image

17 July 2023 5:06 AM GMT

Insurance

പങ്കാളിയുടെയും മക്കളുടെയും സുരക്ഷ നിങ്ങളാഗ്രഹിക്കുന്നില്ലേ? എങ്കില്‍ ടേം ഇന്‍ഷുറന്‍സ് സ്ത്രീ സ്വത്തവകാശ നിയമത്തിന് കീഴിലാക്കാം

ശ്രുതി ലാല്‍

പങ്കാളിയുടെയും മക്കളുടെയും സുരക്ഷ നിങ്ങളാഗ്രഹിക്കുന്നില്ലേ? എങ്കില്‍ ടേം ഇന്‍ഷുറന്‍സ്  സ്ത്രീ സ്വത്തവകാശ നിയമത്തിന് കീഴിലാക്കാം
X

Summary

  • ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോൾ മുൻകരുതലുകൾ വേണം
  • സ്ത്രീ സ്വത്തവകാശ നിയമ(1874)ത്തിന് കീഴില്‍ ഇന്‍ഷുറന്‍സ് എടുക്കണം
  • ഇതിലൂടെ ഭാവിയിൽ ഭാര്യയും കുട്ടികളും പൂർണമായും സുരക്ഷിതരാവുന്നു


നല്ല ജോലിയും വരുമാനവുമുള്ള വ്യക്തിയായിരുന്നു രമേശ്. വിവാഹം കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഭാര്യയും കുട്ടിയും കഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ഒരു ടേം ഇന്‍ഷുറന്‍സ് പോളിസിയും എടുത്തു. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബിസിനസിലൂടെ അധിക വരുമാനം ഉണ്ടാക്കാനുള്ള ശ്രമം നടത്തി. പേഴ്‌സണല്‍ ലോണും പ്രോപ്പര്‍ട്ടി ലോണും അങ്ങനെ ആദ്യമായി രമേശിന്റെ ജീവിതത്തില്‍ എത്തി.

ബിസിനസ് പച്ച പിടിച്ച് വരാന്‍ സമയം എടുത്തപ്പോള്‍ ശമ്പളത്തിൽ നിന്ന് വായ്പ അടവുകള്‍ പോയികൊണ്ടിരുന്നു. പെട്ടെന്നാണ് രമേശ് അപകടത്തില്‍ മരണപ്പെട്ടത്. കുടുംബത്തിന്റെ ഭാവിക്കായി ടേം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന ആശ്വാസത്തിലായിരുന്നു വീട്ടമ്മയായ രമേശന്റെ ഭാര്യ. എന്നാല്‍ ഇന്‍ഷുറന്‍സ് തുകയിലൂടെ ബാധ്യത തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് രമേശ് കടമെടുത്ത ബാങ്കുകള്‍ കോടതിയിലെത്തി. കോടതി സ്വാഭാവികമായും ബാങ്കിന്റെ കൂടെ നിന്നു. അതോടെ ജോലിയില്ലാത്ത രമേശന്റെ ഭാര്യയും വിദ്യാര്‍ത്ഥിയായ കുഞ്ഞും പ്രതിസന്ധിയിലായി.

ടേം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാലും കുടുംബത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാവാന്‍ കടബാധ്യത മാത്രം മതിയെന്ന് മനസിലായില്ലേ? അപ്പോള്‍ എങ്ങനെ ഭാര്യയുടെയും കുഞ്ഞിന്റെയുമെല്ലാം ഭാവി സുരക്ഷിതമാക്കും. പ്രത്യേകിച്ച് ബിസിനസുകാരായ വ്യക്തികള്‍. വായ്പയില്ലാത്ത ജീവിതം ബിസിനസുകാര്‍ക്ക് ഉണ്ടാവാനുള്ള സാധ്യത വിരളമാണല്ലോ.

