27 Jan 2023 9:00 AM GMT
യുപിഐ വഴിയും എല്‍ഐസി പ്രീമിയം അടയ്ക്കാം. ഒരു പോളിസി ഉടമയെ സംബന്ധിച്ച് സമയാനുസൃതമായി പ്രീമിയം അടക്കുക പലപ്പോഴും നടക്കാത്ത കാര്യമാണ്. പണ ദൗര്‍ല്യഭ്യത്തെക്കാളുപരിയായി മറവിയോ ഓഫീസിലെത്തി അടയ്ക്കാനുള്ള ബുദ്ധിമുട്ടോ ഒക്കെയാകാം കാരണങ്ങള്‍. ഏജന്റ് മുഖേനയോ, നേരിട്ട് ഓഫീസില്‍ പോയോ പ്രീമിയം അടക്കേണ്ടി വരുമ്പോള്‍ കാല താമസം നേരിട്ടേക്കാം. ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാണെങ്കിലും പല പോളിസി ഉടമകള്‍ക്കും കൃത്യമായ ധാരണ ഇല്ല എന്നതും ഒരു പ്രശ്‌നമാണ്. ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് എല്‍ഐസി, യുപിഐ സേവനങ്ങള്‍ നല്കന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ എല്‍ഐസി തിരഞ്ഞെടുത്ത് യുപിഐ പേമെന്റ് നടത്താന്‍ കഴിയുമെന്ന് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. അതിനാല്‍ എല്‍ഐസി ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ പ്രീമിയം അടക്കാവുന്നതാണ്.
ഇതിനായി, ഗൂഗിള്‍ പേ ആപ്പില്‍ 'ബില്‍ പേമെന്റ്റ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതില്‍ 'ഫിനാന്‍സ് ആന്‍ഡ് ടാക്‌സ്' എന്ന വിഭാഗത്തില്‍ 'ഇന്‍ഷുറന്‍സ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് കാണിക്കുന്ന കമ്പനികളുടെ ലിസ്റ്റില്‍ എല്‍ഐസി തിരഞ്ഞെടുക്കുക. എല്‍ഐസി പോളിസി ലിങ്ക് ചെയ്യുന്നതിനായി പോളിസി നമ്പര്‍, ഇമെയില്‍ അഡ്രസ്, മറ്റു വിവരങ്ങള്‍ എന്നിവ നല്‍കി 'സബ്മിറ്റ്' കൊടുക്കുക.
ലിങ്ക് ചെയ്താല്‍ പോളിസി പ്രീമിയം അടക്കാവുന്നതാണ്. പ്രീമിയം അടക്കുന്ന സമയത്ത് ഉപഭോക്താവിന്റെ ഇമെയില്‍ ഐ ഡിയിലേക്കാണ് പണമടച്ച രസീത് അയക്കുക. പേ ടിഎമ്മില്‍ -'മൈ ഓര്‍ഡര്‍', ഫോണ്‍ പേയില്‍ - 'ഹിസ്റ്ററി', ഗൂഗിള്‍ പേയില്‍ - 'ഓള്‍ പേമെന്റ് ആക്ടിവിറ്റി', ആമസോണ്‍ പേയില്‍ - 'യുവര്‍ ഓര്‍ഡേഴ്‌സ്' എന്നിവിടങ്ങളിലായിരിക്കും പണമടച്ചതിന്റെ രസീത് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍. മറ്റു രസീതുകള്‍ എല്‍ഐസി നല്‍കില്ല. പണമടച്ചു കഴിഞ്ഞാല്‍ ഉടന്‍ പോളിസിയില്‍ അപ്ഡേറ്റ് ചെയ്യും.