26 Jun 2023 8:47 AM GMT
Summary
- സൈബര്‍ ബുള്ളിങ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കുന്നത് എച്ച്ഡിഎഫ്സി ഇര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി
- യുഎസ്, യുകെ, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ എല്ലാ പരിരക്ഷയും നൽകുന്നു
- ഓണ്‍ലൈന്‍, സൈബര്‍ തട്ടിപ്പിനും പരിരക്ഷ
ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ ഒരു പരാമര്‍ശം അല്ലെങ്കില്‍ അസത്യമായ ഒരു പരാമര്‍ശം ഒരാള്‍ നടത്തിയിന്നിരിക്കട്ടേ, എന്ത് ചെയ്യും? കൂടി പോയാല്‍ സൈബര്‍ കേസ് ഫയല്‍ ചെയ്യും. അതിന്റെ നടപടി ക്രമങ്ങളെല്ലാം പാലിച്ച് വരുമ്പോഴേക്കും ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും ടെലഗ്രാമിലും ഒടുവില്‍ പേഴ്‌സണല്‍ വാട്സാപ്പ് മെസേജായി വരെ ആ അപകീര്‍ത്തി പോസ്റ്റ് പറന്ന് നടക്കുന്നുണ്ടാവും. കാക്കയെ കൊക്കാക്കിയ കഥ പോലെ ആ കഥയ്‌ക്കൊപ്പം പലതും കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ടാവും. അതായത് പൊതുസമൂഹത്തിലെ മാന്യത നിങ്ങള്‍ക്ക് നഷ്ടമായി. അതിന് കാരണമായത് ആവട്ടേ സൈബര്‍ ഇടത്തില്‍ വന്ന ഒരു പോസ്റ്റും. എന്നാല്‍ ഇതൊക്കെ ഇനി പഴങ്കഥ മാത്രമാണ്. കാരണം സൈബറിടത്തിലെ അന്തസ് അഥവാ ഇ-മാന്യത സംരക്ഷിക്കാന്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട്. ഇന്‍ഷുറന്‍സ് പരിക്ഷ രക്ഷ ലഭിക്കാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടണം. അത് തെളിയിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം കിട്ടും. പോരാത്തതിന് ഗോസിപ്പ് പ്രചരിപ്പിച്ചയാള്‍ സൈബര്‍ ക്രിമിനല്‍ ചട്ടപ്രകാരം അഴിക്കുള്ളിലുമാവും.
എന്താണ് സൈബര്‍ ബുള്ളിങ് ഇന്‍ഷുറന്‍സ്?
ആദ്യം സൈബിര്‍ ബുള്ളിങ് എന്താണെന്ന് അറിയാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെ സാധാരണയായി നടത്തുന്ന ആക്രമണമാണ് സൈബര്‍ ബുള്ളിങ് അഥവാ സൈബര്‍ പീഡനം എന്നു പറയുന്നത്. ഇന്റര്‍നെറ്റോ മറ്റു വിവരസാങ്കേതിക വിദ്യയുടെയോ സഹായത്തോടെ അറിഞ്ഞുകൊണ്ട് അധിക്ഷേപങ്ങളും പരിഹാസങ്ങളും ആക്ഷേപങ്ങളും അയക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിനെയാണ് സൈബര്‍ ബുള്ളിങ് എന്നുപറയുന്നത്. ചിലപ്പോള്‍ മെസേജുകള്‍, ഇമെയില്‍, സമൂഹമാധ്യമങ്ങള്‍, വെബ് പേജുകള്‍, ചാറ്റ് റൂമുകള്‍ തുടങ്ങിയവ വഴിയാകാം. പല തരത്തിലായിരിക്കും സൈബര്‍ ബുള്ളിങ് നമ്മെ ബാധിക്കുക. പലപ്പോഴും മാനസിക ആരോഗ്യത്തെയും ദോഷമായി ബാധിക്കും.
യുഎസ്, യുകെ, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സൈബര്‍ ബുള്ളിങില്‍ മേല്‍പറഞ്ഞ എല്ലാകാര്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ പരിരക്ഷ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.സൈബര്‍ ബുള്ളിങ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കുന്നത് എച്ച്ഡിഎഫ്സി ഇര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്. അത് എന്താണെന്ന് നോക്കാം.
