9 Nov 2023 6:00 AM GMT
ക്രെഡിറ്റ് കാര്‍ഡുകള്‍ അറിഞ്ഞുപയോഗിക്കാം; പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം
MyFin Desk
Summary
- ചെക്ക്-ഇന്‍ ബാഗേജ് നഷ്ടപ്പെടുക, പ്രധാനപ്പെട്ട യാത്രാ രേഖകള്‍ നഷ്ടപ്പെടുക തുടങ്ങിയ അപ്രതീക്ഷിത അപകടങ്ങളുടെ കാര്യത്തില്‍ ട്രാവല്‍ ഇന്‍ഷുറന്‍സും വളരെ സഹായകരമാണ്.
- ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ റിവാര്‍ഡുകളിലൂടെയോ എയര്‍ മൈലിലൂടെയോ ഗണ്യമായ തുക ലാഭിക്കാന്‍ കഴിയും.
വിമാനയാത്രകളുടെ ടിക്കറ്റ് നിരക്ക് പലപ്പോഴും യാത്രികരെ നട്ടം തിരിക്കാറുണ്ട്. സമയം കയ്യില്‍ പിടിച്ച് ഓടുന്നവര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ അമിത യാത്രാ ചെലവുകളും ടിക്കറ്റ് നിരക്കുകളും വലിയ തോതില്‍ ലാഭിക്കാന്‍ കഴിയും.
യാത്രാ സംബന്ധമായ വിവിധ ചെലവുകള്‍ നിറവേറ്റാനാകുന്ന കാര്‍ഡുകള്‍ പല ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. ജനപ്രിയ എയര്‍ലൈനുകളുമായോ ട്രാവല്‍ പോര്‍ട്ടലുകളുമായോ സഹകരിച്ച് നിരവധി ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകളും വിപണിയില്‍ ലഭ്യമാണ്. ഇത് വഴി റിവാര്‍ഡ് പോയിന്‍റുകളോ എയര്‍ മെയിലുകളോ ഉപയോഗിച്ച് സൗജന്യ ഫ്‌ളൈറ്റ് ടിക്കറ്റുകളും ഹോട്ടല്‍ റൂമുകളും നേടാനാകും.
ഇതിന് ഒറ്റ കാര്യത്തില്‍ ശ്രദ്ധ നല്കിയാല്‍ മതി. ക്രെഡിറ്റ് കാർഡുകളുടെ വിവേകപൂർണമായ ഉപയോഗത്തില്‍. കൃത്യമായ രീതിയില്‍ ഉപയോഗിക്കുകയും ബാധ്യതകള്‍ സമയത്ത് തീർക്കുകയും ചെയ്താല്‍ യാത്രാച്ചെലവുകള്‍ കുറയ്ക്കാം.
ഒരു ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് പണം ലാഭിക്കാന്‍ കഴിയുന്ന ചില വഴികള്‍ ഇതാ.
കോ-ബ്രാന്‍ഡഡ് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍
ഭൂരിഭാഗം ക്രെഡിറ്റ് കാര്‍ഡുകളും അനുബന്ധ ബ്രാന്‍ഡിന്റെ ലോയല്‍റ്റി പ്രോഗ്രാമിലേക്കുള്ള കോംപ്ലിമെന്ററി അംഗത്വം നല്‍കുന്നവയായിരിക്കും. മുന്‍ഗണനാ ചെക്ക് ഇന്‍, അലവന്‍സ്, ഉയര്‍ന്ന റിവാര്‍ഡ് തുടങ്ങിയവ നല്‍കിയേക്കും. വിസ്താര, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് , ഇത്തിഹാദ്, ഇന്‍ഡിഗോ, എമിറേറ്റ്‌സ് പോലുള്ള ജനപ്രിയ എയര്‍ലൈനുകള്‍ മുന്‍നിര ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവര്‍മാരുമായി കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്.
