4 Dec 2022 2:11 PM
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി യൂക്കോ ബാങ്ക്. വിവിധ കാലയളവുകളിലുള്ള രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏഴ് ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 2.9 ശതമാനമാണ് പലിശ നല്‍കുന്നത്. നിക്ഷേപ കാലാവധി 30 മുതല്‍ 45 ദിവസം വരെയാണെങ്കില്‍ മൂന്ന് ശതമാനമാണ് പലിശ നിരക്ക്.
നിക്ഷേപം 46 ദിവസം മുതല്‍ 90 ദിവസം വരെയാണെങ്കില്‍ നിലവിലെ 3.50 ശതമാനത്തില്‍ നിന്നും അര ശതമാനം (50 ബേസിസ് പോയിന്റ്) ഉയര്‍ന്ന് നാല് ശതമാനം പലിശ ലഭിക്കും. തൊണ്ണൂറ്റിയൊന്ന് ദിവസം മുതല്‍ 120 ദിവസം വരെയാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്കില്‍ കാല്‍ ശതമാനം (25 ബേസിസ് പോയിന്റ്) വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്നും നാല് ശതമാനമായി. നിക്ഷേപം 121 മുതല്‍ 150 ദിവസം വരെയാണെങ്കില്‍ മുക്കാല്‍ ശതമാനം (75 ബേസിസ് പോയിന്റ്) നേട്ടത്തോടെ 4.50 ശതമാനം പലിശ ലഭിക്കും. കാലാവധി 151 ദിവസം മുതല്‍ 180 ദിവസം വരെയാണെങ്കില്‍ 1.25 ശതമാനം (125 ബേസിസ് പോയിന്റ്) വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 3.75 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തിലേക്കാണ് പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നത്.
നിക്ഷേപം 181 ദിവസം മുതല്‍ 364 ദിവസം വരെയാണെങ്കില്‍ പലിശ നിരക്ക് 1.35 ശതമാനം (135 ബേസിസ് പോയിന്റ്) വര്‍ധനയോടെ 4.65 ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി. നിക്ഷേപ കാലാവധി ഒരു വര്‍ഷമാണെങ്കില്‍ 5.75 ശതമാനത്തില്‍ 6.35 ശതമാനമായാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 45 ബേസിസ് പോയിന്റ് ഉയര്‍ത്തിയതോടെ 5.75 ശതമാനത്തില്‍ നിന്നും 6.20 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് നിക്ഷേപമെങ്കില്‍ 5.60 ശതമാനത്തില്‍ നിന്നും 40 ബേസിസ് പോയിന്റ് ഉയര്‍ന്ന് ആറ് ശതമാനം പലിശ ലഭിക്കും.
അഞ്ച് വര്‍ഷമോ അതിനു മുകളിലോ ആണ് നിക്ഷേപ കാലാവധിയെങ്കില്‍ അര ശതമാനം (50 ബേസിസ് പോയിന്റിന്റെ) വര്‍ധനയാണ് ബാങ്ക് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 5.50 ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി. നിക്ഷേപ കാലാവധി 444 ദിവസമാണെങ്കില്‍ 10 ബേസിസ് പോയിന്റ് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 6.15 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി. നിക്ഷേപം 666 ദിവസത്തേക്കാണെങ്കില്‍ 6.25 ശതമാനത്തില്‍ നിന്നും 25 ബേസിസ് പോയിന്റ് ഉയര്‍ന്ന് പലിശ നിരക്ക് 6.50 ശതമാനമായിട്ടുണ്ട്.