image

14 July 2023 6:17 AM GMT

Travel & Tourism

യുഎസ് സന്ദര്‍ശനം: ഇന്ത്യന്‍ സഞ്ചാരികള്‍ ചൈനയെയും ജപ്പാനെയും മറികടന്നു

MyFin Desk

യുഎസ് സന്ദര്‍ശനം: ഇന്ത്യന്‍ സഞ്ചാരികള്‍  ചൈനയെയും ജപ്പാനെയും മറികടന്നു
X

Summary

  • യുഎസ് ഇന്ത്യയില്‍ രണ്ട് കോണ്‍സുലേറ്റുകള്‍ തുറക്കും
  • യാത്രാ സൗകര്യമൊരുക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം
  • ടൂറിസ്റ്റ് വിസയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയും


യുഎസിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ടൂറിസം കണ്‍സള്‍ട്ടന്‍സി ഐപികെ ഇന്റര്‍നാഷണലിന്റെ അഭിപ്രായത്തില്‍, 2022 ല്‍ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ പരമ്പരാഗത രാജ്യങ്ങളെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ ഉറവിടം ഇന്ത്യയായിരുന്നു.

കോവിഡ് കാലത്തിനുശേഷം ഇന്ത്യാക്കാര്‍ കൂടുതല്‍ യാത്രചെയ്യുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ചൈനയാകട്ടെ പകര്‍ച്ചവ്യാധിയുടെ പിടിയില്‍ നിന്ന് മോചിതമാകാത്തതിനാല്‍ യാത്രകള്‍ നിരോധിച്ചിരുന്നു.

ബെയ്ജിംഗ് നടപ്പാക്കിയ സീറോ കോവിഡ് നയത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഈ നടപടി അവരുടെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ചില ഇളവുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചത്.

ബെംഗളൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ യുഎസ് ഇന്ത്യയില്‍ രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രധാനമന്ത്രി മോദിയുടെയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് യാത്രക്കാര്‍ വര്‍ധിച്ചതിനാലാണിത്. ബിസിനസിനും വിനോദസഞ്ചാരത്തിനും യാത്രാ സൗകര്യമൊരുക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ കണ്ടെത്തണമെന്ന് നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

2023 മെയ് വരെ, യുഎസിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സംഖ്യകളെ മറികടന്നതായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസ് അറിയിച്ചിട്ടുണ്ട്. 'ചൈനീസ് (അന്താരാഷ്ട്ര) യാത്രക്കാരുടെ വര്‍ധനവിനെക്കുറിച്ച് പരിശോധിക്കുമ്പോള്‍ അവിടുള്ള മധ്യവര്‍ഗത്തിന്റെ വളര്‍ച്ച, സമ്പത്തിന്റെ വളര്‍ച്ച എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇന്ത്യ ഇന്ന്് അതേ പരിണാമത്തിലൂടെ കടന്നുപോകുകയാണ്- ഐഎച്ച്ജി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് സിഇഒ കീത്ത് ബാര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു.

ഇന്ത്യയിലെ യുഎസ് എംബസികളും കോണ്‍സുലേറ്റുകളും 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ല്‍ 44 ശതമാനം അധികം കുടിയേറ്റേതര വിസകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ 2023-ന്റെ അവസാന പാദത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഫ്‌ലൈറ്റ് ബുക്കിംഗുകള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനം ഉയര്‍ന്നു.ഇത് വളരെ ആവേശം പകരുന്ന വാര്‍ത്ത കൂടിയാണ്.

ഇന്ത്യന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ടൂറിസ്റ്റ് വിസയ്ക്കുള്ള കാത്തിരിപ്പ് സമയമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ രണ്ട് പുതിയ എംബസികള്‍ കൂടി തുറക്കുന്നതോടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടുത്തിടെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും ബെംഗളൂരുവില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകളും ആരംഭിച്ചിട്ടുണ്ട്.