4 Nov 2023 7:03 AM GMT
Summary
- ആഗോള ടൂറിസം വിപണി അടുത്ത ദശകത്തിനുള്ളില്‍ 15 ലക്ഷം കോടി ഡോളര്‍ ലക്ഷ്യം മറികടക്കും
- ആഗോളതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന 5 തൊഴിലവസരങ്ങളില്‍ ഒന്ന് ടൂറിസം മേഖലയില്‍നിന്ന്
കോവിഡ് 19 പകര്‍ച്ചവ്യാധിക്കാലത്ത് തിരിച്ചടി നേരിട്ട ആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായം ശ്രദ്ധേയമായ വീണ്ടെടുക്കല്‍ നടത്തിയതായി വേള്‍ഡ് ട്രാവല്‍ & ടൂറിസം കൗണ്‍സില്‍ (ഡബ്‌ളിയുടിടിസി). ഈ വര്‍ഷം അവസാനത്തോടെ ടൂറിസം വ്യവസായം 10ലക്ഷം കോടി ഡോളര്‍ വരുമാനം നേടുമെന്നും ഡബ്‌ളിയുടിടിസി വിലയിരുത്തുന്നു.
കൗണ്‍സില്‍ പ്രസിഡന്റും സിഇഒയുമായ ജൂലിയ സിംപ്സണ്‍ 23-ാമത് ആഗോള ഉച്ചകോടിയിലാണ് ഈ വിവരം പങ്കുവെച്ചത്. കൂടാതെ ആഗോള ടൂറിസം വിപണി അടുത്ത ദശകത്തിനുള്ളില്‍ 15 ലക്ഷം കോടി ഡോളര്‍ എന്നലക്ഷ്യം മറികടക്കുമെന്ന് പ്രതീക്ഷിക്കുതായും അവര്‍ അവകാശപ്പെട്ടു.
2023-ലെ വ്യവസായത്തിന്റെ പുരോഗതി സിംപ്സണ്‍ എടുത്തുപറഞ്ഞു. ചൈനയുടെ യാത്രാ വിസ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഈ മേഖലയുടെ പ്രകടനം പ്രതീക്ഷിച്ചതിലും അപ്പുറമാണ്.
യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങള്‍ തുടക്കത്തില്‍ പ്രവചിച്ചതിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് സ്വന്തമാക്കുന്നത്. വ്യവസായത്തിന്റെ മികവും വേഗത്തിലുള്ള വീണ്ടെടുക്കലും സിംപ്സണ്‍ എടുത്തുകാട്ടി.
കൂടാതെ, പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള വ്യവസായത്തിന്റെ പ്രതിബദ്ധത വളരുന്നതിനനുസരിച്ച് കൂടുതല്‍ ഊര്‍ജ്ജ കാര്യക്ഷമമായി മാറുകയുമാണ്. 2019 ലെ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹരിതഗൃഹ വാതക ഉദ്വമനത്തില്‍ കുറവുണ്ടായി.
2019 ലെ ഡബ്‌ളിയുടിടിസി ഡാറ്റ അനുസരിച്ച്, ആഗോളതലത്തില്‍ ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 8.1% ഉത്തരവാദി യാത്രയും വിനോദസഞ്ചാരവുമാണ്.
'ഈ മേഖല വളരുന്നത് തുടരുമ്പോള്‍, ഊര്‍ജ്ജ ഉപയോഗത്തില്‍ ഞങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മാറുകയാണ്. യാത്രയും വിനോദസഞ്ചാരവും വളരുമ്പോള്‍, പരിസ്ഥിതിയിലെ ആഘാതം ഒരേ നിരക്കില്‍ വളരുന്നില്ല' ഡബ്ല്യുടിടിസി ചെയര്‍ അര്‍നോള്‍ഡ് ഡൊണാള്‍ഡിനൊപ്പമുണ്ടായിരുന്ന സിംപ്സണ്‍ പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ മേഖലയുടെ പ്രാധാന്യം വളരെ വലുതാണ്. ഇന്ന് ലോകമെമ്പാടും സൃഷ്ടിക്കപ്പെടുന്ന അഞ്ച് പുതിയ തൊഴിലവസരങ്ങളില്‍ ഒന്ന് ട്രാവല്‍, ടൂറിസം മേഖലയില്‍ നിന്നുള്ളതാണ്.
മൂന്ന് ദിവസത്തെ ആഗോള ഉച്ചകോടിയില്‍ 45 രാജ്യങ്ങളില്‍ നിന്നുള്ള 1000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.