image

18 March 2024 10:35 AM GMT

Travel & Tourism

യാത്രകളിൽ കരിനിഴൽ വീഴ്ത്തി വേനൽച്ചൂട്, ടൂറിസം കിതക്കുന്നു

MyFin Desk

യാത്രകളിൽ കരിനിഴൽ വീഴ്ത്തി വേനൽച്ചൂട്, ടൂറിസം കിതക്കുന്നു
X

Summary

  • വേനൽചൂടിൽ വാടി വിനോദസഞ്ചാര മേഖല
  • വേനൽച്ചൂട് കൂടിയതോടെ ജനങ്ങൾ യാത്ര ചെയ്യാൻ മടിക്കുന്നു
  • ടൂറിസം മേഖല ഏതാണ്ട് നിശ്ചലമായി


അവധിക്കാലം ആഘോഷിക്കുന്നവരുടെ വിമാന യാത്രാ പദ്ധതികളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വേനൽച്ചൂട് കുതിച്ചുയരുന്നു. വിനോദയാത്രകൾ കുറഞ്ഞതോടെ ടൂറിസം മേഖല ഏതാണ്ട് നിശ്ചലമായി. ഏപ്രിൽ,മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകൾക്കൊപ്പം വേനൽച്ചൂട് കൂടിയാകുന്നതോടെ ജനങ്ങൾ യാത്ര ചെയ്യാൻ താത്പര്യപ്പെടാത്ത സ്ഥിതിയിലാണ്. തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് ധാരാളം ട്രാവൽ കമ്പനികൾ വേനൽക്കാലത്തെ വിമാന ടിക്കറ്റുകളുടെ പതിവ് പ്ലാനുകൾ പിൻവലിച്ചിരുന്നു.

വർഷത്തിൽ ഏത് സമയത്തും നടത്താവുന്ന മക്കയിലേക്കുള്ള ഇസ്ലാമിക തീർത്ഥാടനമായ ഉംറയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ധാരാളം തീർത്ഥാടകർ കേരളത്തിലെ പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് യാത്രാ തീയതികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ പറഞ്ഞു. സാധാരണ ഗതിയിൽ തീർത്ഥാടനം പൂർത്തിയാക്കാൻ കുറഞ്ഞത് 15 ദിവസമെങ്കിലും വേണ്ടിവരും.

വാർഷിക സ്‌കൂൾ പരീക്ഷകൾക്ക് ശേഷം സാധാരണയായി കേരളത്തിൽ നിന്ന് വിദേശത്ത് പോകുന്നവരുടെ യാത്രാ പദ്ധതികളിലും മാറ്റം വന്നിട്ടുണ്ട്. കുടുംബാംഗങ്ങളുമായി വീട്ടിലിരിക്കാനാണ് കൂടുതൽ പേരും താത്പര്യപ്പെടുന്നത്.

ഹിൽസ്റ്റേഷനുകൾക്ക് പ്രിയമേറുന്നു

വിനോദസഞ്ചാരികളുടെ ശീലങ്ങൾ മാറിയതോടെ കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലും മാറ്റംവന്നു തുടങ്ങി. കൊടും ചൂടിൽ നിന്ന് രക്ഷനേടാൻ ഇടുക്കിയിലോ വയനാട്ടിലോ ഉള്ള തണുത്ത ഹിൽ സ്‌റ്റേഷനുകളിലേക്കാണ് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നത്. എന്നിരുന്നാലും വേനൽ അവധിക്ക് സാധാരണ ഉണ്ടാകുന്ന തിരക്ക് ഇത്തവണയില്ലെന്ന് കേരള വോയേജസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് സ്‌കറിയ പറഞ്ഞു.

വേനൽക്കാലം കൂടുതൽ കഠിനമായിക്കൊണ്ടിരിക്കുകയാണ്. മൂന്നാറിലെ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസാണ്. ഹിൽസ്റ്റേഷനിൽ നല്ല തണുപ്പായതിനാൽ ഭൂരിഭാഗം ഹോട്ടലുകളിലും എയർകണ്ടീഷനിംഗ് ഇല്ല. എന്നാൽ ഇത്തവണ ധാരാളം പേർ എസി മുറികൾ ആവശ്യപ്പെട്ടിരുന്നു. അതിനാൽ ധാരാളം ബുക്കിംഗ് റദ്ദാക്കലുകൾ ഉണ്ടായതായും സ്‌കറിയ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 5,000 മുറികളാണ് മൂന്നാറിൽ കൂട്ടിച്ചേർത്തത്.

താപനില ഉയരുന്നു

പാരിസ്ഥികമായി ദുർബലമായ പ്രദേശത്തിന്റെ നഗരവത്കരണം,കാലാവസ്ഥാ വ്യതിയാനം എന്നിവ ഹിൽസ്റ്റേഷനുകളിലും താപനില ഉയരാൻ കാരണമായി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്‌റ്റേഷൻ റീഡിംഗുകൾ അനുസരിച്ച് ,ഇടുക്കിയിൽ 26 ഡിഗ്രി സെൽഷ്യസിനും38 ഡിഗ്രി സെൽഷ്യസിനും ഇടയിലും വയനാട്ടിൽ 30 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഉയർന്ന താപനില. ജനപ്രിയ ഹിൽസ്റ്റേഷനുകളിൽ ഹോസ്പിറ്റാലിറ്റി വ്യവസായം പ്രതീക്ഷിക്കാത്ത കാര്യമാണിതെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.