11 Oct 2023 3:27 PM GMT
ഗോത്രസംസ്‌കാരത്തെ പരിചയപ്പെടുത്താന്‍ ടൂറിസം വകുപ്പിന്റെ 'എത്‌നിക് വില്ലേജ്'
MyFin Desk
Summary
- പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഇടുക്കി ഡിടിപിസി യുടെ രണ്ട് ഏക്കര്‍ ഭൂമിയെ എത്‌നിക് വില്ലേജാക്കി മാറ്റും.
- ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1,27,60,346 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം:കേരളത്തിന്റെ ഗോത്ര സംസ്‌കാര വൈവിധ്യത്തേയും പൈതൃകത്തേയും ആഗോള തലത്തില്‍ പരിചയപ്പെടുത്താന്‍ കേരള വിനോദസഞ്ചാര വകുപ്പ്. 'എത്‌നിക് വില്ലേജ്' എന്ന പേരില്‍ ഉത്തരവാദിത്ത ടൂറിസം മിഷനും (ആര്‍ടി മിഷന്‍) ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ തനത് ജീവിതശൈലി, കലാരൂപങ്ങള്‍, കരകൗശല നിര്‍മ്മാണം, ഭക്ഷണ വൈവിധ്യം തുടങ്ങിയവ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന ഗോത്ര ഗ്രാമം നിര്‍മ്മിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഇടുക്കി ഡിടിപിസി യുടെ രണ്ട് ഏക്കര്‍ ഭൂമിയെ എത്‌നിക് വില്ലേജാക്കി മാറ്റും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1,27,60,346 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
ടൂറിസം ആക്ടിവിറ്റി സോണ്‍, അക്കോമഡേഷന്‍ സോണ്‍ എന്നിങ്ങനെ രണ്ടു വിഭാഗമായാണ് എത്‌നിക് വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഗോത്ര വിഭാഗക്കാരുടെ വീടുകളുടെ മാതൃകയിലുള്ളതും ആധുനിക സൗകര്യങ്ങളോട് കൂടിയതുമായ താമസ സൗകര്യം എത്‌നിക് വില്ലേജുകളുടെ പ്രത്യേകതയാണ്.
കേരളത്തിലെ ഗോത്രസമൂഹ സംസ്‌കാരവും ജീവിതശൈലിയും വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പദ്ധതിയാണ് എത്‌നിക് വില്ലേജെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.