image

26 Sep 2023 10:45 AM GMT

Travel & Tourism

ഇത് സര്‍ക്കീട്ടിന്റെ കാലം

Swarnima Cherth Mangatt

tourism sector to bullish
X

Summary

  • കഴിഞ്ഞ വര്‍ഷം ടൂറിസത്തില്‍ നിന്നു കേരളം നേടിയ വരുമാനം 35168 കോടി രൂപ


യാത്ര വെറും സര്‍ക്കീട്ട് മാത്രമല്ല. ഓരോ അനുഭവങ്ങളാണ്. ആളുകളേയും രുചികളേയും സംസ്‌കാരത്തേയും അറിഞ്ഞുകൊണ്ട്, അടുത്തിടപഴകിക്കൊണ്ട് യാത്രകള്‍ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അറിവും ആവേശവും പകരുന്ന യാത്രകള്‍ പോക്കറ്റ് കാലിയാക്കാതെ കുറഞ്ഞ സമ്പാദ്യത്തിലും ജീവിതം ആസ്വദിക്കാന്‍ പണ്ടത്തേക്കാളുമേറെ പേര്‍ക്ക് ഇന്ന് സാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ടൂറിസം രാജ്യങ്ങളുടെ മികച്ച വരുമാന മാര്‍ഗ്ഗം കൂടിയാണിന്ന്. ഇത്രയൊക്കെ പറയാന്‍ ഒരു കാര്യമുണ്ട്.

സെപ്റ്റംബര്‍ 27 ലോക വിനോദ സഞ്ചാര ദിനമാണ്.

ടൂറിസവും ഹരിത നിക്ഷേപവും

ഈ വര്‍ഷത്തെ ടലോക വിനോദ സഞ്ചാര ദിനത്തിന്റെ ആശയമാണ് 'ടൂറിസവും ഹരിത നിക്ഷേപവും'. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുക. ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലെ സുസ്ഥിര വികസനവും ഉറപ്പുവരുത്താന്‍ കഴിയും. ഇത് ലക്ഷ്യമിട്ടാണ് ഈ വര്‍ഷം ഹരിത നിക്ഷേപങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത്.

പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിക്കുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിക്കുക, ഊര്‍ജക്ഷമതയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, ജൈവ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും അവ ഉപയോഗിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ടൂറിസം പാക്കേജുകള്‍ വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ വികസിപ്പിക്കുക, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ടൂറിസ്റ്റുകളെ പങ്കെടുപ്പിക്കുക എന്നിവയിലൂടെ ഹരിത നിക്ഷേപം പ്രോത്സാഹിപ്പക്കാനാകും.

സാധ്യതകളുടെ വലിയ വാതായനം

ടൂറിസം മേഖലയില്‍ ഹരിത നിക്ഷേപം വരുന്നത് പരിസ്ഥിതിക്ക് മാത്രമല്ല, സാമ്പത്തികമായും ഗുണകരമാണ്. മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം പ്രാദേശിക സമൂഹത്തിന് വരുമാനം നേടിക്കൊടുക്കുകയും ചെയ്യുന്നു. കൂടാതെ, ഹരിത ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യും.

ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ലോക രാജ്യങ്ങള്‍ക്കിടയിലും പിടിയുണ്ട് നമ്മുടെ കൊച്ചു കേരളത്തിന്. അനുകൂല കാലാവസ്ഥയും വ്യത്യസ്തമായ പ്രകൃതി കാഴ്ച്ചകളും സംസ്‌കാരം, പാരമ്പര്യം എന്നിവയെല്ലാം കേരളത്തിലേക്ക് ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ഘടകങ്ങളാണ്. ഉത്തരവാദിത്ത ടൂറിസം കാര്യമായ മുന്നേറ്റം ഇതിനോടകം തന്നെ നടത്തിക്കഴിഞ്ഞു.

ഉദാഹരണത്തിന്, കേരള ഹോംസ്റ്റേ പദ്ധതി പ്രകാരം ടൂറിസ്റ്റുകള്‍ക്ക് പ്രാദേശിക ജനങ്ങളുടെ വീടുകളില്‍ താമസിക്കാനുള്ള അവസരം ലഭിക്കും. വില്ലേജ് ടൂറിസം, അഗ്രികള്‍ച്ചറല്‍ ടൂറിസം, ഫാം ടൂറിസം എന്നിവ കേരളത്തിന് വലിയ അവസരങ്ങള്‍ തുറന്നു നല്‍കുന്നവയാണ്.

