image

23 April 2022 3:48 AM GMT

Cryptocurrency

2021 ക്രിപ്‌റ്റോ 'ബംമ്പര്‍ വര്‍ഷം' : നിക്ഷേപകര്‍ കൊയ്തത് 16,269 കോടി ഡോളര്‍

MyFin Desk

Crypto
X

Summary

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും ആരംഭിക്കുമ്പോഴും ഇതിലേക്ക് എത്തുന്ന നിക്ഷേപകരുടെ എണ്ണം കുറയുന്നില്ല. മാത്രമല്ല നിക്ഷേപകര്‍ നേടുന്ന ലാഭത്തിന്റെ കാര്യത്തിലും ഇതേ വളര്‍ച്ച കാണാന്‍ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ബ്ലോക്ക്‌ചെയിന്‍ ഡാറ്റാ പ്ലാറ്റ്‌ഫോമായ ചെയിനാലിസിസ് ഇറക്കിയ റിപ്പോര്‍ട്ട്. ആഗോള ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് 2020ല്‍ മൊത്തം 3250 കോടി ഡോളര്‍ മാത്രമാണ് ലാഭം നേടാനായതെന്നും, എന്നാല്‍ 2021 ആയപ്പോഴേയ്ക്കും ഇത് 16,269 കോടി ഡോളറായി കുതിച്ചുയര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍നിര ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് […]


ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും ആരംഭിക്കുമ്പോഴും ഇതിലേക്ക് എത്തുന്ന നിക്ഷേപകരുടെ എണ്ണം കുറയുന്നില്ല. മാത്രമല്ല നിക്ഷേപകര്‍ നേടുന്ന ലാഭത്തിന്റെ കാര്യത്തിലും ഇതേ വളര്‍ച്ച കാണാന്‍ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ബ്ലോക്ക്‌ചെയിന്‍ ഡാറ്റാ പ്ലാറ്റ്‌ഫോമായ ചെയിനാലിസിസ് ഇറക്കിയ റിപ്പോര്‍ട്ട്. ആഗോള ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് 2020ല്‍ മൊത്തം 3250 കോടി ഡോളര്‍ മാത്രമാണ് ലാഭം നേടാനായതെന്നും, എന്നാല്‍ 2021 ആയപ്പോഴേയ്ക്കും ഇത് 16,269 കോടി ഡോളറായി കുതിച്ചുയര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുന്‍നിര ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനിന്റെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 64 ശതമാനം വര്‍ധനയാണുണ്ടായത്. ക്രിപ്റ്റോ കറന്‍സി നേട്ടത്തില്‍ 4700 കോടി ഡോളര്‍ മാര്‍ജിനോടെ യുഎസ് മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പട്ടികയില്‍ യുകെ, ജര്‍മ്മനി, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളാണ് യുഎസിന് പിന്നിലുള്ളത്. 185 കോടി ഡോളര്‍ നേട്ടത്തോടെ ഇന്ത്യ 21ാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയിലെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് 509 കോടി ഡോളറിന്റെ നേട്ടമാണുണ്ടായത്. 2020ല്‍ ഇത് 170 കോടി ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ക്രിപ്‌റ്റോ നിയന്ത്രണം : പ്രതിസന്ധിയിലാകുമോ ഇന്ത്യ ?
ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പലഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണം വന്നിരിക്കുന്ന അവസരത്തിലാണ് ക്രിപ്‌റ്റോ നിയന്ത്രണം സംബന്ധിച്ച് ഐഎംഎഫിന്റെ മുന്നറിയിപ്പും എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സികള്‍ക്കൊപ്പം ക്രിപ്റ്റോ ആസ്തികളുടെ നിയന്ത്രണം, ബാങ്കിംഗ് മേഖലയിലെ നിയന്ത്രണങ്ങളില്‍ നേരിടുന്ന പ്രതിസന്ധി എന്നിവയാണ് ഇന്ത്യ നേരിടുന്ന ഘടനാപരമായ പ്രശ്‌നങ്ങളെന്ന് അന്താരാഷ്ട്ര നാണയ നിധി ഫിനാന്‍ഷ്യല്‍ കൗണ്‍സിലറും മോണിറ്ററി ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറുമായ ടോബിയാസ് അഡ്രിയാന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നതില്‍ രാജ്യം തടസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയില്‍ ധാരാളം അവസരങ്ങളും വളര്‍ച്ചയും ഉണ്ടെന്ന് കരുതുന്നു. രാജ്യത്തെ പുതിയ വളര്‍ച്ചാ അവസരങ്ങള്‍, പുതിയ സംഭവവികാസങ്ങള്‍ എന്നിവയില്‍ വളരെയധികം ആവേശമുണ്ട്'. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്രിപ്‌റ്റോ ആസ്തികളുടെ നിയന്ത്രണം സംബന്ധിച്ച ഘടനാപരമായ പ്രശ്നങ്ങള്‍ വരും വര്‍ഷങ്ങളില്‍ രാജ്യം കൈകാര്യം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിപ്റ്റോ ആസ്തികള്‍ക്ക് മേല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നികുതി സ്വാഗതാര്‍ഹമാണെന്നും അഡ്രിയാന്‍ ചൂണ്ടിക്കാട്ടി.