image

27 Jun 2022 11:59 PM GMT

Insurance

'മെഡിസെപ്' ജൂലായ് 1 മുതല്‍: ജീവനക്കാർക്ക് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യാം

MyFin Desk

മെഡിസെപ്  ജൂലായ് 1 മുതല്‍: ജീവനക്കാർക്ക് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യാം
X

Summary

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പാവുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നുമുതലാണ് നടപ്പിലാകുന്നത്. 500 രൂപയാണ് പ്രതിമാസ പ്രീമിയം.4800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുകയാണ് ഒരു വര്‍ഷം ഇന്‍ഷുന്‍സായി അടയ്ക്കേണ്ടത്. ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നുമായി ഇന്‍ഷുറന്‍സ് തുക ഓരോ മാസവും സര്‍ക്കാര്‍ ഈടാക്കും. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപിലൂടെ ലഭിക്കുക. ഒരു വര്‍ഷകാലാവധിയിലെ മൂന്ന് […]


ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പാവുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നുമുതലാണ് നടപ്പിലാകുന്നത്. 500 രൂപയാണ് പ്രതിമാസ പ്രീമിയം.4800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുകയാണ് ഒരു വര്‍ഷം ഇന്‍ഷുന്‍സായി അടയ്ക്കേണ്ടത്. ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നുമായി ഇന്‍ഷുറന്‍സ് തുക ഓരോ മാസവും സര്‍ക്കാര്‍ ഈടാക്കും. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപിലൂടെ ലഭിക്കുക. ഒരു വര്‍ഷകാലാവധിയിലെ മൂന്ന് ലക്ഷം രൂപയില്‍ നിന്ന് പരമാവധി ഒന്നര ലക്ഷം രൂപ വരെ അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവയ്ക്കാം.

മെഡിസെപ് പരിരക്ഷ എങ്ങനെ?
സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ പങ്കാളികള്‍, മാതാപിതാക്കള്‍ 25 വയസ് പൂര്‍ത്തിയാകാത്ത അവിവാഹിതരോ, തൊഴില്‍ രഹിതരോ ആയ മക്കള്‍. പെന്‍ഷന്‍കാരുടെ പങ്കാളി, മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള മക്കള്‍ (പ്രായപരിധി പ്രശ്നമല്ല) എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. മാതാപിതാക്കള്‍ മെഡിസെപില്‍ അംഗങ്ങളാണെങ്കില്‍ ഏതെങ്കിലും ഒരാളുടെ ആശ്രിതരായി മാത്രമേ മക്കള്‍ക്ക് പദ്ധതിയുടെ ഭാഗമാകാനാകു. കൂടാതെ പദ്ധതിയുടെ ഭാഗമായ ദമ്പതികള്‍ പരസ്പരം പങ്കാളികളായി മെഡിസെപില്‍ പേരു ചേര്‍ക്കുകയും പ്രീമിയം അടയ്ക്കുകയും വേണം.

കവറേജില്‍ ഉള്‍പ്പെടുന്ന രോഗങ്ങള്‍

1920 രോഗങ്ങള്‍ക്കാണ് കവറേജ് ലഭിക്കുക. ഡയാലിസിസ്, തിമിര ശസ്ത്രക്രിയ, കീമോ തെറാപ്പി തുടങ്ങി ഒരു ദിവസം മുഴുവന്‍ കിടത്തി ചികിത്സ വേണ്ടാത്ത് ഡേ കെയര്‍ ചികിത്സകള്‍ക്കും കവറേജ് ലഭിക്കും. ഒപി ചികിത്സയ്ക്ക് കവറേഡ് ലഭ്യമല്ല. 24 മണിക്കൂറെങ്കിലും രോഗി അഡ്മിറ്റായിരിക്കണം. എം പാനല്‍ ചെയ്ത പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ചികിത്സാ കവറേജ് ലഭിക്കു. ജീവനു ഭീഷണിയുള്ളതോ, മറ്റ് അടിയന്തര സാഹചര്യമോ വന്നാല്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും. കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് കവറേജുള്ള അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിനും കാലാവധി അവസാനിക്കുന്നത് വരെ കവറേജ് ലഭിക്കും.

15 ദിവസം

കിടത്തി ചികിത്സ തുടങ്ങുന്നതിന് 15 ദിവസം മുന്‍പ് മുതല്‍ ചികിത്സ കഴിഞ്ഞുള്ള 15 ദിവസം വരേയുള്ള ചെലവുകള്‍ പരിരക്ഷയില്‍ ഉള്‍പ്പെടും. സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയിലെ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയ്ക്ക് അര്‍ഹരല്ല. മനുഷ്യാവകാശ കമ്മീഷന്‍, വിവരാവകാശ കമ്മീഷന്‍ തുടങ്ങിയ കമ്മീഷനുകളിലെ ജീവനക്കാരും പെന്‍ഷന്‍കാരും ഇതില്‍ ഉള്‍പ്പെടില്ല.

