12 April 2023 9:46 AM GMT
Summary
- നിലവിലുള്ളത് 23 ലൈഫ് ഇന്‍ഷുറന്‍സുകളും 33 ജനറല്‍ ഇന്‍ഷുറന്‍സുകളും
- കമ്പനികള്‍ നൂതനാവിഷ്‌കാരങ്ങളില്‍ ശ്രദ്ധയൂന്നണം
- വിതരണത്തിന് ആശ വര്‍ക്കര്‍മാരുടെ സഹായം തേടാം
ഇന്‍ഷുറന്‍സ് മേഖലയിലെ പ്രവര്‍ത്തനത്തിനുള്ള 20 അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണെന്ന് ഐആര്‍ഡിഎഐ ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡ. ഈ വര്‍ഷം ഇതുവരെ 3 കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ക്രെഡിറ്റ് ആക്‌സസ് ലൈഫ്, അക്കൊ ലൈഫ് എന്നീ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയതിനു പിന്നാലെ ക്ഷേമ ജനറല്‍ ഇന്‍ഷുറന്‍സിനും ലൈസന്‍സ് ലഭിച്ചു. 2017ന് ശേഷം ആദ്യമായാണ് ഒരു കമ്പനിക്ക് ജനറല്‍ ഇന്‍ഷുറന്‍സ് ലൈസന്‍സ് ലഭിക്കുന്നത്. ഫിക്കി സംഘടിപ്പിച്ച വ്യാവസായിക സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐആര്‍ഡിഎഐ ചെയര്‍മാന്‍.
നിലവില്‍ രാജ്യത്ത് 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 33 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി അവസാനത്തിലെ കണക്കു പ്രകാരം രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം (എയുഎം) 59 ലക്ഷം കോടി രൂപയുടേതാണ്.
'2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്നത് ഒരു മുദ്രാവാക്യമായിട്ടല്ല, പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമായിട്ടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏറ്റെടുക്കേണ്ടതെന്നും ഐആര്‍ഡിഎഐ ചെയര്‍മാന്‍ പറഞ്ഞു. നിശ്ചിത സമയം തീരുന്നതിനു മുമ്പു തന്നെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടമാക്കിയ പാണ്ഡ ഇതിനായി നൂതനാവിഷ്‌കാരങ്ങളിലും കൂടുതല്‍ സാങ്കേതിക വിദ്യകളിലും കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പന്ന വിതരണത്തിന്റെയും ചെലവ് കുറയ്ക്കുന്നതിന് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നവീകരണം സഹായിക്കും.
സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായി ബാങ്കുകള്‍ സ്വീകരിക്കുന്ന രീതികള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മാതൃകയാണ്. വിതരണത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെയും ആംഗന്‍വാടി പ്രവര്‍ത്തകരുടെയും സ്വയംസഹായ സംഘങ്ങളിലെ വനിതകളുടെയും സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.