8 Feb 2022 5:13 AM GMT
Summary
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് നേട്ടങ്ങള്‍ ഏറെയുള്ളത് കൊണ്ട് അത്തരം നിക്ഷേപ പദ്ധതിയില്‍ ചേരുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. കോവിഡ് മഹാമാരി മൂലം വരുമാനത്തിന് ഒരു തടസ്സം മുന്നില്‍ കണ്ട സമയത്ത് ഒട്ടേറെ മുതിര്‍ന്ന പൗരന്മാര്‍ സ്ഥിര നിക്ഷേപ രീതികളെ ആശ്രയിച്ചിരുന്നു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് നൂലാമാലകള്‍ ഉണ്ടെന്ന ആശങ്ക വേണ്ട. മാത്രമല്ല കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണകരമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ പല ബാങ്കുകളും ആരംഭിച്ചിരുന്നു. അത്തരത്തിലുള്ള പദ്ധതികളില്‍ […]
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് നേട്ടങ്ങള്‍ ഏറെയുള്ളത് കൊണ്ട് അത്തരം നിക്ഷേപ പദ്ധതിയില്‍ ചേരുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. കോവിഡ് മഹാമാരി മൂലം വരുമാനത്തിന് ഒരു തടസ്സം മുന്നില്‍ കണ്ട സമയത്ത് ഒട്ടേറെ മുതിര്‍ന്ന പൗരന്മാര്‍ സ്ഥിര നിക്ഷേപ രീതികളെ ആശ്രയിച്ചിരുന്നു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് നൂലാമാലകള്‍ ഉണ്ടെന്ന ആശങ്ക വേണ്ട. മാത്രമല്ല കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണകരമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ പല ബാങ്കുകളും ആരംഭിച്ചിരുന്നു. അത്തരത്തിലുള്ള പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
തീയതി ഇനിയും നീട്ടുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലാത്തതിനാല്‍ ഇത്തരം പദ്ധതികളില്‍ അതിന് മുന്നേ തന്നെ ചേരുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വീ കെയര്‍ ഡിപ്പോസിറ്റ്, എച്ച് ഡി എഫ് സി ബാങ്കിന്റെ സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ് ഡി, ബാങ്ക് ഓഫ് ബറോഡയുടെ നിക്ഷേപ പദ്ധതി എന്നിവയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ശ്രദ്ധേയമായിട്ടുള്ളവ. അധികമായി 50 ബേസിസ് പോയിന്റ് കൂടി ചേര്‍ത്താണ് ഈ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചത്. അഞ്ചു വര്‍ഷമോ അതിലധികമോ കാലാവധിയില്‍ സ്ഥിര നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി 2020 മെയ് മാസമാണ് ഈ പദ്ധതികള്‍ അവതരിപ്പിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : വീ കെയര്‍ ഡിപ്പോസിറ്റ്
മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിസ് പോയിന്റ് അധികമായി നല്‍കി എസ് ബി ഐ അവതരിപ്പിച്ച പദ്ധതി. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ നിക്ഷേപം നടത്താവുന്ന സ്‌കീമാണിത്. പ്രതിവര്‍ഷം 6.20 % പലിശയാണ് ലഭിക്കുക. 2021 ജനുവരി 8നാണ് ഈ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. ടേം നിക്ഷേപങ്ങള്‍ക്ക് 0.80 ശതമാനം അധിക പലിശ ലഭിക്കും. ഇത്തരം നിക്ഷേപത്തിന് പലിശ മൂന്നു മാസ കണക്കിലോ പ്രതിമാസ കണക്കിലോ ലഭിക്കും.
നെറ്റ് ബാങ്കിംഗ് വഴിയോ നേരിട്ട് ബാങ്ക് ശാഖയില്‍ ചെന്നോ നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. എസ്ബിഐയുടെ യോണോ ആപ്പിലും സേവനങ്ങള്‍ ലഭ്യമാകും. നിക്ഷേപത്തിന്മേല്‍ വായ്പയും ലഭിക്കാനുള്ള അവസരവുമുണ്ട്. രണ്ട് കോടി രൂപ വരെ സ്‌കീം പ്രകാരം നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 0.50 ശതമാനം പിഴയായി നല്‍കേണ്ടി വരും.
എച്ച് ഡി എഫ് സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ് ഡി
എച്ച് ഡി എഫ് സി ബാങ്ക് ഒരുക്കുന്ന സ്‌കീം പ്രകാരം 75 ബേസിസ് പോയിന്റ് അധികമായി നല്‍കുന്ന പലിശ നിരക്കാണ് ലഭിക്കുക. നിലവില്‍ 6.25 ശതമാനം പലിശയാണ് സ്‌കീം വഴി ലഭ്യമാകുക. പ്രതിവര്‍ഷം 0. 25 ശതമാനത്തിന്റെ അഡീഷണല്‍ പ്രീമിയവും 0.50 ശതമാനത്തിന്റെ അധിക പലിശയും 2022 മാര്‍ച്ച് 31 വരെ ചേരുന്നവര്‍ക്ക് ലഭ്യമാകും. 2020 നവംബര്‍ 13 മുതലാണ് ഈ സ്‌കീം സംബന്ധിച്ച പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. അഞ്ച് മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയില്‍ അഞ്ച് കോടി രൂപ വരെ സ്‌കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
ബാങ്ക് ഓഫ് ബറോഡയുടെ സ്‌കീം
0.50 ശതമാനം അധിക പലിശ നല്‍കുന്ന സ്‌കീമാണ് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചത്. അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. അഞ്ചു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് (പരമാവധി 10 വര്‍ഷം വരെ) ഒരു ശതമാനം അധികം പലിശയും ലഭ്യമാക്കും. 2022 മാര്‍ച്ച് 31 വരെയുള്ള സമയത്തിനുള്ളില്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2020 ജൂണ്‍ മുതലാണ് ഈ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്കായി കോവിഡ് കാലത്ത് ഡോര്‍ സ്‌റ്റെപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ബാങ്ക് ഓഫ് ബറോഡ നല്‍കിയിരുന്നു. മാത്രമല്ല സീനിയര്‍ സിറ്റിസണ്‍ പ്രിവിലേജ് അക്കൗണ്ടിന് അധിക ഇളവുകളും പ്രാബല്യത്തില്‍ വരുത്തിയിരുന്നു. വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനായി വീഡിയോ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) സൗകര്യവും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിക്കുകയുണ്ടായി.