13 Dec 2022 7:21 AM
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി എസ്ബിഐ.രണ്ട് കോടി രൂപവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാല്‍ ശതമാനം (25 ബേസിസ് പോയിന്റ്) മുതല്‍ 0.65 ശതമാനം (65 ബേസിസ് പോയിന്റ്) വരെയാണ് ഉയര്‍ത്തയത്. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 13 മുതല്‍ പ്രബല്യത്തില്‍ വരും. ഒക്ടോബര്‍ 22 ന് 0.8 ശതമാനം (80 ബേസിസ് പോയിന്റ്) നിരക്ക് വര്‍ധന ടേം ഡെപ്പോസിറ്റുകള്‍ക്ക് വരുത്തിയിരുന്നു.
211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തയത്. ഇതോടെ നിരക്ക് 5.75 ശതമാനമായി ഉയര്‍ന്നു. കാലാവധി ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 65 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതോടെ പലിശ നിരക്ക് 6.10 ശതമാനത്തില്‍ നിന്നും 6.75 ശതമാനമായി. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപം, അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപം 6.10 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി വര്‍ധിപ്പിച്ചു.
പുതുക്കിയ നിരക്കുകള്‍ പുതിയ നിക്ഷേങ്ങള്‍ക്കും, കാലാവധി പൂര്‍ത്തിയായതിനുശേഷം പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും ബാധകമാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി ബാങ്ക് എസ്ബിഐ വികെയര്‍ എന്നൊരു നിക്ഷേപ പദ്ധതി നല്‍കുന്നുണ്ട്. ഈ പദ്ധതി പ്രകാരം അഞ്ച് വര്‍ഷം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് അധികമായി 50 ബേസിസ് പോയിന്റ് പലിശ നല്‍കും. എസ്ബിഐ വികെയര്‍ ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപം നടത്താനുള്ള കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു.