സുരക്ഷിതവും സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതുമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപം. റിസ്‌ക് കുറവാണ് എന്നതാണ് ഇതിന്റെ പ്രധാന...
സുരക്ഷിതവും സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതുമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപം. റിസ്‌ക് കുറവാണ് എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തുകയും മറ്റും താരതമ്യേന കുറഞ്ഞ റിസ്‌കില്‍ ഉറപ്പുള്ള നേട്ടത്തോടെ നിക്ഷേപിക്കാമെന്നുള്ളതിനാല്‍ മുതിര്‍ന്ന പൗരന്‍മാരുടെ ഇഷ്ട മേഖലയാണ് എഫ് ഡി.
വിവിധ തരം
നോര്‍മല്‍ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ : നിശ്ചിത കാലാവധിയിലേക്കുള്ള സ്ഥിര നിക്ഷേപമാണിത്. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി.
ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് : ഒരു കലണ്ടര്‍ ഇയറില്‍ 1.5 ലക്ഷം രൂപ വരെയുള്ള പ്രിന്‍സിപ്പല്‍ ഡിപ്പോസിറ്റ് തുകയ്ക്ക് നികുതി ഇളവ് നല്‍കുന്ന നിക്ഷേപമാണിത്. ലോക്ക് ഇന്‍ കാലാവധിയായ 5 വര്‍ഷത്തിനിടയില്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. മുഴുവന്‍ തുകയും ഒറ്റ തവണയായി നിക്ഷേപം നടത്തണം.
സീനിയര്‍ സിറ്റിസണ്‍ ഫിക്സഡ് ഡിപ്പോസിറ്റ് : 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള സ്‌കീം. ഈ നിക്ഷേപത്തിന് പ്രത്യേക നിരക്കുകളാണ് പലിശ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നല്‍കുന്നത്. ഏതാണ്ട് എല്ലാ ധനകാര്യ സ്ഥാപനങ്ങളും സാധാരണ നിലയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം പലിശ കൂടുതല്‍ നല്‍കുന്നുണ്ട്. കാലാവധിയുടെ കാര്യത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് മേല്‍ കര്‍ശന ഉപാധികള്‍ ഉണ്ടാവില്ല.
ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റ് : ഓരോ ക്വാര്‍ട്ടറില്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം പലിശ കണക്കാക്കുന്ന നിക്ഷേപ രീതിയാണിത്. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ മാത്രമേ പലിശ ലഭ്യമാകൂ. ഘട്ടം ഘട്ടമായി സേവിംഗ്സിനെ വളര്‍ത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഈ നിക്ഷേപ രീതി നല്ലതാണ്.
നോണ്‍ ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റ് : നിങ്ങളുടെ ഇഷ്ടാനുസരണം പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കല്‍, അര്‍ധ വാര്‍ഷികം, അല്ലെങ്കില്‍ പ്രതിവര്‍ഷം എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത് പലിശ നേടാം. ഭാവിയില്‍ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഏറെ പ്രയോജനപ്രദമായ നിക്ഷേപമാണിത്.
ഫ്ളെക്സി ഫിക്സഡ് ഡിപ്പോസിറ്റ് : നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്ന നിക്ഷേപ രീതിയാണിത്. നിങ്ങളുടെ സ്ഥിര നിക്ഷേപ അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ഇടയിലുള്ള പണമിടപാടാണ് ഇതില്‍ നടക്കുന്നത്.
യോഗ്യത
മറ്റേത് നിക്ഷേപ രീതിയെക്കാളും സുരക്ഷിതമാണ് സ്ഥിര നിക്ഷേപം എന്നത്. മുന്‍ നിശ്ചയിക്കപ്പെട്ട കാലാവധിക്കുള്ളില്‍ നൂലാമാലകളില്ലാതെ കൃത്യമായി പലിശ നല്‍കുന്ന പദ്ധതിയും ഇതാണ്. പത്തു വര്‍ഷം വരെ കാലാവധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ളത്. കാലാവധി എത്ര വേണമെന്ന് നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. പരമാവധി തുക സംബന്ധിച്ച് കാര്യമായ നിബന്ധനകള്‍ ഉണ്ടാകാറില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് കുറച്ചധികം ഗുണകരമാണ് സ്ഥിര നിക്ഷേപങ്ങള്‍. പലിശ നിരക്കില്‍ ഉള്‍പ്പടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നേട്ടമുണ്ടാകും.
