28 April 2023 6:00 AM GMT
Summary
- വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം ഉയര്‍ന്ന് 23,190 കോടി രൂപയിലേയക്ക് എത്തി.
മാര്‍ച്ചില്‍ അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഐടി പ്രമുഖരായ വിപ്രോയ്ക്ക് ലാഭം കുറഞ്ഞു. കണ്‍സോളിഡേറ്റഡ് അറ്റാദായം 3,074 കോടി രൂപയാണ് രേഖപ്പെടുത്തിയത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 0.4% ഇടിവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3,087 കോടി രൂപയായിരുന്നു ലാഭം.
ഇക്കഴിഞ്ഞ നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം ഉയര്‍ന്ന് 23,190 കോടി രൂപയിലേയക്ക് എത്തി.
ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി രണ്ട് രൂപ വീതമുള്ള 26,96,62,921 ഇക്വിറ്റി ഷെയറുകള്‍ ഓഹരി ഉടമകളില്‍ നിന്ന് തിരികെ വാങ്ങാനുള്ള അനുമതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്. മൊത്തം ഇക്വിറ്റി ഷെയറുകളുടെ 4.91 ശതമാനം ഓഹരികള്‍ വരുമിതെന്ന് കമ്പനി വ്യക്തമാക്കി.
സെഗ്മെന്റ് അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍, ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം നാല് ശതമാനം വര്‍ധിച്ച് 2,823 മില്യണ്‍ ഡോളറിലെത്തി. ഏതാണ്ട് 0.7 ശതമാനമായി നാമമാത്രമായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഒരു ഓഹരിയ്ക്ക് 445 രൂപ നിരക്കില്‍ ടെന്‍ഡര്‍ ഓഫറിലൂടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ കമ്പനി ബോര്‍ഡ് അനുമതി നല്‍കി.
കമ്പനിയുടെ ഓഹരിയുടമകളില്‍ നിന്ന് വിപ്രോ ഏകദേശം 26.9 കോടി ഓഹരികള്‍ തിരികെ വാങ്ങും, അത് 12,000 കോടി രൂപയില്‍ അധികമാകില്ലെന്നാണ് വിലയിരുത്തല്‍.
'കമ്പനി തുടര്‍ന്നും പ്രവര്‍ത്തനവും ഉത്പാദന ക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ്. ഈ പ്രവര്‍ത്തനമാണ് ഐടി സേവനങ്ങളുടെ മാര്‍ജിന്‍ 16,3 ശതമാനത്തിലേയ്ക്ക് നയിച്ചത്,' വിപ്രോ സിഎഫ്ഒ ജതിന്‍ ദലാല്‍ പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള വിപ്രോ ഐടി സേവന വിഭാഗത്തില്‍ നിന്നുള്ള വരുമാനം 2,753 മില്യണ്‍ മുതല്‍ 2,811 മില്യണ്‍ ഡോളര്‍ വരെയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
'ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ബുക്കിംഗുകള്‍ നേടിക്കൊണ്ടാണ് ഞങ്ങള്‍ 2023 സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പുള്ളതിനെ അപേക്ഷിച്ച്, ഞങ്ങളുടെ ഡീലുകളുടെ ഘടനയിലും ഞങ്ങളുടെ വിപണി നിലയിലും ദൃശ്യമായ മാറ്റം ഞങ്ങള്‍ കാണുന്നു, 'വിപ്രോ സിഇഒയും എംഡിയുമായ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു.