28 April 2023 6:27 AM GMT
10,000 രൂപയുടെ പ്രതിമാസ നിക്ഷേപം 10 വര്‍ഷം കൊണ്ട് അരകോടിയായി മാറി; മികച്ച പ്രകടനം നടത്തിയ സ്‌മോള്‍ കാപ് ഫണ്ടുകളിതാ
MyFin Desk
Summary
- റിസ്‌കെടുക്കുന്നതിനൊപ്പം മികച്ച റിട്ടേണും സ്‌മോള്‍ കാപ് ഫണ്ടുകള്‍ നല്‍കുന്നുണ്ട്
- നിഫ്റ്റി സ്‌മോള്‍ 250 സൂചികയെയാണ് ഈ സ്‌കീം ട്രാക്ക് ചെയ്യുന്നത്
- 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.
മ്യൂച്വല്‍ ഫണ്ടുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ഫണ്ടുകളുടെ കൂട്ടത്തില്‍ സ്‌മോള്‍ കാപ് ഫണ്ടുകളുണ്ട്. റിസ്‌കെടുക്കുന്നതിനൊപ്പം മികച്ച റിട്ടേണും സ്‌മോള്‍ കാപ് ഫണ്ടുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ ആദ്യ സ്ഥാനത്ത് വരുന്ന 2 ഫണ്ടുകളാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടും എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ടും. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഏകദേശം 26 ശതമാനം വാര്‍ഷിക വരുമാനം ഈ ഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്. നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്, എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് എന്നിവയുടെ ഡയറക്ട് പ്ലാനുകള്‍ 10 വര്‍ഷത്തിനുള്ളില്‍ യഥാക്രമം 26.87%, 26.09% റിട്ടേണ്‍ നല്‍കി
നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്
2010 സെപ്റ്റംബര്‍ 16 ന് ആണ് ഫണ്ട് ആരംഭിക്കുന്നത്. ആരംഭ ഘട്ടം മുതല്‍ സ്‌കീമിന്റെ ഡയറക്ട് പ്ലാന്‍ 24.28% റിട്ടേണ്‍ നല്‍കി. റെഗുലര്‍ പ്ലാന്‍ 19.45% റിട്ടേണ്‍ നല്‍കി. 2017 ജനുവരി മുതല്‍ സമിത് റാച്ച് ആണ് ഫണ്ട് മാനേജ് ചെയ്യുന്നത്. ഫെബ്രുവരി 2023 മുതല്‍ തേജസ് ഷെത്ത് അസിസ്റ്റന്റ് ഫണ്ട് മാനേജരാണ്. നിഫ്റ്റി സ്‌മോള്‍ 250 സൂചികയെയാണ് ഈ സ്‌കീം ട്രാക്ക് ചെയ്യുന്നത്. 1 മാസം പൂര്‍ത്തിയാകുന്നതിന് നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.
ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ, ബല്‍റാംപൂര്‍ ചിനി മില്‍സ്, എല്‍ ആന്‍ഡ് ടി, കെപിഐടി ടെക്‌നോളജീസ്, പൂനവല്ല ഫിന്‍കോര്‍പ്പ്, സൈഡസ് വെല്‍നസ് എന്നിവയാണ് ഫണ്ടിന്റെ കയ്യിലുള്ള പ്രധാന ഓഹരികള്‍.
എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട്
എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് 2009 സെപ്റ്റംബര്‍ 9നാണ് ആരംഭിക്കുന്നത്. ആരംഭിച്ചത് മുതല്‍ സ്‌കീമിന്റെ റെഗുലര്‍ പ്ലാന്‍ 24.71% റിട്ടേണ്‍ നല്‍കി. ഡയറക്ട് പ്ലാനില്‍ 19.39% റിട്ടേണ്‍ ആണ് ലഭിച്ചത്. ബിഎസ്ഇ250 സ്‌മോള്‍ ക്യാപ് സൂചികയാണ് ഫണ്ട് ട്രാക്ക് ചെയ്യുന്നത്. ആര്‍.ശ്രീനിവാസനും മോഹിത് ജെയിനുമാണ് ഫണ്ട് നിയന്ത്രിക്കുന്നത്. 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.
ബ്ലൂ സ്റ്റാര്‍, ത്രിവേണി ടര്‍ബൈന്‍, കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍, കാലാപട്ടറി പവര്‍ ട്രാന്‍സ്മിഷന്‍, വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വേദാന്ത ഫാഷന്‍സ്, ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ്, ലെമണ്‍ റീ ഹോട്ടല്‍സ്, എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍.
എസ്‌ഐപി കാല്‍ക്കുലേറ്റര്‍
എസ്‌ഐപി കാല്‍ക്കുലേറ്റര്‍ പ്രകാരമുള്ള പ്രതിമാസ എസ്‌ഐപി റിട്ടേണ്‍ എത്രയാണെന്ന് നോക്കാം. ഈ ഫണ്ടുകളില്‍ 5000 രൂപയുടെ പ്രതിമാസ എസ്‌ഐപി 10 വര്‍ഷം കൊണ്ട് 28.5 ലക്ഷം രൂപയായി വളരുമായിരുന്നു. പ്രതിമാസ എസ്‌ഐപി 10,000 യായിരുന്നു എങ്കില്‍ 57 ലക്ഷം രൂപയും, 20000 രൂപയായിരുന്നു എങ്കില്‍ 1.14 കോടി രൂപയുമായി വളരുമായിരുന്നു.