image

7 May 2022 8:40 AM GMT

Insurance

ഈ നിക്ഷേപത്തിന് രണ്ടുണ്ട് കാര്യം, നികുതിയും ലാഭിക്കാം പരിരക്ഷയും നേടാം

MyFin Desk

ഈ നിക്ഷേപത്തിന് രണ്ടുണ്ട് കാര്യം, നികുതിയും ലാഭിക്കാം പരിരക്ഷയും നേടാം
X

Summary

മികച്ച റിട്ടേണ്‍ ലഭിക്കുന്നതിന് പുറമേ നികുതി ലാഭിക്കാനാവുന്ന നിക്ഷേപം ഏതൊക്കെയെന്ന് തിരയാത്തവരില്ല. ആജീവനാന്ത ലൈഫ് കവറേജും, ആശുപത്രി വാസത്തിനുള്ള പരിരക്ഷയും ഒപ്പം നികുതി ഇളവുമാണ് ലക്ഷ്യമെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇവ നിക്ഷേപകന് പരിരക്ഷയ്ക്കൊപ്പം നികുതി ആനുകൂല്യവും ഉറപ്പാക്കുന്നു. ടേം ലൈഫ് ഇന്‍ഷുറന്‍സ്, എന്‍ഡോവ്മെന്റ് പ്ലാനുകള്‍, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ അഥവാ യൂലിപ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവയൊക്കെ ഇവയ്ക്ക് ഉദാഹരണമാണ്. ഇത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഇവയുടെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കുകയും വേണം. യൂണിറ്റ് ലിങ്ക്ഡ് […]


മികച്ച റിട്ടേണ്‍ ലഭിക്കുന്നതിന് പുറമേ നികുതി ലാഭിക്കാനാവുന്ന നിക്ഷേപം ഏതൊക്കെയെന്ന് തിരയാത്തവരില്ല. ആജീവനാന്ത ലൈഫ് കവറേജും, ആശുപത്രി വാസത്തിനുള്ള പരിരക്ഷയും ഒപ്പം നികുതി ഇളവുമാണ് ലക്ഷ്യമെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇവ നിക്ഷേപകന് പരിരക്ഷയ്ക്കൊപ്പം നികുതി ആനുകൂല്യവും ഉറപ്പാക്കുന്നു. ടേം ലൈഫ് ഇന്‍ഷുറന്‍സ്, എന്‍ഡോവ്മെന്റ് പ്ലാനുകള്‍, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ അഥവാ യൂലിപ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവയൊക്കെ ഇവയ്ക്ക് ഉദാഹരണമാണ്. ഇത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഇവയുടെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കുകയും വേണം.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതി (യൂലിപ്)

നിങ്ങള്‍ക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന മികച്ച നിക്ഷേപമാണ് പദ്ധതികളില്‍ ഒന്നാണ് യൂലിപ്. ഇന്‍ഷുറന്‍സ് പരിരക്ഷയും നിക്ഷേപവും ഒരു കുടക്കീഴില്‍ വരുന്ന പദ്ധതി. ഇവിടെ പ്രീമിയത്തിന്റെ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് മാറ്റി വയ്ക്കുന്നു. ബാക്കി ഭാഗം ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കും.

ഈ ഇരട്ട ആനുകൂല്യമാണ് യൂലിപ്പിനെ ആകര്‍ഷകമാക്കുന്നത്. റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയൊക്കെയായി ബന്ധപ്പെട്ട യൂലിപ്പുകളുണ്ട്. യൂലിപ് ഇന്‍ഷുറന്‍സുകളുമായി ബന്ധപ്പെട്ട പ്രീമിയത്തില്‍ 1.5 ലക്ഷം രൂപ വരെ സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവിന് അര്‍ഹമാണ്. മാത്രമല്ല, നിങ്ങളുടെ പോളിസിയുടെ വാര്‍ഷിക പ്രീമിയം 2.5 ലക്ഷം രൂപയില്‍ കൂടുതലല്ല എങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് മേല്‍ മൂലധന നേട്ട നികുതി ചുമത്തില്ല. പോളിസി ഉടമ മരിച്ചാല്‍, കുടുംബത്തിന് ലഭിക്കുന്ന തുകയും നികുതി രഹിതമാണ്.

എന്‍ഡോവ്മെന്റ് പ്ലാനുകള്‍

ടേം ഇന്‍ഷുറന്‍സുകളെ പോലെ എന്‍ഡോവ്മെന്റ് പ്ലാനുകളും ലൈഫ് കവര്‍ (സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ) നല്‍കുന്നുണ്ട്. ഒരു നിശ്ചിത കാലയളവില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാനുള്ള അവസരവും എന്‍ഡോവ്മെന്റ് പ്ലാനുകളിലുണ്ട്. പോളിസി ഉടമ മരിച്ചാല്‍ കുടുംബത്തിന് പോളിസി തുക ലഭിക്കും. എന്‍ഡോവ്മെന്റ് പ്ലാനുകള്‍ക്ക് കീഴിലുള്ള പോളിസികളില്‍ 1.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള വാര്‍ഷിക പ്രീമിയം തുകയ്ക്ക് മേല്‍ നികുതി ഈടാക്കില്ല (സെക്ഷന്‍ 80 സി പ്രകാരം).

ടേം ലൈഫ് ഇന്‍ഷുറന്‍സ്

ഭാവി സുരക്ഷിതമാക്കുവാനുള്ള നിക്ഷേപ പദ്ധതികളില്‍ മികച്ച ഒന്നാണ് ടേം ലൈഫ് ഇന്‍ഷുറന്‍സുകള്‍. പോളിസി ഉടമയുടെ വേര്‍പാടില്‍ കുടുംബത്തിന് ലഭിക്കുന്ന ക്ലെയിം തുകയ്ക്ക് മേല്‍ നികുതി ബാധകമല്ല. ടേം ഇന്‍ഷുറന്‍സിനും സെക്ഷന്‍ 80 സി ബാധകമാണ്്. ലെവല്‍ ടേം പ്ലാന്‍, ഇന്‍ക്രീസിംഗ് ടേം ഇന്‍ഷുറന്‍സ്, ഡിക്രീസിംഗ് ടേം ഇന്‍ഷുറന്‍സ്, റിട്ടേണ്‍ ഓഫ് പ്രീമിയം ടേം ഇന്‍ഷുറന്‍സ്, കണ്‍വേര്‍ട്ടിബിള്‍ ടേം പ്ലാനുകള്‍ തുടങ്ങിയവയാണ് പ്രധാന ടേം ലൈഫ് ഇന്‍ഷുറന്‍സുകള്‍.

ആരോഗ്യ ഇന്‍ഷുറന്‍സ്

സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് എപ്പോഴും മികച്ചൊരു നിക്ഷേപം കൂടിയാണ്. ആദായ നികുതി നിയമത്തിലെ 80 ഡി അനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്ക് നികുതി കിഴിവ് ലഭിക്കും. പോളിസി ഉടമയുടെ ജീവിതപങ്കാളി, മക്കള്‍ എന്നിവര്‍ക്ക് പുറമേ മാതാപിതാക്കള്‍ക്കും പരിരക്ഷ നല്‍കാന്‍ സാധിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ട്. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് 60 വയസ്സിന് മുകളിലാണെങ്കില്‍ നിങ്ങളുടെ പോളിസി തുകയില്‍ നിന്നും 50,000 രൂപ വരെ ഇവരുടെ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാന്‍ സാധിക്കും. വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ്, കുടുംബത്തിനായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മെഡിക്ലെയിം, രോഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങി വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകളുണ്ട്.

tags :