ടാലിന്‍ : മൊബൈല്‍ ആപ്പ് വഴിയുള്ള സ്‌റ്റേക്കിംഗ് കാലാവധി 9 മാസം വരെ ഉയര്‍ത്തിയെന്നറിയിച്ച് ക്രിപ്‌റ്റോബിസ്...
ടാലിന്‍ : മൊബൈല്‍ ആപ്പ് വഴിയുള്ള സ്‌റ്റേക്കിംഗ് കാലാവധി 9 മാസം വരെ ഉയര്‍ത്തിയെന്നറിയിച്ച് ക്രിപ്‌റ്റോബിസ് എക്‌സ്‌ചേഞ്ച്. ഉപഭോക്താക്കള്‍ക്കിടയിലെ ഡിമാന്‍ഡ് വര്‍ധിച്ചതിനൊപ്പം നിക്ഷേപകര്‍ക്ക് മികച്ച പലിശ ലഭ്യമാക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനും വേണ്ടിയാണ് കാലാവധി നീട്ടിയതെന്ന് കമ്പനി അറിയിച്ചു. മികച്ച പ്രതിഫലം (പലിശ ഉള്‍പ്പടെയുള്ളവ) ലഭിക്കുന്നതിനായി ക്രിപ്‌റ്റോ കറന്‍സികള്‍ ലോക്ക് ചെയ്യുന്ന പ്രക്രിയയെയാണ് സ്റ്റേക്കിംഗ് എന്ന് പറയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ക്രിപ്‌റ്റോബിസ് എക്‌സ്‌ചേഞ്ച് സ്‌റ്റേക്കിംഗ് സംവിധാനം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ നാല് ആഴ്ച്ച മാത്രമായിരുന്നു പരമാവധി സ്റ്റേക്കിംഗ് കാലാവധി. കീ ലോക്കറുകള്‍, അതീവ സുരക്ഷയുള്ള ലോഗിന്‍ എന്നിവയാണ് ക്രിപ്‌റ്റോബിസ് ആപ്പിന്റെ പ്രത്യേകതകളില്‍ ചിലത്. എന്‍എഫ്ടി വില്‍പനയ്ക്കായി പ്ലാറ്റ്‌ഫോമില്‍ പ്രത്യേക സംവിധാനമൊരുക്കാനും ക്രിപ്‌റ്റോബിസ് ആലോചിക്കുന്നുണ്ട്. ഔദ്യോഗിക കറന്‍സികള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ആസ്തികള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്ന ട്രേഡിഗ് പ്ലാറ്റ്‌ഫോമാണ് ക്രിപ്‌റ്റോബിസ്.
പുതിയ സാമ്പത്തിക വര്‍ഷം രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് തിരിച്ചടികള്‍ നല്‍കുന്നതാകുമോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ഉയരുകയാണ്. ക്രിപ്റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേലുള്ള നികുതി മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 600 മില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ ഹാക്കിംഗ് വരെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ഇതോടെ രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപത്തിന്റെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം കുറയാനാണ് സാധ്യതയെന്ന് മേഖലയിലെ വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ മാത്രം രാജ്യത്തെ മുന്‍നിര ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനികള്‍ കൈകാര്യം ചെയ്തത് 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോ ഇടപാടുകളാണ്. അതില്‍ വാസിര്‍ എക്സ് എന്ന കമ്പനി 43 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് കൈകാര്യം ചെയ്തത്.