600 രൂപയ്ക്ക് എച്ച്ഡിഎഫ്‌സി ഇര്‍ഗോയുടെ സൈബര്‍ സഗേത് ഇന്‍ഷുറന്‍സ്
എച്ച്ഡിഎഫ്സി ഇര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി 2022 ഫെബ്രുവരിയിലാണ് വ്യക്തിഗത ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന സൈബര്‍ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനായി സൈബര്‍ സഗേത് ഇന്‍ഷുറന്‍സ് പ്രഖാപിച്ചത്. ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 2രൂപയില്‍ താഴെ വരുന്ന പ്രീമിയത്തില്‍ പോക്കറ്റ്-സൈസ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇ-മാന്യത സുരക്ഷയാണ് സഗേതിന്റെ എടുത്തുപറയേണ്ട സവിശേഷത.
10000 രൂപ മുതല്‍ 5 കോടി രൂപവരെയാണ് ഇന്‍ഷുറന്‍സ് തുകയായി ഉപഭോക്താവിന് ലഭിക്കുക. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ പ്രത്യേക കുറ്റകൃത്യങ്ങള്‍ക്കു മാത്രമായും കവറേജ് എടുക്കാം. കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ ഉണ്ട്. ഐടി കണ്‍സല്‍ട്ടേഷന്‍, സൈക്യാട്രിക് കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങള്‍ വേണമെങ്കില്‍ ചെറിയ തുക അധികമായി നല്‍കിയാല്‍ മതി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020ല്‍ ഇന്ത്യയില്‍ 50,035 സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി, 2019നെ അപേക്ഷിച്ച് ഇത്തരം കുറ്റകൃത്യങ്ങളില്‍ 11.8% വര്‍ധനവുണ്ടായി. സാമ്പത്തിക നഷ്ടം ഏറ്റവും വലിയ ആശങ്കയാണെങ്കിലും, ഡാറ്റാ നഷ്ടം, ഭീഷണിപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിച്ചുവരികയാണ്. സൈബര്‍ ലോകത്തെ അനിശ്ചിതത്വത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇന്‍ഷുറന്‍സ് പരിരക്ഷയെ കുറിച്ച് കമ്പനി പറയുന്നത്.
ഓണ്‍ലൈന്‍, സൈബര്‍ തട്ടിപ്പിനും പരിരക്ഷ
ബുള്ളിങിനേക്കാള്‍ പതിന്മടങ് ശക്തിയോടെസൈബറിടത്ത് ഉപഭോക്താക്കളെ കെണിയിലാക്കുക ഓണ്‍ലൈന്‍ തട്ടിപ്പുകളാണ്. അത്തരം തട്ടിപ്പില്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കവറേജ് ലഭിക്കും.
ഇപ്പോള്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തികള്‍ക്കായി പേർസണൽ സൈബര്‍ ഇന്‍ഷുറന്‍സ് കവര്‍ പോളിസികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കമ്പനികള്‍
1 എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്
2 ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്
3 ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്
4 ഫ്യൂചര്‍ ജനറലി ഇന്‍ഷുറന്‍സ് ഇന്ത്യ
എന്താണ് സൈബര്‍ ഇന്‍ഷുറന്‍സ് കവറേജ്
1 ഫിഷിങ്, ഐഡന്റിറ്റി തെഫ്റ്റ്, സോഷ്യല്‍ മീഡിയ ഹാക്കിങ്, സ്റ്റാക്കിങ് (സൈബര്‍ ബുള്ളിയിങ്) എന്നിങ്ങനെ ഐആര്‍ഡിഐ ലിസ്റ്റ് ചെയ്തിട്ടുള്ള പതിനൊന്നോളം ഇനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ കവറേജ് നല്‍കും. 10,000 രൂപ മുതല്‍ 5 കോടി രൂപവരെയാണ് പേർസണൽ കവറേജ് ലഭിക്കുക.
2 ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വോലെറ്റ് എന്നിവയില്‍ ഏതെങ്കിലും ഹാക്ക് ചെയ്യുകയും തന്മൂലം പണം നഷ്ടമാകുകയും ചെയ്താല്‍ കവറേജ് ലഭിക്കും.
3 വൈറസ് അറ്റാക്ക് മൂലം ഡാറ്റ നഷ്ടപ്പെട്ടാല്‍ അത് തിരികെ കിട്ടാനുള്ള ചെലവ് കമ്പനി വഹിക്കും
4 സ്വകാര്യ വിവര ചോര്‍ച്ച-വ്യാജ തിരിച്ചറിയല്‍ ഉപയോഗിച്ചു നിങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയാല്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നു. കൂടാതെ നിയമ നടപടികള്‍ക്കുണ്ടാകുന്ന ചെലവ്, യാത്രാ ചെലവ് തുടങ്ങിയവയും കവറേജില്‍ ഉള്‍പ്പെടുന്നു.