'ഫാം ടൂറിസം, ഹോംസ്‌റ്റേകള്‍ പോലുള്ളവയ്ക്ക് സര്‍ക്കാര്‍ അവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഹോംസ്‌റ്റേകള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്ഥലം പരിശോധിച്ച് നിലവാരം ഉറപ്പാക്കിയ ശേഷം നിരക്ക് നിശ്ചയിക്കാവുന്നതാണ്. ഇതിന്റെ എല്ലാം പൂര്‍ണ്ണലാഭം നടത്തിപ്പുകാര്‍ക്കാണ്. ഫാം ടൂറിസം ആണെങ്കില്‍ പശുവളര്‍ത്തല്‍ മുതല്‍ മീന്‍ വളര്‍ത്തല്‍ വരെ സഞ്ചാരികളെ ആകര്‍ഷിക്കാവുന്ന കാര്യങ്ങളാണ്. വീക്കെന്റുകള്‍ കുടുംബവുമായി ചെലവഴിക്കാന്‍ സ്വദേശികള്‍ പോലും ഇത്തരം പ്രാദേശിക ടൂറിസം പ്ലോട്ടുകള്‍ തിരഞ്ഞെടുക്കുന്നുണ്ട്.' റെസ്‌പോണ്‍സിബിള്‍ ടൂറിസംത്തിന്റെ പ്രതിനിധിയും വനിതാ ടൂര്‍ കോര്‍ഡിനേറ്ററുമായ ഗീതു മോഹന്‍ദാസ് പറയുന്നു.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായി 2025 ആകുമ്പോഴേക്കും കേരളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 35168.42 കോടി രൂപയാണ് ടൂറിസത്തില്‍നിന്നു കേരളം നേടിയ വരുമാനം. ഇത് ഇരട്ടിയിലധികമാകുമെന്നാണ് കണക്കാക്കുന്നത്.

കേരള ടൂറിസം വ്യവസായത്തിന്റെ ഭാവി

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് ടൂറിസം. കൂടാതെ സംസ്ഥാനത്തിന് വലിയ തോതിലുള്ള വിദേശനാണ്യവും നേടിക്കൊടുക്കുന്നു. 2022 ല്‍ 2792.42 കോടി രൂപയാണ് വിദേശ നാണ്യ വിഭാഗത്തില്‍ കേരളത്തിന്റെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 505.07 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്.

എന്നാല്‍, കേരളം ടൂറിസം മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ചില്ലറ കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

1. വിമാനത്താവളങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും നവീകരണം -കേരളത്തിലേക്ക് വിമാനത്തിലും ട്രെയിനിലും വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ വളര്‍ച്ചയും തിരക്കുമൊന്നും നേരിടാന്‍ പ്രാപ്തമായ സൗകര്യങ്ങള്‍ ഇവിടങ്ങളിലില്ല.

2. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനം- സംസ്ഥാനത്ത് നിലവില്‍ നിരവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. എന്നാല്‍, കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളെ എത്തിക്കാനായാല്‍, തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ വര്‍ധിക്കും. ഒപ്പം കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും കഴിയും. പ്രകൃതിയെ സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹത്തിന് ഗുണകരമാകുന്നതിനും ശ്രദ്ധ ചെലുത്തിക്കൊണ്ടായിരിക്കണം പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കേണ്ടത്.

3. ടൂറിസം സൗകര്യങ്ങളുടെ വികസനം -കേരളത്തിലെ ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, സഞ്ചാരികള്‍ക്ക് കൂടുതല്‍ വിവരങ്ങളും സഹായവും ലഭ്യമാക്കുന്നതിനായി ടൂറിസം വിവര കേന്ദ്രങ്ങളുടെ പര്യാപ്ത ഉറപ്പാക്കണം.

4. ടൂറിസം മാര്‍ക്കറ്റിംഗ് വര്‍ധിപ്പിക്കുക- കേരളത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ടൂറിസം മാര്‍ക്കറ്റിംഗ് വര്‍ധിപ്പിക്കാവുന്നതാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പരസ്യം, ടൂറിസം മേളകള്‍ എന്നിവയിലൂടെ കേരളത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാം.

5. ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് കൃത്യമായ പരിശീലനം നടപ്പിലാക്കുക. ഇവയെല്ലാം ടൂറിസം വളര്‍ച്ചക്ക് കൈത്താങ്ങാകും.

ലോക ടൂറിസം ദിനം

1980 മുതലാണ് ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടന (യുഎന്‍ഡബ്ല്യുടിഒ) ടൂറിസം ദിനം ആചരിച്ചു തുടങ്ങയത്. ടൂറിസത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, പാരിസ്ഥിതിക മൂല്യങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് ഇത്തരമൊരു ആശയം കൊണ്ട് ലക്ഷ്യമിടുന്നത്. സ്പെയിനിലെ മാഡ്രിഡാണ് യുഎന്‍ഡബ്ല്യുടിഒയുടെ ആസ്ഥാനം.

വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ്. ഇതിന്റെ ഭാഗമായി 1925 ല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതിന്റെ ചുവടുപിടിച്ചാണ് 1947 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായത്. 1950 ല്‍ ഇന്ത്യ ഈ സംഘടനയില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനായി മാറിയത്.