ഇനി മറ്റൊരു സാഹചര്യം നോക്കാം. കൂട്ടുകുടംബത്തിലാണ് ഭാര്യയും കുട്ടിയുമായി രമേശ് കഴിയുന്നതെന്ന് സങ്കല്‍പിക്കാം. കുടുംബപ്രശ്‌നങ്ങളും തര്‍ക്കവും അവിടെയുണ്ട്. രമേശ് ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആശ്രിതരായ അച്ഛനും അമ്മയും കുറഞ്ഞത് ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശികളായിരിക്കും. രമേശിന്റെ കാലശേഷം മറ്റ് മക്കളുടെ സംരക്ഷണതയിലേക്ക് പോവുന്ന മാതാപിതാക്കള്‍ ഇന്‍ഷുറന്‍സ് തുകയുടെ ഒന്നോ രണ്ടോ ഭാഗം കൂടി സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. അവയാവട്ടേ മാതാപിതാക്കളുടെ മറ്റ് മക്കളാവും എടുക്കുക.

അതല്ലെങ്കില്‍ പെന്‍ഷനും ജീവിക്കാനുള്ള വരുമാനവും ഉള്ളവരാണെങ്കിലും മകന്റെ പണം മരുമകള്‍ക്ക് കൊടുക്കില്ലെന്ന ശഠിക്കുന്ന മാതാപിതാക്കളാണെങ്കിലും വിധവയും കുഞ്ഞും വലിയ പ്രതിസന്ധിയില്‍ അകപ്പെടും. ഇതാവട്ടെ അനാഥരാവുന്ന വിധവയ്ക്കും കുഞ്ഞിനും വലിയ മാനസിക പ്രശ്‌നങ്ങള്‍ കൂടി നല്‍കും. പെട്ടന്നുണ്ടായ ദുരന്തത്തില്‍ രമേശനൊപ്പം ഭാര്യയും മരിച്ചെന്ന് കരുതു. വരുമാനമുള്ള രക്ഷിതാക്കളുടെ ദേഹവിയോഗം കുട്ടികളുടെ ഭാവി അപകടത്തിലാക്കും എന്നതില്‍ സംശയമില്ല.


സാമ്പത്തിക സ്രോതസ്സ് നിലയ്ക്കുമ്പോള്‍ ദൈനംദിന ചെലവുകള്‍, വിദ്യാഭ്യാസ ചെലവുകള്‍, ചികില്‍സാ ചെലവ്, വായ്പാ തിരിച്ചടവ് തുടങ്ങിയവ ആര് നിര്‍വഹിക്കും എന്നത് ഉത്തരമില്ലാത്ത ചോദ്യമായി കുട്ടികളുടെ മുന്നില്‍ ഉയരും. ഈ സാഹചര്യം കുട്ടിക്ക് ഒഴിവാക്കണമെങ്കില്‍ ടേം ലൈഫ് കവര്‍ അവര്‍ക്ക് മാത്രമായി കിട്ടുന്ന വിധത്തില്‍ എടുത്തിരിക്കണം.

മുകളില്‍ പറഞ്ഞ മൂന്ന് സാഹചര്യങ്ങളില്‍ നിന്നും മനസിലാക്കേണ്ടത് ടേം ഇന്‍ഷുറന്‍സ് പ്രശ്‌നക്കാരനാണെന്നത് അല്ല. പകരം അത് എടുക്കുമ്പോള്‍ ചില മുന്‍കരുതലുകളും അല്ലെങ്കില്‍ മുന്‍ഗണനകളും വേണമെന്നതാണ്. അതിനാണ് സ്ത്രീ സ്വത്തവകാശ നിയമ(1874)ത്തിന് കീഴില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിക്കുന്നതും.

സ്ത്രീ സ്വത്തവകാശ നിയമ(1874)ത്തിന് കീഴില്‍ ഇന്‍ഷുറന്‍സ്

ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യം വിഭിന്നമാണല്ലോ. മുകളില്‍ പറഞ്ഞ സാങ്കല്‍പിക സാഹചര്യമോ സമാനമായതോ ആയ ജീവിതമാണ് നമ്മുക്കുള്ളതെങ്കില്‍ മരണശേഷം ഭാര്യയുടെയും കുഞ്ഞിന്റെയും ജീവിതത്തിന് പരിരക്ഷ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് കുഞ്ഞിന്റെ ഭാവിയ്ക്ക്. വന്‍ബാധ്യതകള്‍ അല്ലെങ്കില്‍ ഭവന വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് ലോണ്‍, ഉപഭോക്തൃ വായ്പ മുതലായവ നിങ്ങള്‍ക്കുണ്ടെങ്കിലും ആ ബാധ്യതയ്ക്കനുസരിച്ചുള്ള ടേം ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വിധവയുടെയും കുട്ടികളുടെയും ജീവിതം സുരക്ഷിതമായിരിക്കണം. അതിനാണ് സ്ത്രീ സ്വത്തവകാശ നിയമത്തിന് കീഴില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് പറയുന്നത്.