ഉദാഹരണത്തിന്, നിങ്ങള്‍ മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് വിസ്താരയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, നിങ്ങളുടെ എയര്‍ലൈന്‍ ക്ലാസ് മുന്‍ഗണന അനുസരിച്ച് (എക്കണോമി, പ്രീമിയം ഇക്കോണമി അല്ലെങ്കില്‍ ബിസിനസ്സ് ക്ലാസ് അനുസരിച്ച്) ആക്സിസ് ബാങ്ക് വിസ്താര പ്ലാറ്റിനം, വിസ്താര സിഗ്‌നേച്ചര്‍ അല്ലെങ്കില്‍ വിസ്താര ഇന്‍ഫിനിറ്റ് എന്നിവ തിരഞ്ഞെടുക്കാം. ഈ കാര്‍ഡുകളുടെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരി വർഷം നാല് സൗജന്യ ഫ്ളൈറ്റുകള്‍ വരെ നേടാം.
മാരിയറ്റ് ബോണ്‍വോയ്, താജ് എപ്പിക്യൂര്‍ അല്ലെങ്കില്‍ ട്രൈഡന്റ് പ്രിവിലേജ് പോലുള്ള ഹോട്ടല്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലേക്ക് കോംപ്ലിമെന്ററി അംഗത്വം നല്‍കുന്ന കാര്‍ഡുകളും നേടാനുന്നതാണ്. ഒരു അംഗമെന്ന നിലയില്‍, ഈ ഹോട്ടല്‍ ശൃംഖലകളില്‍ നിങ്ങള്‍ക്ക് കോംപ്ലിമെന്ററി താമസങ്ങളും നേരിട്ടുള്ള കിഴിവുകളും ലഭിക്കും.
എയര്‍ലൈനിനോടോ ഹോട്ടല്‍ ശൃംഖലയോ വഴിയോ താല്‍പര്യമില്ലെങ്കില്‍, മെയ്ക്ക് മൈ ട്രിപ്പ്, ഈസ്‌മൈ ട്രിപ്പ് അല്ലെങ്കില്‍ യാത്ര പോലുള്ള ജനപ്രിയ ട്രാവല്‍ പോര്‍ട്ടലുകളുമായി സഹ-ബ്രാന്‍ഡ് ചെയ്ത കാര്‍ഡുകള്‍ തെരഞ്ഞെടുക്കാം.
റിവാര്‍ഡുകള്‍ റെഡീം ചെയ്യുക
പല ഉപഭോക്താക്കള്‍ക്കും റിവാര്‍ഡ് പോയിന്റുകള്‍ പ്രശ്‌നമായി തോന്നുമ്പോഴും യാത്രികർക്ക് ഇതൊരു അനുഗ്രഹമാണ്. ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ റിവാര്‍ഡുകളിലൂടെയോ എയര്‍ മൈലിലൂടെയോ ഗണ്യമായ തുക ലാഭിക്കാന്‍ കഴിയും.
ഓരോ ഇടപാടിലും നിങ്ങള്‍ നേടുന്ന പോയിന്റുകളുടെ എണ്ണം കുറവാണെന്ന് തോന്നിയേക്കാം, എന്നാല്‍ യാത്രാ വിഭാഗങ്ങളില്‍ ഉടനീളം ഉയര്‍ന്ന റിഡീംഷന്‍ അനുപാതം ഉള്ളതിനാല്‍ അവയുടെ മൂല്യം കൂടുതലായിരിക്കും. സാധാരണ ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ മികച്ച മൂല്യം നല്‍കുന്ന എയര്‍ മൈലുകളിലേക്കോ ഹോട്ടല്‍ ലോയല്‍റ്റി പോയിന്റുകളിലേക്കോ റിവാര്‍ഡ് പോയിന്റുകള്‍ കൈമാറാനും ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ സാധിക്കും.
അധിക ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ലാഭിക്കുക
കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, എയര്‍പോര്‍ട്ടുകളിലെ വിഐപി മീറ്റ് ആന്‍ഡ് ഗ്രീറ്റ് സേവനം, ലോയല്‍റ്റി പ്രോഗ്രാമുകളിലെ അംഗത്വം, ട്രാവല്‍ ഇന്‍ഷുറന്‍സ് മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.
