image

12 Jan 2022 1:59 AM GMT

Banking

സാമ്പത്തിക ഇടപാട് വീട്ടുകാരറിയട്ടെ, പണം നഷ്ടപ്പെടില്ല

MyFin Desk

സാമ്പത്തിക ഇടപാട് വീട്ടുകാരറിയട്ടെ, പണം നഷ്ടപ്പെടില്ല
X

Summary

പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കാത്ത 8.13 കോടി അക്കൗണ്ടുകളിലാണ് ഇത്രയും തുക കെട്ടിക്കിടക്കുന്നത്


രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ വിവിധ അക്കൗണ്ടുകളില്‍ കിടക്കുന്ന തുക 1.24 ലക്ഷം കോടി രൂപയാണ്. പത്ത് വര്‍ഷമായി ഒരു സാമ്പത്തിക...

രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ വിവിധ അക്കൗണ്ടുകളില്‍ കിടക്കുന്ന തുക 1.24 ലക്ഷം കോടി രൂപയാണ്. പത്ത് വര്‍ഷമായി ഒരു സാമ്പത്തിക ഇടപാടും നടത്താത്ത അക്കൗണ്ടുകളിലെ പണമാണ് ഇങ്ങനെ അനാഥം എന്ന വിഭാഗത്തിലേക്ക് മാറുന്നത്. പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കാത്ത 8.13 കോടി അക്കൗണ്ടുകളിലാണ് ഇത്രയും തുക കെട്ടിക്കിടക്കുന്നത്. ഇത്തരം അക്കൗണ്ടുകളില്‍ അവകാശികള്‍ എത്താതെ കിടക്കുന്ന തുകയുടെയും കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപത്തിന്റെയും പലിശനിരക്കില്‍ ആര്‍ ബി ഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ ഉത്തരവ് അനുസരിച്ച് അവകാശികളില്ലാത്ത, കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ കുറഞ്ഞ പലിശ നിരക്കേ ലഭ്യമാകൂ.

പലിശ കുറച്ചു

സ്ഥിര നിക്ഷേപത്തിന് ലഭിച്ചിരുന്നതോ, അതേ ബാങ്കില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ബാധകമായതോ ഇതില്‍ ഏതാണോ കുറവ് ആ പലിശയായിരുക്കും കാലാവധി പൂര്‍ത്തിയായ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭ്യമാകുക. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് എങ്ങിനെയാണോ പലിശ ലഭിച്ചിരുന്നത് അതേ നിരക്കിലായിരുന്നു നിലവില്‍ ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ വക വച്ചിരുന്നത്. ഇതിലാണ് ആര്‍ ബി ഐ മാറ്റം വരുത്തിയത്. ഈ തീരുമാനം സഹകരണ സംഘങ്ങള്‍ക്കും ബാധകമാണ്. അതായത് 10 വര്‍ഷത്തെ സ്ഥിരനിക്ഷപമായി അര ലക്ഷം രൂപ ഇട്ടിരുന്നു എങ്കില്‍ അതിന് ശേഷം അത് പുതുക്കുകയോ പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ ഈ പലിശയാകും ബാധകം.

വീട്ടുകാര്‍ അറിയുന്നില്ല

ചിലപ്പോഴെങ്കിലും ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം പിന്‍വലിക്കാന്‍ ആളില്ലാതാകുന്ന അവസ്ഥയുണ്ട്. ഇതാണ് അവകാശികളില്ലാത്ത പണം എന്ന വിഭാഗത്തിലേക്ക് പിന്നീട് മാറുക. സാമ്പത്തിക നിക്ഷേപ വിവരങ്ങള്‍ മറ്റൊരാളുമായി പങ്ക് വയ്ക്കാന്‍ കൂട്ടാക്കാതിരിക്കുന്നതാണ് ഇത്തരം അക്കൗണ്ടുകളില്‍ പണം കുമിഞ്ഞ് കൂടാന്‍ കാരണം. നല്ല പ്രായത്തില്‍ കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ പണമാണ് ഇങ്ങനെ ആര്‍ക്കും
ഉപകാരമില്ലാതെ പോകുന്നത്. അതുകൊണ്ട് നിക്ഷേപം ഏതു തരത്തിലുള്ളതാണെങ്കിലും വീട്ടുകാരുമായി പങ്ക് വയ്ക്കുന്നത് ഇത്തരം നഷ്ടങ്ങള്‍ ഒഴിവാക്കും.

ഓര്‍ക്കുക, മറന്നേക്കാം

രോഗങ്ങളും, അപകടങ്ങളും മൂലം ഒര്‍മ നഷ്ടപെടുന്ന സാഹചര്യം പല കേസുകളിലും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉറ്റവര്‍ക്കോ ഉടയവര്‍ക്കോ ഇത്തരം നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കണമെങ്കില്‍ നിക്ഷേപ വിവരങ്ങള്‍ പങ്ക് വയ്ക്കപ്പെടേണ്ടതുണ്ട്.

കാലാവധി തീരുന്ന മുറയ്ക്ക് ഡിപ്പോസിറ്റ് സ്വയം പുതുക്കിയിടാന്‍ ബാങ്കിന് നിര്‍ദേശം കൊടുക്കുന്നത് ഇതിനൊരു പരിഹാരമാണ്. അപ്പോള്‍ അതേ പലിശ നിരക്കില്‍ നക്ഷേപം സ്വയം പുതിക്കപ്പെടും. അക്കൗണ്ടില്‍ സാമ്പത്തിക വിനിമയം നടക്കുന്നതുകൊണ്ട് അനാഥം എന്ന വിഭാഗത്തിലേക്ക് മാറുകയുമില്ല. പക്ഷെ ഇവിടെയും പരിധിയുണ്ട്.

ബാങ്കുമായി ബന്ധപ്പെടണം

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്ലാതെ നേരിട്ട് സ്ഥിര നിക്ഷേപ അക്കൗണ്ടില്‍
പണം നിക്ഷേപിക്കുന്നതാണ് പലിശ കുറവിന് കാരണം. സ്ഥിരനിക്ഷേപം നടത്തുന്ന അതേ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കില്‍ വട്ടമെത്തിയ തുക സ്വാഭാവികമായും സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറുകയും അതിന് ബാധകമായ പലിശ ലഭിക്കുകയും ചെയ്യും. അപ്പോഴും തുകയോ അക്കൗണ്ടോ അനാഥമാകുന്നില്ല. ഇത്തരം നിക്ഷേപകര്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് കാലാവധി എത്തിയ തുക പിന്‍വലിക്കേണ്ടതാണ്. അല്ലെങ്കില്‍ സ്വയം പുതുക്കാനുള്ള നിര്‍ദേശം നല്‍കുകയോ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങി കാലാവധി എത്തിയാല്‍ തുക മാറ്റാനുള്ള നിര്‍ദേശം നല്‍കുകയോ വേണം.