ജനറല്‍ വാര്‍ഡിന് ദിവസം 1,000 രൂപ, അര്‍ധ സ്വകാര്യ വാര്‍ഡിന് 1,500 രൂപ, സ്വകാര്യ വാര്‍ഡിന് 2,000 രൂപ എന്നിങ്ങനെയാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. ഇതില്‍ കൂടുതല്‍ വാടകയുള്ള മുറിയെടുത്താല്‍ അധിക തുക സ്വയം വഹിക്കണം. ഒരു ദിവസത്തേയ്ക്ക് ഐസിയുവിന് 5000 രൂപ, വെന്റിലേറ്ററിന് 2000 രൂപയും നല്‍കും.

ഗുരുതര രോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും 35 കോടി രൂപയുടെ കോര്‍പസ് ഫണ്ട് കമ്പനി ചികിത്സയ്ക്കായി നീക്കിവയ്ക്കും. കരള്‍മാറ്റത്തിന് 18 ലക്ഷം രൂപ, മജ്ജമാറ്റി വയിക്കലിന് 9.46 ലക്ഷം, കോക്ലിയര്‍ ചികിത്സയ്ക്ക് 6.39 ലക്ഷം രൂപയും ലഭിക്കും. മുട്ടു മാറ്റല്‍, വൃക്കമാറ്റല്‍ എന്നിവയ്ക്ക് മൂന്ന് ലക്ഷം, ഇടുപ്പ് മാറ്റാന്‍ 4 ലക്ഷം, ഹൃദയം മാറ്റി വയ്ക്കാന്‍ 20 ലക്ഷം രൂപ എന്നിങ്ങനെയാണ് പരിരക്ഷ.

കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ബംഗളൂരു, മംഗളൂരു, മുംബൈ, ചെന്നൈ, ഡെല്‍ഹി, എന്നിവിടങ്ങളിലെ ആശുപത്രികളും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. അതായത് പ്രത്യേക സാഹചര്യങ്ങളില്‍ ഇവിടെ സൗകര്യവും പ്രയോജനപ്പെടത്താവുന്നതാണ്.

www.medisep.kerala.gov.in എന്ന വെബ്സെറ്റില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ആശ്രിതര്‍ അടക്കം പരിരക്ഷയുള്ള ഓരോരുത്തര്‍ക്കും വ്യത്യസ്ഥ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഉടന്‍ നിലവില്‍ വരും.

ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ബില്ലുകള്‍ സമര്‍പ്പിച്ചു പണം കൈപ്പറ്റുന്ന റീഇംബേഴ്സ്മെന്റ് സൗകര്യം മെഡിസെപ്പ് പദ്ധതിയില്‍ ലഭിക്കില്ല. ആശുപത്രിയില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാഷ്ലെസ് സൗകര്യം മാത്രമാണ് മെഡിസെപ് നല്‍കുന്നത്.

12 മണിക്കൂറില്‍ പ്രതികരണം

ഇന്‍ഷുറന്‍സ് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ മൂന്ന് സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. കലക്ടര്‍, ഡിഎംഒ, ഇന്‍ഷുറന്‍സ് പ്രതിനിധി, കലക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ട ജില്ലാതല കമ്മിറ്റിക്കാണ് ആദ്യം പരാതി സമര്‍പ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. എന്നിട്ടും പരിഹാരമില്ലെങ്കില്‍ ധനസെക്രട്ടറി, ആരോഗ്യ സെക്രട്ടറി, എഡിഎച്ച്എസ്, ആരോഗ്യ ജോയിന്റ് ഡയറക്ടര്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി എന്നിവരടങ്ങിയ സംസ്ഥാനതല പരാതി പരിഹാര സെല്ലുണ്ട്. ഇതിന് മുകളിലായി സംസ്ഥാനതല ഉന്നതതല സമിതിയുമുണ്ട്. ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനിയും 24 മണിക്കൂറും ചികിത്സ ഉറപ്പാക്കണം. 12 മണിക്കൂറിനുള്ളില്‍ ആശുപത്രികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി ചികിത്സാനുമതി നല്‍കിയില്ലെങ്കില്‍ പരിരക്ഷ കിട്ടിയതായി കണക്കാക്കാം.