image

18 Jun 2024 2:53 PM GMT

Travel & Tourism

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കേരളത്തെ സാഹസിക ടൂറിസത്തിന്റെ കേന്ദ്രമാക്കും

MyFin Desk

Malabar River Festival from 25th July
X

Summary

  • ഫെസ്റ്റിവലില്‍ 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള കയാക്കര്‍മാരുടെ പങ്കാളിത്തം
  • മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ നാട്ടുകാര്‍ക്കായി പ്രത്യേക മത്സരങ്ങള്‍


അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് അവതരിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിനായി കോഴിക്കോട് ഒരുങ്ങുന്നു. ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന റിവര്‍ ഫെസ്റ്റിവലില്‍ ആഗോളതലത്തില്‍നിന്നുള്ളവരാണ് എത്തുക. വൈറ്റ് വാട്ടര്‍ കയാക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിപാടി തുഷാരഗിരി, ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് നടക്കുക.

പ്രസിദ്ധമായ തുഷാരഗിരി വെള്ളച്ചാട്ടമുള്ള ചാലിപ്പുഴ ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയാണ്. ഇത് ചാലിയാര്‍ നദിയില്‍ ചേരുന്നു.

ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി (എടിപിഎസ്), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിവലില്‍ കയാക്കിംഗില്‍ മികവ് പുലര്‍ത്താന്‍ പ്രൊഫഷണലുകള്‍ക്കൊപ്പം നാട്ടുകാരെയും പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങളും നടത്തും.

രാജ്യത്തിനകത്ത് നിന്നുള്ള 100 പ്രൊഫഷണലുകള്‍ക്ക് പുറമെ 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള കയാക്കര്‍മാരുടെ പങ്കാളിത്തം ഫെസ്റ്റിവലില്‍ പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എംടിബി (മൗണ്ടന്‍ ബൈക്ക്) വാട്ടര്‍ റാലി, വാട്ടര്‍ പോളോ, സംസ്ഥാന-ദേശീയ തലങ്ങളില്‍ നീന്തല്‍ മത്സരങ്ങള്‍, മത്സ്യബന്ധന-ചൂണ്ട മത്സരങ്ങള്‍, റഗ്ബി, ഓഫ് റോഡ് റാലികള്‍ എന്നിവയും ഉണ്ടാകും.

കേരളത്തിലെ നദികളെ ലോകോത്തര കയാക്കിംഗ് ഡെസ്റ്റിനേഷനുകളായി ഭൂപടത്തില്‍ ഉള്‍പ്പെടുത്താനും പ്രൊഫഷണല്‍ കയാക്കര്‍മാരെ പ്രചോദിപ്പിക്കാനും ഈ ഫെസ്റ്റ് ലക്ഷ്യമിടുന്നു.

ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ന്നുവരാന്‍ കേരളത്തെ മലബാര്‍ ഫെസ്റ്റിവല്‍ സഹായിക്കും എന്ന പ്രതീക്ഷയും ഇതിനൊപ്പമുണ്ട്.