പരമ്പരാഗത നിക്ഷേപ മാർഗങ്ങള്‍ക്കു പുറമേ മ്യൂച്വല്‍ ഫണ്ട്, പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) തുടങ്ങിയ പുതു വഴികളും...
പരമ്പരാഗത നിക്ഷേപ മാർഗങ്ങള്‍ക്കു പുറമേ മ്യൂച്വല്‍ ഫണ്ട്, പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) തുടങ്ങിയ പുതു വഴികളും ആളുകള്‍ സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, മ്യൂച്വല്‍ ഫണ്ടാണോ, പിഎംഎസ് ആണോ നല്ലെതൊന്നൊരു സംശയം പൊതുവേ ഉണ്ടാകാറുണ്ട്.
എന്താണ് പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ്?
വ്യക്തിഗത നിക്ഷേപകര്‍ക്കായി അംഗീകൃത പോര്‍ട്‌ഫോളിയോ മാനേജര്‍മാര്‍ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ്. ഈ സേവനം നല്‍കുന്നത് അനുഭവ സമ്പത്തുള്ള, അംഗീകൃത പോര്‍ട്‌ഫോളിയോ മാനേജര്‍മാരാണ്. നിക്ഷേപകര്‍ക്കു വേണ്ടി ഓഹരികളുടേയും, മറ്റു നിക്ഷേപ ഉപകരണങ്ങളുടേയും പോര്‍ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നത് ഇവരായിരിക്കും.
വൈദഗ്ധ്യമുള്ള ഒരു പോര്‍ട്‌ഫോളിയോ മാനേജരെ കണ്ടെത്തുക എന്നതാണ് പ്രധാനം. ഇവിടെ നിക്ഷേപകന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ്ഡായിട്ടാണ് പലപ്പോഴും പോര്‍ട്‌ഫോളിയോ നിശ്ചയിക്കുന്നത്. കൂടാതെ വലിയ തുകയിലുള്ള നിക്ഷേപങ്ങള്‍ക്കാണ് (ഉദാഹരണത്തിന് 50 ലക്ഷം രൂപ മുതൽ മുകളിലേക്ക്) പിഎംഎസ് പ്രാധാന്യം നല്‍കുന്നത്.
പിഎംഎസില്‍ ഫണ്ട് മാനേജര്‍ നടത്തുന്ന എല്ലാ ഇടപാടുകളും നിക്ഷേപകന്‍ നടത്തുന്ന ഇടപാടുകളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇടപാടുകളൊക്കെയും മൂലധന നേട്ട നികുതിയ്ക്കു വിധേയമാണ്. ഓഹരികളിലെ നിക്ഷേപം ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുന്നുവെന്നിരിക്കട്ടെ. എങ്കിൽ അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് 15 ശതമാനം നികുതി നല്‍കണം. നിക്ഷേപം ഒരു വര്‍ഷത്തിനുശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് നിക്ഷേപത്തില്‍ നിന്നുള്ള നേട്ടമെങ്കില്‍, നികുതി 10 ശതമാനമാണ്. പിഎംഎസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എപ്പോഴും നിക്ഷേപകനും, പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനം ലഭ്യമാക്കുന്നവര്‍ക്കും മാത്രമേ അറിയാന്‍ കഴിയു. വിവരങ്ങള്‍ ഒരിക്കലും പൊതു ജനത്തിന് അറിയാന്‍ കഴിയില്ല.
മ്യൂച്വല്‍ ഫണ്ട്
മ്യൂചല്‍ ഫണ്ടില്‍ കസ്റ്റമൈസ്ഡ് നിക്ഷേപം സാധ്യമല്ല. കാരണം ഫണ്ട് മാനേജര്‍മാരാണ് ഏത് ഓഹരിയില്‍ നിക്ഷേപിക്കണം എന്നു തീരുമാനിക്കുന്നത്. നിക്ഷേപകരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ നിക്ഷേപകനും അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്താം. മാസം 500 രൂപ മുതല്‍ എസ്ഐപി നിക്ഷേപവും നടത്താം.
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പിഎംസുമായി ചില വ്യത്യാസങ്ങളുണ്ട്. ഒന്നാമത്തേത്, അത് നികുതി രഹിതമാണെന്നുള്ളതാണ്. ഫണ്ട് മാനേജര്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തിനും — ഓഹരികളുടെ വാങ്ങല്‍, വില്‍പ്പന എന്നിവ — നിക്ഷേപകൻ നേരിട്ട് നികുതി നൽകേണ്ടതില്ല. നിക്ഷേപകന്‍ പണം പിന്‍വലിക്കുമ്പോള്‍ മൂലധന നേട്ട നികുതി നല്‍കണമെന്നു മാത്രം.
കൂടാതെ, മ്യൂച്വല്‍ ഫണ്ടുകള്‍ നിരന്തരമായ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാണ്. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അവരുടെ നെറ്റ് അസെറ്റ് വാല്യു എല്ലാ ദിവസവും കണ്ടെത്തുകയും അത് പ്രസിദ്ധപ്പെടുത്തുകയും വേണം. കൂടാതെ കമ്പനികളുടെ പോര്‍ട്ട് ഫോളിയോ ഒരോ മാസവും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കണം. ഡെറ്റ് ഫണ്ടുകളാണെങ്കില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ പോര്‍ട് ഫോളിയോ വ്യക്തമാക്കണം. ഈ വിവരങ്ങളെല്ലാം എല്ലാ ജനങ്ങള്‍ക്കും അറിയാന്‍ കഴിയുന്ന വിധത്തിലാണ് പ്രസിദ്ധപ്പെടുത്തുന്നത്.
നേട്ടം, നഷ്ടം
പിഎംഎസിലൂടെ നിക്ഷേപം നടത്തിയാലും നേട്ടവും നഷ്ടവുമുണ്ട്. ചിലപ്പോള്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപത്തെക്കാള്‍ മികച്ച ലാഭം നല്‍കും. ചിലപ്പോള്‍ നഷ്ടമായിരിക്കും. ഇത്, ഒരു പരിധിവരെ, പോര്‍ട്‌ഫോളിയോ മാനേജരുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. പിഎംഎസിനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. സാധാരണയായി വലിയൊരു തുക ഒരുമിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലും നല്ലത്
ഒരു നിക്ഷേപ കാലയളവ് നിശ്ചയിച്ച് ചെറിയ തുകകളായി നിക്ഷേപം നടത്തുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ ഒരു സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) അല്ലെങ്കില്‍ ഒരു സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (STP) വഴി ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.