ഉദാഹരണത്തിന് സൗജന്യ ലോഞ്ച് ആക്‌സസ് ഉപയോഗിക്കാനായാല്‍ ദൈര്‍ഘ്യമേറിയ യാത്രയില്‍ വിശ്രമ വേളകളിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാകും. അതുപോലെ ഒരു ഹോട്ടല്‍ ലോയല്‍റ്റി പ്രോഗ്രാമിലെ അംഗത്വം വഴി സൗജന്യ റൂം അപ്ഗ്രേഡുകള്‍, നേരത്തെയുള്ള ചെക്ക്-ഇന്‍, സൗജന്യ പ്രഭാതഭക്ഷണം എന്നിവയും മറ്റും ലഭിച്ചേക്കും.
ചെക്ക്-ഇന്‍ ബാഗേജ് നഷ്ടപ്പെടുക, പ്രധാനപ്പെട്ട യാത്രാ രേഖകള്‍ നഷ്ടപ്പെടുക തുടങ്ങിയ അപ്രതീക്ഷിത അപകടങ്ങളുടെ കാര്യത്തില്‍ ട്രാവല്‍ ഇന്‍ഷുറന്‍സും വളരെ സഹായകരമാണ്.
വെല്‍ക്കം ഓഫറുകള്‍ ഉപയോഗപ്പെടുത്തുക
കോംപ്ലിമെന്ററി ഫൈ്‌ളറ്റ് ടിക്കറ്റുകള്‍, ബോണസ് റിവാര്‍ഡ് പോയിന്റുകള്‍ അല്ലെങ്കില്‍ ട്രാവല്‍ ബ്രാന്‍ഡില്‍ നിന്നുള്ള വൗച്ചറുകള്‍ പോലുള്ള വെല്‍ക്കം ബോണസുകളോടൊപ്പമാണ് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അധികവുമുണ്ടാവുക. ചെലവ് കുറക്കാന്‍ യാത്രികര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.
ഉദാഹരണത്തിന്, ആക്‌സിസ് വിസ്താര സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ് വഴി , ഒന്നര ലക്ഷം, മൂന്ന് ലക്ഷം,നാലര ലക്ഷം, ഒന്‍പത് ലക്ഷം എന്നിങ്ങനെ വാര്‍ഷിക ചെലവ് എത്തിയാല്‍ ഒരു പ്രീമിയം ഇക്കോണമി ടിക്കറ്റും വെല്‍ക്കം ബോണസായി അധികമായി ഒരു പ്രീമിയം ഇക്കോണമി ടിക്കറ്റും ലഭിക്കും.
അതിനാല്‍, ഒരു വര്‍ഷത്തില്‍ ഒന്‍പത് ലക്ഷം രൂപ ചെലവഴിക്കുന്ന ഉപയോക്താവിന് കാര്‍ഡ് അംഗത്വത്തിന്റെ ആദ്യ വര്‍ഷത്തില്‍ അഞ്ച് സൗജന്യ ടിക്കറ്റുകള്‍ ലഭിക്കും, ഇത് വിമാന ടിക്കറ്റില്‍ ഗണ്യമായ തുക ലാഭിക്കുവാന്‍ സഹായിക്കും.
പതിവ് യാത്രക്കാര്‍ക്ക് വളരെ പ്രയോജനകരമാണെങ്കിലും, നിങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതുവഴി ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കും.
കൂടാതെ, ക്രെഡിറ്റ് കാര്‍ഡുകളിലെ ആനുകൂല്യങ്ങള്‍ വിവിധ രൂപങ്ങളിലാണ് ലഭിക്കുന്നത്. അതിനാല്‍ ട്രാവല്‍ കാര്‍ഡില്‍ നിന്ന് പരമാവധി മൂല്യം ലഭിക്കുന്നതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. യാത്രാ കാര്‍ഡ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, റിവാര്‍ഡ് പോയിന്റ് കാലഹരണപ്പെടല്‍, ബ്ലാക്ക്ഔട്ട് തീയതികള്‍ എന്നിവ പോലുള്ള പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.