image

27 Sep 2023 8:39 AM GMT

Travel & Tourism

ഡിസ്‌നി മോഡല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന് തമിഴ്‌നാട്

MyFin Desk

tamil nadu for disney model amusement park
X

Summary

  • ടൂറിസം നയത്തിനുകീഴില്‍ 12 മേഖലകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്
  • ഇന്ത്യന്‍ അമ്യൂസ്മെന്റ് പാര്‍ക്ക് മേഖല, ആഗോളവ്യവസായത്തിന്റെ ഒരു ശതമാനം മാത്രം
  • ഫിലിം ടൂറിസം പദ്ധതിയും ആരംഭിക്കും


ഡിസ്‌നി മോഡല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് തമിഴ്‌നാട് പദ്ധതിയിടുന്നു. ചെന്നൈയുടെ പുറത്ത് ഡിസ്‌നിയും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും നടത്തുന്ന പാര്‍ക്കുകളുടെ മാതൃകയിലാകും തീം പാര്‍ക്ക് വികസിപ്പിക്കുക. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 100 ഏക്കറിലാകും പാര്‍ക്ക് ഒരുങ്ങുക.

സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് പുറത്തിറക്കിയ നയത്തിനുകീഴില്‍ 12 വിനോദസഞ്ചാര സെഗ്മെന്റുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സാഹസിക ടൂറിസം, വിനോദ സഞ്ചാരം, കാരവന്‍ ടൂറിസം, ഗ്രാമീണ, പ്ലാന്റേഷന്‍ ടൂറിസം, തീരദേശ വിനോദസഞ്ചാരം, മെഡിക്കല്‍, വെല്‍നസ് ടൂറിസം, തീർഥാടക സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍, സാംസ്‌കാരിക ടുറിസം, ഇക്കോ ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയവയാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. വിനോദ വിനോദസഞ്ചാരത്തിന്റെ ഭാഗമാണ് നിര്‍ദ്ദിഷ്ട അമ്യൂസ്‌മെന്റ് പാര്‍ക്ക്.

''ഡിസ്നി, യൂണിവേഴ്സല്‍ സ്റ്റുഡിയോ പോലെയുള്ള ആഗോള തീം പാര്‍ക്കുകള്‍ക്ക് സമാനമായി ചെന്നൈയുടെ പ്രാന്തപ്രദേശത്ത് കുറഞ്ഞത് 100 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു വലിയ ഫോര്‍മാറ്റ് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് വിഭാവനം ചെയ്യുന്നു. അമ്യൂസ്മെന്റ് പാര്‍ക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കും,'' രേഖയില്‍ പറയുന്നു.

ഇന്ത്യന്‍ അമ്യൂസ്മെന്റ് പാര്‍ക്ക് മേഖല 500 ദശലക്ഷം ഡോളറിന്‍റേതാണ്. 4900 കോടി ഡോളറിന്റെ ആഗോള വ്യവസായത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇത്. ഐബിഇഎഫ് പറയുന്നതനുസരിച്ച്, അഞ്ചുലക്ഷത്തിലധികം പേര്‍ സന്ദര്‍ശിക്കുന്ന 15-20 വിനോദങ്ങള്‍ മാത്രമേ രാജ്യത്തുള്ളു. ഇമാജിക്ക അഡ്ലാബ്സ് (ലോണാവാല), കിംഗ്ഡം ഓഫ് ഡ്രീംസ് (ഗുഡ്ഗാവ്), വണ്ടര്‍ലാ (ബാംഗ്ലൂര്‍, കൊച്ചി) എന്നിവയാണത്.

ഈ ടൂറിസം പോളിസി, വിനോദ വിനോദസഞ്ചാരത്തിന് കീഴില്‍ മറ്റൊരു താല്‍പ്പര്യമുള്ള മേഖലയായി ഗോള്‍ഫ് ടൂറിസത്തെയും ഉയര്‍ത്തിക്കാട്ടുന്നു.

'തമിഴ്നാട്ടില്‍ നിരവധി ഗോള്‍ഫ് കോഴ്സുകളുണ്ട്. അവ പ്രധാനമായും മലയോര പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കുന്നുകളുടെയും തോട്ടങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. ഈ ഗോള്‍ഫ് കോഴ്സുകള്‍ ചുറ്റുമുള്ള പട്ടണങ്ങളില്‍ നിന്നും ചെന്നൈയിലും കോയമ്പത്തൂരിലും താമസിക്കുന്ന പ്രവാസികളെയും ഗണ്യമായ മറ്റ് സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നു. വിനോദ വിനോദസഞ്ചാരത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കാവുന്ന താമസ സൗകര്യങ്ങളുടെ വികസനത്തിനായി മലയോര മേഖലകളില്‍ സ്ഥിതി ചെയ്യുന്ന ഗോള്‍ഫ് കോഴ്സുകളുമായി വകുപ്പ് ഇടപെടും', രേഖയില്‍ പറയുന്നു.

കൂടാതെ, എല്ലാ വിഭാഗങ്ങളിലും ഫിലിം ടൂറിസം പ്രോത്സാഹിപ്പിക്കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. ''തമിഴ്നാട്ടില്‍ സിനിമാ ചിത്രീകരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും വ്യക്തമാക്കുന്ന ഒരു ഫിലിം ടൂറിസം പദ്ധതി പ്രത്യേകം ആരംഭിക്കും,'' അതില്‍ പറയുന്നു. സമാനമായ ഫിലിം ടൂറിസം പദ്ധതികള്‍ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.