image

24 March 2023 4:11 AM GMT

Insurance

മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നൽകാം

MyFin Desk

general insurance company can provide two wheeler insurance
X

Summary

  • ഈ വര്‍ഷം തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിപ്പിക്കില്ല.


ഡെല്‍ഹി: ദീര്‍ഘകാല മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിക്കണമെന്ന നിര്‍ദ്ദേശവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).

വാഹന ഉടമകള്‍ക്ക് പോളിസി ഓപ്ഷനുകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും.ദീര്‍ഘകാല മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കൂടി നല്‍കാന്‍ കഴിയുന്നതോടെ വാഹന ഉടമകള്‍ക്ക് തിരഞ്ഞെടുപ്പ് സാധ്യതകള്‍ വര്‍ധിക്കും.

പലപ്പോഴും സമയാ സമയങ്ങളില്‍ ഇന്‍ഷുറന്‍സ് അടച്ച് പോളിസി ലൈവ് ആക്കി നിര്‍ത്തുക വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സംഗതിയാണ്. പുതുക്കേണ്ട തീയതി മറക്കുക, സ്ഥലത്തില്ലാതിരിക്കുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ കൊണ്ടും പോളിസി മുടങ്ങാം. ഇത്തരം വാഹനങ്ങളുമായി നിരത്തിലിറങ്ങി അപകടത്തില്‍ പെട്ടാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും ഉണ്ടാവുക. ദീര്‍ഘ കാല അടിസ്ഥാനത്തില്‍ (3-5 വര്‍ഷം) തേര്‍ഡ് പാര്‍ട്ടി,ഓണ്‍ഡാമേജ് കവറേജുള്ള പോളിസികളുണ്ടെങ്കില്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

നിലവില്‍ കാറുകള്‍ക്ക് മൂന്ന് വര്‍ഷവും ടൂവീലറുകള്‍ക്ക് അഞ്ച് വര്‍ഷവും വാഹനം വാങ്ങുമ്പോള്‍ പരിരക്ഷ നേടാം. പക്ഷെ ഇവിടെ ഓണ്‍ ഡാമേജ് പരിരക്ഷ ഒരു വര്‍ഷത്തേത്തേയ്‌ക്കേ ലഭിക്കൂ. പുതിയ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ വാഹന ഉടമയ്ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പ് സാധ്യതകള്‍ ഉണ്ടാകും. ഒരു പക്ഷെ, പ്രീമിയത്തില്‍ കുറവും പ്രതീക്ഷിക്കാം. നോ ക്ലെയിം ബോണസിന്റെ കാര്യത്തിലും ആനുകൂല്യം പ്രതീക്ഷിക്കാം.

ഇരുചക്രവാഹനങ്ങള്‍ക്ക് 5 വര്‍ഷവും കാറുകള്‍ക്ക് 3 വര്‍ഷവും തേര്‍ഡ് പാര്‍ട്ടി കവറേജ് അനുവദിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് 2020 ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. അത് നടപ്പിലാക്കുന്നത് സംബന്ധിച്ച ആശങ്കകളായിരുന്നു പിന്‍വലിക്കാനുള്ള കാരണം.

ഒരു കമ്പനിയില്‍ നിന്ന് ദീര്‍ഘകാല പരിരക്ഷ പിന്‍വലിച്ച് മറ്റൊന്നിലേക്ക് മാറാനുള്ള അവസരം നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകും. ഈ ഏപ്രില്‍ മുതല്‍ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കില്ല. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ പുതുക്കുന്ന നിരക്കുകള്‍ തല്‍ക്കാലം പരിഷ്‌കരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2020ലും 2021ലും കോവിഡ് വ്യാപനം ശക്തമായി നിന്നിരുന്നതിനാല്‍ നിരക്കുകള്‍ പുതുക്കിയിരുന്നില്ല. എന്നിരുന്നാലും, 2022 ലെ റിവിഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് 15-25 ശതമാനം വര്‍ധിപ്പിച്ചിരുന്നു.