16 April 2025 12:56 PM IST
Summary
- പത്ത് വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖല ഏഴ് ശതമാനം വളര്‍ച്ച നേടും
- ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ യാത്രയുടെയും ടൂറിസത്തിന്റെയും സംഭാവന 10 ശതമാനമാകും
ഇന്ത്യയിലെ യാത്രാ-ടൂറിസം മേഖല അസാധാരണമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് വേള്‍ഡ് ട്രാവല്‍ & ടൂറിസം കൗണ്‍സില്‍. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ മേഖല 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൗണ്‍സില്‍ പ്രസിഡന്റും സിഇഒയുമായ ജൂലിയ സിംപ്സണ്‍ പറഞ്ഞു.
2025 ലെ ഇന്ത്യ ട്രാവല്‍ & ടൂറിസം സസ്‌റ്റൈനബിലിറ്റി കോണ്‍ക്ലേവിലേക്കുള്ള തന്റെ വീഡിയോ സന്ദേശത്തില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ യാത്രയുടെയും ടൂറിസത്തിന്റെയും സംഭാവന ഉടന്‍ തന്നെ ആഗോള ശരാശരിയായ 10 ശതമാനത്തിലെത്തുമെന്ന് അവര്‍ പറഞ്ഞു.
'ഇന്ത്യയില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 7 ശതമാനം യാത്രയെയും ടൂറിസത്തെയും ആശ്രയിച്ചിരിക്കുന്നു. ആഗോളതലത്തില്‍ ഇത് 10 ശതമാനമാണ്,' സിംപ്സണ്‍ പറഞ്ഞു.
യാത്രയിലും ടൂറിസത്തിലും നിക്ഷേപം നടത്തുകയും ഈ മേഖലയുടെ ശക്തി തിരിച്ചറിയുകയും ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിംസണ്‍ പ്രശംസിച്ചു.
ഈ മേഖലയില്‍ സുസ്ഥിരമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.ഇന്ത്യയിലെ ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ ഏകദേശം 4.8 ശതമാനം യാത്രാ, ടൂറിസം മേഖലകളില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യ തങ്ങളുടെ കാര്‍ബണ്‍ തീവ്രത ആഗോള ശരാശരിയേക്കാള്‍ വേഗത്തില്‍ കുറയ്ക്കുകയാണെന്നും അത് 13 ശതമാനം കുറയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.