23 Jan 2025 7:12 AM GMT
ടൂറിസം മേഖലയ്ക്ക് സ്റ്റാർട്ടപ്പ് ആശയങ്ങൾ; ധാരണാപത്രം ഒപ്പിട്ട് കേരള ടൂറിസം വകുപ്പും സ്റ്റാർട്ടപ്പ് മിഷനും
MyFin Desk
കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആധുനിക കാരവന്‍ പാര്‍ക്കുകള്‍, സ്റ്റാര്‍ട്ടപ്പ് പോഡ് പദ്ധതി, ക്ലീന്‍ ടോയ്ലറ്റ് സംവിധാനം, ബഹുഭാഷാ ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍, ഫ്രീഡം സ്ക്വയര്‍ എന്നിവയ്ക്കാണ് ധാരണാപത്രം പ്രഥമ പരിഗണന നല്കുന്നത്.
ടൂറിസം മേഖലയുടെ പ്രവര്‍ത്തനക്ഷമതയും ഉപഭോക്തൃ ഇടപെടലും വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജകമായി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം ഇന്നൊവേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കും. ടൂറിസം മേഖലയ്ക്ക് അനുയോജ്യമായ നൂതന പരിഹാരങ്ങള്‍ പരിപോഷിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള കാരവന്‍ ടൂറിസത്തിന്‍റെ വികസനവും പ്രോത്സാഹനവും ആധുനിക കാരവന്‍ പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നു. പ്രകൃതിരമണീയസ്ഥലങ്ങളില്‍ വിദൂര തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച് ആളുകള്‍ക്ക് ജോലി ചെയ്യുന്നതിന് ആവശ്യമായ കോ-വര്‍ക്കിങ് സൗകര്യത്തോടൊപ്പം മനോഹരമായ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് പോഡ്.
വിനോദ സഞ്ചാരികള്‍ക്ക് ഉപയോക്തൃ സൗഹൃദപരമായ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ബഹുഭാഷാ ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍. സഞ്ചാരികളുടെ യാത്ര ലളിതമാക്കുന്നതിനും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നതിനും കിയോസ്കുകള്‍ ഉപകരിക്കും. പരസ്പരം അറിവ് പങ്കിടുന്നതിനും പ്രോജക്ടുകളില്‍ സഹകരിക്കുന്നതിനും സംരംഭകാശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും സമാന ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് ഒത്തുചേരാനുള്ള ഇടമാണ് ഫ്രീഡം സ്ക്വയര്‍. ജില്ലകള്‍ കേന്ദ്രീകരിച്ച് ഫ്രീഡം സ്ക്വയറുകള്‍ സ്ഥാപിക്കുമെന്നും ധാരണാപത്രത്തിലുണ്ട്.