image

19 Oct 2023 12:00 PM

Travel & Tourism

ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നവം. 16 ന് തിരുവനന്തപുരത്ത്

MyFin Desk

tourism investors meet on november 16 in thiruvananthapuram
X

Summary

  • 2022 ല്‍ 1.88 കോടിയിലധികം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്


സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത്. ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. നവംബര്‍ 16 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന നിക്ഷേപക സംഗമം എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനുമായി സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്താനാണ് നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണവും പുതിയ പദ്ധതികളുടെ നടപ്പിലാക്കലും മുന്‍ഗണനാ പദ്ധതിയായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന് വിവിധ മേഖലകളിലെ നിക്ഷേപങ്ങള്‍ കൂടി ആകര്‍ഷിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ടൂറിസം നിക്ഷേപക സംഗമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തെയാകെ ഒറ്റ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍-സഹകരണ-സ്വകാര്യ മേഖലകളെ കൂട്ടിയോജിപ്പിച്ചാണ് കേരളത്തിലെ ടൂറിസം വ്യവസായം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് ടൂറിസം നിക്ഷേപം നടത്താനാകുന്ന നിരവധി മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപക സംഗമത്തില്‍ പരിചയപ്പെടുത്തും. ടൂറിസം വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ നിക്ഷേപത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന സമ്മേളനത്തില്‍ സ്വകാര്യ സംരംഭകര്‍, നിക്ഷേപകര്‍, യുവ-വിദ്യാര്‍ഥി സംരംഭകര്‍ തുടങ്ങിയവരുടെ പദ്ധതി അവതരണങ്ങള്‍ നടക്കും.

ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം പദ്ധതികള്‍ തുടങ്ങി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ടൂറിസം പ്രവണതകളെക്കുറിച്ചുള്ള സെമിനാര്‍, പ്രോജക്ട് പിച്ച് സെഷനുകള്‍, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, ബി 2 ബി മീറ്റിംഗുകള്‍ എന്നിവയും നടക്കും.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 350-ലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിന് തുടര്‍പ്രവര്‍ത്തനങ്ങളും ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. സംരംഭകര്‍ക്ക് ഫെസിലിറ്റേഷന്‍ ഒരുക്കുന്നതിന് ടൂറിസം ഡയറക്ടറേറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കും. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുച്ചാട്ടമുണ്ടാക്കാന്‍ നിക്ഷേപക സംഗമം സഹായിക്കും. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും തൊഴിലവസരങ്ങളിലും ഗുണകരമായ മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്താനുള്ള ശ്രമമാണ് നിക്ഷേപക സംഗമമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാര മേഖലയിലെ നൂതന പ്രവണതകള്‍ തിരിച്ചറിഞ്ഞാണ് ടൂറിസം വകുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നും ഇത് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നും ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു. 2022 ല്‍ 1.88 കോടിയിലധികം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ടൂറിസം ഡെവലപ്‌മെന്‍ന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കെടിഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.മനോജ് കുമാര്‍ കെ എന്നിവരും പങ്കെടുത്തു.