image

1 Dec 2022 4:54 AM GMT

Insurance

18 പുതിയ ഇന്‍ഷുറന്‍സ് കമ്പനികള്‍: നടപടികള്‍ അന്തിമഘട്ടത്തിലെന്ന് ഐആര്‍ഡിഎഐ

MyFin Desk

irdai
X

Summary

ഒടുവിലായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ലൈസന്‍സ് അനുവദിച്ച് നല്‍കിയത് 2017ലാണ്. ക്ഷേമ ജനറല്‍ ഇന്‍ഷുറന്‍സിനൊപ്പം മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിക്ക് കൂടി ഐആര്‍ഡിഎഐ അനുമതി നല്‍കിയിട്ടുണ്ട്. അവ വിപണിയിലേക്ക് എത്താന്‍ 15 ദിവസത്തോളം സമയമെടുക്കും.


ഹൈദരാബാദ്: ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കാനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഒടുവിലായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ലൈസന്‍സ് അനുവദിച്ച് നല്‍കിയത് 2017ലാണ്.

ക്ഷേമ ജനറല്‍ ഇന്‍ഷുറന്‍സിനൊപ്പം മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിക്ക് കൂടി ഐആര്‍ഡിഎഐ അനുമതി നല്‍കിയിട്ടുണ്ട്. അവ വിപണിയിലേക്ക് എത്താന്‍ 15 ദിവസത്തോളം സമയമെടുക്കും. അടുത്ത ബോര്‍ഡ് മീറ്റിംഗിനു ശേഷം ഈ കമ്പനികള്‍ വിപണിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും, കൂടാതെ 18 പുതിയ കമ്പനികള്‍ക്കുള്ള അനുമതികള്‍ കൂടി നടപ്പിലാക്കി വരികയാണെന്നും ഐആര്‍ഡിഎഐ ചെയര്‍മാന്‍ ദേബശിഷ് പാണ്ഡ അഭിപ്രായപ്പെടുന്നു.

ഗ്യാരണ്ടിയില്ലാത്ത യൂണിറ്റ് ലിങ്ക് ബിസിനസിനുകളുടെ സോള്‍വന്‍സി 0.8 ശതമാനത്തില്‍ നിന്ന് 0.6 ശതമാനമായി കുറച്ചതോടെ ഈ മേഖലയില്‍ ഏകദേശം 1500 കോടി രൂപയുടെ നേട്ടമുണ്ടാക്കാനായെന്നും പാണ്ഡ അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനികളുടെ കുറഞ്ഞ മൂലധന പരിധി 100 കോടി രൂപയില്‍ നിന്നും കുറയ്ക്കണമെന്നും, കമ്പനിയുടെ ഭാവി ബിസിനസ് പ്ലാനുകള്‍ക്കനുസരിച്ച് മൂലധന തുക നിശ്ചയിക്കാന്‍ ഐആര്‍ഡിഎഐ അനുവദിക്കണമെന്നും ഐആര്‍ഡിഎഐ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

നൂറ് കോടി രൂപ എന്ന മിനിമം മൂലധനം കുറച്ചാല്‍ ചെറുകിട ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രത്യേക വിഭാഗത്തിലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍, ഏറ്റവും യോഗ്യമായ ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ വിപണിയിലേക്ക് എത്താന്‍ ഇത് സഹായിക്കും. ഇത് രാജ്യത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഐആര്‍ഡിഎഐ അഭിപ്രായപ്പെടുന്നു.