image

5 Aug 2023 12:15 PM GMT

Travel & Tourism

സ്ത്രീ സൗഹൃദ ടൂറിസത്തിലൂടെ വനിതാ ശാക്തീകരണം; പിന്തുണ നല്‍കി യു എന്‍ വിമണ്‍

Kochi Bureau

സ്ത്രീ സൗഹൃദ ടൂറിസത്തിലൂടെ വനിതാ ശാക്തീകരണം; പിന്തുണ നല്‍കി യു എന്‍ വിമണ്‍
X

Summary

  • കുമരകത്ത് നടന്ന ദ്വിദിന പരിപാടിയില്‍ 85 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്


സംസ്ഥാനത്ത് സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ട്രെയിനേഴ്‌സ് ഓഫ് ട്രെയിനര്‍ പരിശീലന പരിപാടി സംഘടിപ്പിച്ച് വിനോദസഞ്ചാര വകുപ്പ്. യു എന്‍ വിമണിന്റെ പിന്തുണയോടെ ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പരിശീലന പരിപാടിയുടെ നോഡല്‍ ഏജന്‍സി.

കുമരകം സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ 85 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കാനും അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെടാനും താല്പര്യമുള്ള സ്ത്രീകള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും.

സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുമായി രംഗത്തെത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഇത്തരം പരിശീലന പരിപാടികള്‍ സ്ത്രീ സൗഹൃദ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും കൂടുതല്‍ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും സഹായകമാകും. സംസ്ഥാനത്ത് വനിതാ വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സംരംഭകരായും പ്രൊഫഷണലുകളായും തിളങ്ങാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നതിനും 'സ്ത്രീ സൗഹൃദ ടൂറിസം' പദ്ധതി ലക്ഷ്യമിടുന്നെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും കേരളത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും വ്യവസായ സംരംഭകരും പ്രൊഫഷണലുകളും പരിശീലന പരിപാടിയില്‍ സംസാരിച്ചു.

സഹകരണം സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലൂടെ സുരക്ഷിതവും വൃത്തിയുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. സ്ത്രീ സൗഹൃദ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പരിശീലനത്തില്‍ സംസ്ഥാനത്തെ കമ്മ്യൂണിറ്റി അധിഷ്ഠിത ഉത്തരവാദിത്ത ടൂറിസം (ആര്‍ടി), ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു.

കേരളത്തിലേക്കെത്തുന്ന വനിതാ സഞ്ചാരികളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് പറഞ്ഞു.

ആര്‍ടി മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ 'സ്ത്രീ സൗഹൃദ ടൂറിസം' പദ്ധതിയുടെ അവലോകനം നടത്തി. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1850 പേര്‍ ഓണ്‍ലൈനായും നേരിട്ടും പരിശീലന പരിപാടികളില്‍ പങ്കെടുത്തു.

ഈ പദ്ധതിയിലൂടെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കാറ്ററിംഗ്, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകളായുള്ള സേവനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താനാകും. ടൂറിസത്തിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന 1.5 ലക്ഷം സ്ത്രീകള്‍ക്കിടയില്‍ 10,000 സംരംഭങ്ങളും ഏകദേശം 30,000 തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.