7 March 2022 7:00 AM IST
Summary
കൊച്ചി : കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പില്‍. നിലവിലത്തെ അവസ്ഥ തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പവന് 40,000 രൂപ കടന്നേക്കും. പവന് ഇന്ന് 800 രൂപ വര്‍ധിച്ച് 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,940 രൂപയായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. കേരളത്തിലും കഴിഞ്ഞ ഏതാനും ആഴ്ച്ചയായി സ്വര്‍ണവില ഉയരുകയാണ്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തി നില്‍ക്കുന്നത്. യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് […]
കൊച്ചി : കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പില്‍. നിലവിലത്തെ അവസ്ഥ തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പവന് 40,000 രൂപ കടന്നേക്കും. പവന് ഇന്ന് 800 രൂപ വര്‍ധിച്ച് 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,940 രൂപയായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. കേരളത്തിലും കഴിഞ്ഞ ഏതാനും ആഴ്ച്ചയായി സ്വര്‍ണവില ഉയരുകയാണ്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തി നില്‍ക്കുന്നത്.
യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.37 ശതമാനം വര്‍ധിച്ച് 1980.20 ഡോളറിലെത്തി. യുദ്ധം മുറുകുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയി. സംഘര്‍ഷം മൂലം എണ്ണവില ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയാണെന്നും ആഭ്യന്തര പണപ്പെരുപ്പത്തെക്കുറിച്ചും വ്യാപാര കമ്മിയെക്കുറിച്ചുമുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചതായും ഫോറെക്സ് വ്യാപാരികള്‍ പറഞ്ഞു.
കൂടാതെ സുസ്ഥിരമായ വിദേശ ഫണ്ട് ഒഴുക്കും ആഭ്യന്തര ഓഹരികളിലെ മങ്ങിയ പ്രവണതയും നിക്ഷേപക വികാരത്തെ ബാധിച്ചു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ യുഎസ് ഡോളറിനെതിരെ 76.85 ല്‍ ആരംഭിച്ച രൂപ പിന്നീട് 76.98 ലേക്ക് താഴ്ന്നു. അവസാന ദിനം ക്ലോസ് ചെയ്തതിനെ അപേക്ഷിച്ച് 81 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 76.17 ല്‍ ക്ലോസ് ചെയ്തു. 2021 ഡിസംബര്‍ 15 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലയാണിത്.