ഈ നിയമത്തിന് കീഴില്‍ ഭര്‍ത്താവ് എടുക്കുന്ന ഇന്‍ഷുറന്‍സ് പൂര്‍ണമായും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാത്രം അവകാശമുള്ളതായിരിക്കും. കടബാധ്യത തീര്‍ക്കാന്‍ ബാങ്ക് കോടതിയെ സമീപിച്ചാലും മരിച്ച വ്യക്തിയുടെ ഭാര്യയ്്ക്കും കുട്ടികള്‍ക്കും മാത്രമായിരിക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കുക എന്നതാണ് അതിന്റെ സവിശേഷത. ഇനി നിങ്ങളുടെ ഭാര്യയും മരണപ്പെട്ടാല്‍ ഗുണഭോക്താവ് നിങ്ങളുടെ കുട്ടികള്‍ മാത്രമാവും. ഇന്‍ഷുറന്‍സിന് ഈ പരിരക്ഷ ഉറപ്പ് വരുത്തുന്നത് സ്ത്രീ സ്വത്തവകാശ നിയമത്തിലെ വകുപ്പ് ആറാണ്.

വകുപ്പ് ആറ് ഇപ്രകാരം നിര്‍വചിച്ചിരിക്കുന്നു

A policy of insurance effected by any married man on his own life, and expressed on the face of it to be for the benefit of his wife, or of his wife and children, or any of them, shall endure and be deemed to be a trust for the benefit of his wife, or of his wife and children, or any of them, according to the interest so expressed, and shall not, so long as any object of the trust remains, be subject to the control of the husband., or to his creditors, or form part of his estate. When the sum secured by the policy becomes payable, it shall, unless special trustees are duly appointed to receive and hold the same, be paid to the Official Trustee of the 6 [State] in which the office at which the insurance was effected is situate, and shall be received and held by him upon the trusts expressed in the policy, or such of them as are then existing. And in reference to such sum he shall stand in the same position in all respects as if he had been duly appointed trustee thereof by a High Court, under Act No. XVII of 1864 7 [to constitute an office of Official Trustee], section 10. Nothing herein contained shall operate to destroy or impede the right of any creditor to be paid out of the proceeds of any policy of assurance which may have been effected with intent to defraud creditors.

ആര്‍ക്കാണ് പ്രയോജനം?

1 .കടമോ ബാധ്യതകളോ ഉള്ള ബിസിനസുകാര്‍, സാധരണക്കാര്‍, ഉദ്യോഗസ്ഥര്‍

2 .വഞ്ചകരായ കടക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഭാര്യയെ/കുട്ടിയെ(കുട്ടികളെ) സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍

3 .തന്റെയോ ഭാര്യയുടെയോ മരണശേഷം കുട്ടികളുടെ ഭാവി സുരക്ഷിതമാവണമെന്ന് ആഗ്രഹിക്കുന്നവര്‍

അറിയേണ്ട ചിലകാര്യങ്ങള്‍

1 നിലവിലുള്ള ഇന്‍ഷുറന്‍സ് സ്ത്രീ സ്വത്തവകാശ നിയമ(1874)ത്തിന് കീഴിലേക്ക് മാറ്റാന്‍ സാധിക്കില്ല.

2 ഭാര്യ, കുട്ടികള്‍ അല്ലാത്ത അവകാശികളെ ഇതില്‍ ചേര്‍ക്കാന്‍ സാധിക്കില്ല

3 ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ അവകാശി മാത്രമേ ഭാര്യയാവു. അല്ലാതെ ഈ നിയമപ്രകാരം മറ്റ് സ്വത്തുക്കളും ഭര്‍ത്താവിന്റെ മരണശേഷം ഭാര്യയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ല.

4 ഇത് പ്രകാരം രണ്ട് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഒരാള്‍ക്ക് എടുക്കാം. ഒന്നില്‍ കുട്ടികളെയും രണ്ടാമത്തേതില്‍ ഭാര്യയെയും അവകാശിയാക്കാം