന നിക്ഷേപകര്‍ അതുകൊണ്ട് തന്നെ സ്ഥിര നിക്ഷേപങ്ങളിലേക്കാണ് കൂടുതലായി മാറുന്നത്. എന്നാല്‍ സ്ഥിര നിക്ഷേപങ്ങള്‍ മികച്ച റിട്ടേണ്‍ നല്‍കുന്നുവെങ്കിലും ഇതിന് ചില ദോഷ വശങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് ഒരു നിക്ഷേപകന്‍ അറിഞ്ഞിരിക്കണം.

നികുതിയ്ക്ക് ശേഷമുള്ള വരുമാനം

സ്ഥിര നിക്ഷേപത്തിന്റെ വലിയൊരു പോരായ്മ നികുതിയ്ക്ക് ശേഷമുള്ള റിട്ടേണ്‍ വളരെ കുറവാണെന്നതാണ്. സ്ഥിര നിക്ഷേപ പലിശ ഏഴ് ശതമാനമെന്നൊക്കെ കാണുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ പലരും വലിയ തുക നിക്ഷേപിക്കും. എന്നാല്‍ അഞ്ച് വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് ഏഴ് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുവെങ്കില്‍ പോസ്റ്റ് ടാക്‌സ് റിട്ടേണ്‍ അഞ്ച് ശതമാനമായിരിക്കും. സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശ വരുമാനത്തിന് വാര്‍ഷിക നികുതി നല്‍കേണ്ടി വരും. ഒരു സ്ഥിര നിക്ഷേപത്തിന് ഏഴ് ശതമാനമാണ് സ്ഥാപനം പലിശ നല്‍കുന്നതെങ്കില്‍ നികുതി നല്‍കിക്കഴിഞ്ഞാല്‍ റിട്ടേണ്‍ വെറും 4.8 ശതമാനമായിരിക്കും ലഭിക്കുക. അതുകൊണ്ട് വലിയ നിരക്കുകള്‍ കണ്ട് മുഴുവന്‍ തുകയും എഫ്ഡിയില്‍ നിക്ഷേപിക്കാതിരിക്കുക

സമ്പാദ്യം ഇല്ലാതാക്കും

നികുതി കാരണം സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറയുന്നതിനാല്‍ പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായതിനാല്‍ തന്നെ ഫലത്തില്‍ സമ്പത്തിനെ ഇല്ലാതാക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന് 4.8 ശതമാനം പോസ്റ്റ് ടാക്‌സ് എന്നത് ശരാശരി പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ കുറവാണിത്. ഇത് നിക്ഷേപം കൊണ്ട് കാര്യമായ ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ഉള്ള സമ്പത്തിനെ ദീര്‍ഘകാലത്തില്‍ ഇല്ലാതാക്കുകയും ചെയ്യും. നിക്ഷേപം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോഴേക്കും നിക്ഷേപ തുകയുടെ മൂല്യവും പണപ്പെരുപ്പം കണക്കിലെടുത്താല്‍ കുറഞ്ഞേക്കാം.

നികുതി ലാഭിക്കാന്‍ സാധിക്കില്ല

പല നിക്ഷേപ പദ്ധതികളും നിക്ഷേപകര്‍ നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ വേണ്ടി കൂടിയാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം ഇളവിന് അര്‍ഹമാണെങ്കിലും പ്രതിവര്‍ഷം ഒന്നര ലക്ഷം വരെ മാത്രമേ ഉള്ളൂവെന്ന് ഓര്‍ക്കണം. അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങളിലാണ് പലരും അംഗങ്ങളാകുന്നത്. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളില്‍ നിന്നുള്ള ചില വരുമാനങ്ങള്‍ നികുതി വിധേയമാണ്. നികുതിയിളവുകള്‍ക്കായി പിപിഎഫ്,വിപിഎഫ്,എന്‍പിഎസ് തുടങ്ങിയ ഓപ്ഷനുകളുള്ളപ്പോള്‍ ശമ്പളക്കാരായ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഇതൊക്കെയാണ് നല്ലത്.

ഗ്യാരണ്ടിയുള്ളത് അഞ്ച് ലക്ഷത്തിന്

ബാങ്കിലുള്ള നിക്ഷേപത്തിന് ഗ്യാരണ്ടിയുണ്ട്. സ്ഥാപനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ നിക്ഷേപകന്റെ പണം സുരക്ഷിതമാണ്. എന്നാല്‍ ആര്‍ബിഐയുടെ ഡിഐസിജിസി മാനദണ്ഡം അനുസരിച്ച് അഞ്ച് ലക്ഷം രൂപാവരെ മാത്രമേ ഗ്യാരണ്ടിയുള്ളൂ. അതിന് മുകളിലേക്കുള്ള തുകയ്ക്ക് ആര്‍ബിഐ പരിരക്ഷ ഉറപ്പുനല്‍കുന്നില്ല. എന്നാല്‍ സ്ഥിര നിക്ഷേപത്തിനെ മാറ്റി നിര്‍ത്തിയാല്‍ പോസ്റ്റ്ഓഫീസ് സ്‌കീമുകള്‍ ,പിപിഎഫ്,എന്‍എസ്‌സി,കെവിപി,എസ്‌സിഎസ്എസ് തുടങ്ങിയ സ്‌കമുകള്‍ക്കൊക്കെ റിട്ടേണ്‍ ഗ്യാരണ്ടിയുണ്ട്. കൂടാതെ ഇവയൊക്കെ നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അപ്പോള്‍ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഇതൊക്കെ പരിഗണിക്കുന്നതായിരിക്കും ഉചിതം

ദീര്‍ഘകാലത്തേക്ക് സമ്പത്തുണ്ടാക്കാന്‍ അനുയോജ്യമല്ല

ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങള്‍ നല്ലൊരു സമ്പാദ്യപദ്ധതിയായി കണക്കാക്കാം. എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ച് പണമാക്കുകയും ചെയ്യാം. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് നോക്കിയാല്‍ നല്ലൊരു നിക്ഷേപ ഓപ്ഷനല്ലെന്ന് വേണം പറയാന്‍. ബാങ്കിന്റെ സ്ഥിരനിക്ഷേപങ്ങള്‍,പിപിഎഫ്, വിപിഎഫ് എന്നിവയോടൊക്കെ താരതമ്യപ്പെടുത്തിയാല്‍ നികുതി ആനുകൂല്യവുമില്ല. കൂടാതെ ദീര്‍ഘകാലത്തില്‍ ബാങ്കിന്റെ സ്ഥിരനിക്ഷേപങ്ങളേക്കാള്‍ വരുമാനം ഉറപ്പുനല്‍കുന്ന പല മ്യൂച്വല്‍ഫണ്ടുകളുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താല്‍ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ മറ്റുള്ള പദ്ധതികള്‍ ആലോചിക്കാം.