ആധുനിക ജീവിത ശൈലി നമ്മളെ പെട്ടന്ന് രോഗികളാക്കുന്നുണ്ട്. പുതിയ ഭക്ഷണക്രമങ്ങളും തൊഴിലിലും ജീവിതത്തിലും ഏറി വരുന്ന സമ്മര്‍ദവും...
ആധുനിക ജീവിത ശൈലി നമ്മളെ പെട്ടന്ന് രോഗികളാക്കുന്നുണ്ട്. പുതിയ ഭക്ഷണക്രമങ്ങളും തൊഴിലിലും ജീവിതത്തിലും ഏറി വരുന്ന സമ്മര്‍ദവും വ്യായാമത്തിന്റെ അഭാവവുമെല്ലാം ജീവിത ശൈലി രോഗങ്ങള്‍ക്ക് (ലൈഫ് സ്റ്റൈല്‍ ഡിസീസ്) കാരണമാണ്.
പരിരക്ഷയുണ്ടാകുമോ?
ജീവിത ശൈലി രോഗങ്ങള്‍ മരണത്തിലേക്ക് നയിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അവകാശമുണ്ടോ? പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന ഈ ചോദ്യത്തിന് കേന്ദ്ര ഉപഭോക്തൃ നഷ്ടപരിഹാര കോടതി തീര്‍പ്പു കല്‍പിച്ചു.
സാധാരണ ജീവിത ശൈലി രോഗങ്ങളായ പ്രമേഹമടക്കമുള്ള അസുഖങ്ങള്‍ ഒരാളുടെ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാന്‍ മതിയായ കാരണങ്ങളല്ല എന്നായിരുന്നു വിധി. പഞ്ചാബ് സ്വദേശിയായ പരാതിക്കാരിക്ക് ഇന്‍ഷുറന്‍സ് തുകയായ അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരവും പിഴയും നല്‍കാന്‍ എല്‍ ഐ സി യ്ക്ക് കോടതി ഉത്തരവ് നല്‍കി.
വിവരം മറച്ചുവച്ചു
പരാതിക്കാരിയായ നിലം ചോപ്രയുടെ ഭര്‍ത്താവ് 2003 ല്‍ എല്‍ ഐ സി യില്‍ നിന്ന് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. അന്ന് പ്രമേഹം ഉണ്ടായിരുന്ന അദേഹം ഇക്കാര്യം പോളിസി എടുത്തപ്പോള്‍ വെളിപ്പെടുത്തിയിരുന്നില്ല. 2004 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അയാള്‍ മരിച്ചു. ഇതാണ് കേസിനാധാരമായ സംഭവം.
നഷ്ടപരിഹാരവും ചെലവും നല്‍കണം
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അര്‍ഹമായ ഇന്‍ഷുറന്‍സ് ക്ലെയിമിനുള്ള നീലം ചോപ്രയുടെ അപേക്ഷ എല്‍ ഐ സി തള്ളി. പോളിസി എടുക്കുമ്പോള്‍ പ്രമേഹ രോഗിയാണെന്ന വിവരം മറച്ച് വച്ചു എന്നായിരുന്നു കമ്പനിയുടെ ന്യായം. 'പ്രമേഹം നിയന്ത്രണ വിധേയമായിരുന്നുവെന്നും മരണകാരണം'കാര്‍ഡിയോ റെസ്പിറേറ്ററി അറസ്റ്റ്' ആണെന്നുമായിരുന്നു കണ്ടെത്തല്‍.
രോഗിയ്ക്ക് പ്രമേഹം കുറച്ച് നാളായി ഉണ്ടായിരുന്നെങ്കിലും അത് നിയന്ത്രണ വിധേയമായിരുന്നു. കൂടാതെ ജീവിത ശൈലി രോഗമായ പ്രമേഹം മറച്ച് വച്ചത് ക്ലെയിം നിരസിക്കാനുള്ള പൂര്‍ണ കാരണമല്ല'- കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് വിവരങ്ങള്‍ മറച്ച് വയ്ക്കാനുള്ള കാരണമാകരുതെന്നും കോടതി നിരീക്ഷിച്ചു.
പരാതിക്കാരിക്ക് ഇന്‍ഷുറന്‍സ് തുകയായ അഞ്ച് ലക്ഷം രൂപയും 25,000 രൂപ നഷ്ടപരിഹാരവും, കേസ് നടത്തിപ്പിന് ചെലവിലേക്കായി 5,000 രൂപയും നല്‍കാന്‍ എല്‍ ഐ സി ചാണ്ഡിഗഢ് ശാഖയ്ക്ക് നിര്‍ദേശം നല്‍കി.