5 മീഡിയ ലയബലിറ്റി ക്ലെയിം-ഏതെങ്കിലും ബ്രോഡ്കാസ്റ്റിങ് സ്ഥാപനം, മീഡിയ, ഡിജിറ്റല്‍ മീഡീയ വഴി നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അവ പ്രതിരോധിക്കുന്നതിന് ക്ലെയിം ലഭിക്കും
183 രൂപയുടെ ഫ്ലിപ്കാർട് -ബജാജ് സഖ്യത്തിന്റെ ഇന്‍ഷുറന്‍സ്
വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്നുള്ള സാമ്പത്തിക തട്ടിപ്പുകളില്‍നിന്ന് പോളിസി ഹോര്‍ഡര്‍മാരെ ഈ സൈബര്‍ ഇന്‍ഷുറന്‍സ് പദ്ധതി സംരക്ഷിക്കും. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന് ഡിജിറ്റല്‍ സുരക്ഷാ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് പരിരക്ഷ നല്‍കും. സൈബര്‍ ആക്രമണങ്ങള്‍, ഐഡന്റിറ്റി മോഷണം, ഫിഷിംഗ്, സ്പൂഫിംഗ്, സിം ജാക്കിംഗ് എന്നിവ വഴി നടക്കുന്ന അനധികൃത ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ കാരണം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ഇന്‍ഷ്വര്‍ ചെയ്ത തുക വരെ കമ്പനി നഷ്ടപരിഹാരം നല്‍കും. പ്രതിദിനം 50 പൈസയില്‍ താഴെ നിരക്കില്‍ ഡിജിറ്റല്‍ സുരക്ഷാ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തപന്‍ സിംഗേല്‍ പറയുന്നു. 183 രൂപ വരെ കുറഞ്ഞ പ്രീമിയം അടച്ച് ഉപഭോക്താക്കള്‍ക്ക് 50,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞടുക്കാം. ഒരു ലക്ഷം രൂപയുടെ പോളിസിക്ക് 312 രൂപയും 2 ലക്ഷം രൂപയുടെ പോളിസിക്ക് 561 രൂപയുമാണ് പ്രീമിയം. ഒരുവര്‍ഷമാണ് പോളിസികളുടെ കാലാവധി. 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പോളിസികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തട്ടിപ്പ് നടന്ന് 90 ദിവസത്തിനുള്ളില്‍ ഫണ്ടുകളുടെ നഷ്ടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ ക്ലെയിം അനുവദിക്കും. ഒന്നിലധികം ക്ലെയിമുകള്‍ / സംഭവങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
കേരളത്തിന്റെ സേഫ് ഹൗസ് ടെക് സുരക്ഷ
സൈബര്‍ സുരക്ഷാ കമ്പനിയായ സേഫ് ഹൗസ് ടെക് ആണ് കേരളത്തിലെ ജനങ്ങള്‍ക്കായി സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചിട്ടുള്ളത്. തങ്ങളുടെ ബോഡിഗാര്‍ഡ് ആപ്പ് വഴിയാണ് കമ്പനി സൈബര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നത്. ഇതിനായി കമ്പനി എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നുണ്ട്. അനധികൃത ഡിജിറ്റല്‍ ഇടപാടുകള്‍ക്കെതിരെ 25,000 രൂപയുടെ കോംപ്ലിമെന്ററി കവറേജും മുന്‍ഗണനാ പിന്തുണയും സമര്‍പ്പിത ക്ലെയിം ഡെസ്‌ക്കും നല്‍കി ഉപഭോക്താക്കളെ ഇന്റര്‍നെറ്റ് ഇന്‍ഷുറന്‍സ് ഉള്ളവരായി മാറ്റാനാണ് സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലക്ഷ്യമിടുന്നത്. ബോഡിഗാര്‍ഡ് വിഐപി പ്ലസ് ഉപയോഗിച്ച്, അനധികൃത ഡിജിറ്റല്‍ ഇടപാടുകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് 25,000 രൂപ മൂല്യമുള്ള സൈബര്‍ കവര്‍ ലഭിക്കും.
2020-21 കാലയളവില്‍ എംടിഎം, ഡബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ 63.4 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരന്തരം ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണെങ്കില്‍ പേർസണൽ സൈബര്‍ ഇന്‍ഷുറന്‍സ് കവര്‍ എടുക്കുന്നതു നല്ലതാണ്.