ഇന്ത്യയില്‍ സ്ഥിര നിക്ഷേപം നടത്തണമെങ്കില്‍ ഇവിടെ സ്ഥിരവാസിയായിരിക്കണം. എന്‍ആര്‍ഐകള്‍, പ്രായ പൂര്‍ത്തിയാകാത്തവര്‍, മുതിര്‍ന്ന പൗരന്മാര്‍, കമ്പനികള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, വ്യക്തഗത നിക്ഷേപകര്‍, ജോയിന്റ് നിക്ഷേപകര്‍, ക്ലബുകള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കെല്ലാം സ്ഥിര നിക്ഷേപം നടത്താന്‍ സാധിക്കും.
സമര്‍പ്പിക്കേണ്ട രേഖകള്‍
തിരിച്ചറിയല്‍ രേഖ മുഖ്യമാണ്. വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ ഉള്ള റേഷന്‍ കാര്‍ഡ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഐഡി കാര്‍ഡ് എന്നിവയൊക്കെ ബാങ്കുകളില്‍ സ്വീകരിക്കും. വിലാസം തെളിയിക്കാനുള്ള രേഖയായി ചെക്ക് ഉൾപ്പെടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ , പോസ്റ്റ് ഓഫീസ് ഇഷ്യൂ ചെയ്തിട്ടുള്ള തിരിച്ചറില്‍ കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും സമര്‍പ്പിക്കാം.
സ്ഥിര നിക്ഷേപം നടത്തുവാനായി വേണ്ട അപേക്ഷാ ഫോം ബാങ്കില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ബാങ്കിന്റെ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ആവാം. ഓണ്‍ലൈനായും ഓഫ്ലൈനായും സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കാം. മാത്രമല്ല ചില ഫോണ്‍ പേയ്മെന്റ് പ്ലാറ്റ് ഫോമുകളും ഇതേ സേവനം ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓണ്‍ലൈന്‍ രീതിയിലാണെങ്കില്‍ ബാങ്കിന്റെ തന്നെ വെബ്സൈറ്റോ ആപ്പോ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
സ്ഥിര നിക്ഷേപത്തിന്റെ ഗുണങ്ങള്‍
മറ്റ് നിക്ഷേപ രീതികളുമായി താരതമ്യം ചെയ്താല്‍ മാര്‍ക്കറ്റ് റിസ്‌ക്ക് എന്നത് സ്ഥിര നിക്ഷേപങ്ങളെ ബാധിക്കില്ല.
നിങ്ങളുടെ നിക്ഷേപങ്ങളെ ആര്‍ബിഐ ഇന്‍ഷുര്‍ ചെയ്യുന്നുണ്ട്.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ടുമില്ല.
അത്യാവശ്യ ഘട്ടത്തില്‍ പണം പിന്‍വലിക്കുന്നതിനും നൂലാമാലകള്‍ ഇല്ല (ചില നിക്ഷേപ രീതികളില്‍ ഉണ്ടാകില്ല. അത് ആദ്യം അറിഞ്ഞ് നിക്ഷേപം നടത്താം).
ക്വാട്ടേര്‍ലി, പ്രതിമാസം, പ്രതിവര്‍ഷം എന്നി കണക്കില്‍ ലഭിക്കുന്ന പലിശ നിങ്ങള്‍ക്ക് മികച്ചൊരു വരുമാന മാര്‍ഗം കൂടിയാകും.
നികുതി ഇളവുകള്‍ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ ഏറെ നല്ലതാണ്.
സാധാരണക്കാരെക്കാള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് പലിശ നിരക്ക് കൂടുതല്‍ ലഭിക്കുക. നിക്ഷേപം നടത്തുന്ന കാലാവധിയും നിങ്ങള്‍ക്ക് തന്നെ നിശ്ചയക്കാം. എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യം വന്നാല്‍ മിക്ക സ്‌കീമുകളിലും അത് സാധ്യവുമാകും.