കാന്‍സര്‍ വരുമെന്ന് വിചാരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനെ കുറിച്ച് ഈയടുത്ത കാലം വരെ അധികമാരും ചിന്തിച്ചിരുന്നില്ല. എന്നാല്‍...
കാന്‍സര്‍ വരുമെന്ന് വിചാരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനെ കുറിച്ച് ഈയടുത്ത കാലം വരെ അധികമാരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ജീവിതശൈലിയും ഒപ്പം പാരമ്പര്യ ഘടകങ്ങളും പുതിയ കാലത്ത് റിസ്ക് കൂട്ടുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയില്‍ ഒരുപടി ഉയര്‍ന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം കുടുംബത്തിന്റെ ആരോഗ്യവും സാമ്പത്തിക സുരക്ഷയെയും കുറിച്ച് ധാരണയുള്ളയാളാണ് നിങ്ങളെങ്കില്‍ കാന്‍സര്‍ ഇന്‍ഷുറന്‍സില്‍ പങ്കാളിയാവുന്നത് മികച്ച തീരുമാനമായിരിക്കും. ഈ ചികിത്സയ്ക്ക് വേണ്ടിവരുന്ന വലിയ സാമ്പത്തിക ബാധ്യത തന്നെയാണ് ഇതിന് കാരണം. ഈ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. പ്രധാന കാന്‍സര്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍.
മാക്സ് ലൈഫ് കാന്‍സര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍
ഇത് കാന്‍സര്‍ ചികിത്സയുടെ മുഴുവന്‍ ചെലവ് ഉള്‍ക്കൊള്ളുന്ന പ്ലാനാണ്. ചികിത്സ പലപ്പോഴും വളരെ ചെലവേറിയതും പോളിസി ഉടമകള്‍ക്ക് മാത്രമല്ല കുടുംബത്തിനും വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നതുമാണ്. ഈ പ്ലാന്‍ പ്രകാരം എല്ലാ ഘട്ടങ്ങളിലുമുള്ള അസുഖങ്ങള്‍ക്കും സമഗ്രമായ പരിരക്ഷ ലഭിക്കും. തുടക്കം, മേജര്‍, ഗുരുതര ഘട്ടങ്ങളില്‍ ഇതിന്റെ പരിരക്ഷയുണ്ടാകും. ഏത് സ്റ്റേജിലാണ് കാന്‍സര്‍ നിര്ണയിക്കപ്പെടുന്നതെങ്കിലും പരിരക്ഷ ഇവിടെ പ്രത്യേകതയാണ്. ക്ലെയിം ഇല്ലാത്ത ഒരോ വര്‍ഷവും അധിക തുക നല്‍കാതെ തന്നെ പോളിസിയുടെ 10 ശതമാനം അധികകവറേജ് ലഭിക്കും.
എല്‍ഐസി കാന്‍സര്‍ കവര്‍
രണ്ട് പ്രധാന ഓപ്ഷനുകളാണ് ഇവിടെ ഉള്ളത്. ലെവല്‍ സം ഇന്‍ഷ്വേഡ്, ഇന്ക്രീസിങ് സം ഇന്‍ഷ്വേഡ് എന്നിവ. ലെവല്‍ സം ഇന്‍ഷ്വേഡ് പോളിസി പ്രകാരം, പോളിസി കാലയളവിലുടനീളം അടിസ്ഥാന ഇന്‍ഷുറന്‍സ് പരിധി മാറ്റമില്ലാതെ തുടരും. ഇന്ക്രീസിങ് സം ഇന്‍ഷ്വേഡ് പോളിസി പ്രകാരം, ആദ്യ അഞ്ച് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ഇന്‍ഷ്വര്‍ ചെയ്ത അടിസ്ഥാന തുകയുടെ 10 ശതമാനം വീതം തുക വര്‍ദ്ധിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പോളിസി ഉടമയ്ക്ക് ക്യാന്‍സര്‍ കണ്ടെത്തിയാല്‍ ഈ വര്‍ധന പിന്നീട് ഉണ്ടാവില്ല.
എസ്ബിഐ സമ്പൂര്‍ണ്ണ കാന്‍സര്‍ സുരക്ഷ
ഈ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍, പോളിസി ഉടമയ്ക്ക് താങ്ങാനാവുന്ന തരത്തില്‍ ആശുപത്രി ബില്ലുകള്‍ അടയ്ക്കുവാനും കാന്‍സറിനെ പരാജയപ്പെടുത്തുന്നതിന് സാമ്പത്തികമായി സ്വയം തയ്യാറെടുക്കാന്‍ സഹായിക്കുന്നു. 3 വര്‍ഷത്തേക്ക് തുകയുടെ 1.20 ശതമാനം പ്രതിമാസ വരുമാനമായി ലഭിക്കുന്നതിനുള്ള സൗകര്യത്തോടെയാണ് ഈ പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സമിതിയുടെ സെക്കന്റ് ഒപ്പീനിയന് ഇതിന്റെ പ്രത്യേകതയാണ്. ഓണ്‍ലൈനായി വാങ്ങിയാല്‍ പ്രീമിയം തുകയുടെ അഞ്ച് ശതമാനം ഇളവുണ്ട്.
എച്ച്ഡിഎഫ്സി ലൈഫ് കാന്‍സര്‍ കെയര്‍
എച്ച്ഡിഎഫ്സി ലൈഫിന്റെ ഈ പ്ലാനില്‍ ലൈഫ് ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഒരു വലിയ തുക ആനുകൂല്യം നല്‍കുകയും ഭാരപ്പെടുത്തുന്ന ചികിത്സാ ചെലവുകളില്‍ നിന്ന് കുടുംബത്തിന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.ഗോള്‍ഡ്, സില്‍വര്‍, പ്ലാറ്റിനം എന്നിങ്ങനെ തരം പ്ലാനുകളാണിതില് ഉള്ളത്. വര്‍ഷത്തിലോ അര്‍ദ്ധവര്‍ഷത്തിലോ മാസത്തവണയായോ ഇതില്‍ പ്രീമിയം തുക അടയ്ക്കാം.
ഐസിഐസിഐ പ്രു ഹാര്‍ട്/ കാന്‍സര്‍ പ്രൊട്ടക്ട്
മറ്റ് കാന്‍സര്‍ പോളിസികളെ പോലെ തന്നെ രോഗബാധിതന്റെ ചികിത്സാ ചെലവുകള്‍ ക്ലെയിം ചെയ്യാനായി ഈ പോളിസി സഹായിക്കുന്നു. ആശുപത്രി ബില്ലുകളില്ലാതെ തന്നെ പോളിസിയുടമയ്ക്ക് ഒരു നിശ്ചിത തുക ലഭിക്കും. പോളിസിയെടുക്കുന്നയാള്ക്കും പങ്കാളിയ്ക്കും പോളിസി ഗുണഫലങ്ങള്‍ ലഭിക്കും. മാത്രമല്ല, പോളിസിയെടുക്കുമ്പോള്‍ ആദ്യ വര്‍ഷം പ്രീമിയം തുകയില്‍ 5 ശതമാനം ഇളവ് ലഭിക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ നേരത്തെ തന്നെ പോളിസിയുള്ള ആളാണെങ്കില്‍ 5 ശതമാനം കൂടി ഇളവ് ലഭിക്കും.
(തിരഞ്ഞെടുക്കുന്നതിന് മുമ്പ് പോളിസികള്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ സമാഹരിച്ച് ബോധ്യപെടേണ്ടതുണ്ട്).