image

7 Sep 2023 6:15 AM GMT

Travel & Tourism

സഞ്ചാരികളുടെ ഒഴുക്ക് ; പ്രവേശനം നീട്ടി ഇടുക്കി, ചെറുതോണി ഡാമുകള്‍

Kochi Bureau

tourists without catching Idukki
X

Summary

  • വിനോന്ദ സഞ്ചാരത്തിന് യാതൊരു ബ്രാന്‍ഡ് നെയിമുകളും ആവശ്യമില്ലാത്ത ജില്ലയാണ് ഇടുക്കി.


ഇടുക്കി തിരക്കിലാണ്. കണ്ടു തീരാത്ത കാഴ്ച്ചകള്‍ സമ്മാനിച്ചുകൊണ്ട് ഇടുക്കി മിടുക്കിയായി മാറിയിരിക്കുകയാണ്. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് വന്നിട്ടുണ്ട്. സഞ്ചാരികളുടെ വര്‍ധനവിനെ തുടര്‍ന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശന കാലയളവ് ഒക്ടോബര്‍ 31 വരെ നീട്ടി. ഓണം പ്രമാണിച്ച് ഓഗസ്റ്റ് 31 വരെയായിരുന്നു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിരുന്നത്. സ്‌ക്കൂള്‍ കുട്ടികള്‍ മുതല്‍ വിദേശ വിനോദസഞ്ചാരികളുടെ വരെ വന്‍ തിരക്ക് പരിഗണിച്ചാണ് ഈ തീരമാനമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

12 ദിവസം കൊണ്ട് 15,000 പേരാണ് അണക്കെട്ട് സന്ദര്‍ശിച്ചത്. ഇതില്‍ 3000 സ്‌ക്കൂള്‍ കുട്ടികളാണ്. ബുധനാഴ്ച്ചകളൊഴികെ എല്ലാ ദിവസവും അണക്കെട്ടുകളില്‍ പ്രവേശനം ഉണ്ടായിരിക്കും.

രാവിലെ 9.30 മുതല്‍ വൈകീട്ട് 5.00 മണിവരെയാണ് സന്ദര്‍ശന സമയം. സുരക്ഷയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ നിരോധിച്ചിട്ടുണ്ട്.

ചെറുതോണി അണക്കെട്ട് മുതല്‍ ഇടുക്കി ആര്‍ച്ച് ഡാം, വൈശാലി ഗുഹ എന്നിവ കാണാന്‍ അവസരം ഉണ്ട്. സന്ദര്‍ശകര്‍ക്കായി ബഗ്ഗി കാറും ലഭ്യമാണ്. കൂടാതെ വലിയ യാത്രാ സംഘത്തിനായി കെഎസ്ഇബിയുടെ ടെമ്പോ ട്രാവലര്‍ സൗകര്യവും ലഭ്യമാണ്. ഡാമില്‍ ബോട്ട് യാത്രയും നടത്താം.

ഡാം സന്ദര്‍ശനത്തിന് കുട്ടികള്‍ക്ക് 20 രൂപയും മുതിര്‍ന്നവര്‍ക്ക് 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ട് പേര്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്.

ചില്ലു പാലത്തിലൂടെ ഇടുക്കി

രാജ്യത്തെ ഏറ്റവും നീളമേറിയ ക്യാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജും ഇടുക്കിയിലാണ്. കഴിഞ്ഞ ദിവസമാണ് വാഗമണിലുള്ള ഈ ചില്ലു പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയത്.

ഇടുക്കി ഡിടിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് മൂന്ന് കോടി രൂപ ചെലവില്‍ ചില്ലു പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള കിക്കി സ്റ്റാര്‍സും ഡിടിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ഒരേ സമയം 30 പേര്‍ക്ക് പ്രവേശിക്കാവുന്ന ചില്ലുപാലത്തില്‍ ഒരാള്‍ക്ക് 500 രൂപയാണ് പ്രവേശന നിരക്ക്.

പിന്നെയുമേറെ സ്ഥലങ്ങള്‍

തേക്കടി, മാട്ടുപ്പെട്ടിയിലുമെല്ലാം ബോട്ട് സഫാരിക്ക് സഞ്ചാരികളുടെ തിരക്കാണ്. കൂടാതെ ആപ്പിള്‍ തോട്ടങ്ങൾ ഏറെയുള്ള കാന്തല്ലൂരും മറയൂരും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ഓഫ് റോഡ് യാത്രകള്‍ക്കും ഇവ പ്രസിദ്ധമാണ്. ഓണ അവധിക്ക് മുന്‍പ് തന്നെ ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളും ബുക്കിംഗ് പൂര്‍ത്തിയായിരുന്നു.

ഡിടിപിസിയുടെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ്ൽ വാഗമണിലാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയത്. ഓഗസ്റ്റ 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മാത്രം 14,878 പേരാണ് ഇവിടെ എത്തിയത്.