9 Aug 2023 10:15 AM GMT
രാജ്യാന്തര ശ്രദ്ധാ കേന്ദ്രമായി വര്‍ക്കല; ടൂറിസം മാസ്റ്റര്‍ പ്ലാനുമായി കേരളം
Kochi Bureau
Summary
- വികസനത്തിലൂടെ വര്‍ക്കലയ്ക്ക ഉയര്‍ന്ന പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍
വിനോദ ഭൂപട മാപ്പില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഇടവാണ് കേരളത്തിന്റെ സ്വന്തം വര്‍ക്കല. തിരയും തീരവും ഉദയാസ്തമനവും കാണാന്‍ വിദേശ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ വര്‍ക്കലയും സ്ഥാനം പിടിച്ച് കഴിഞ്ഞു. അത്‌കൊണ്ട് തന്നെ മേഖലയിലെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണ് കേരളം. ഇതിന്റെ ഭാഗമായി കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി കഴിഞ്ഞു.
ഘട്ടംഘട്ടമായി ആരംഭിക്കുന്ന വികസനത്തില്‍ വര്‍ക്കലയ്ക്കു ഉയര്‍ന്ന പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഫ്‌ലോട്ടിങ് ബ്രിജ് അനുവദിക്കുമെന്നും കൂടാതെ രാജ്യാന്തര നിലവാരത്തിലുള്ള ടോയ്ലറ്റ് സംവിധാനം കൊണ്ടുവരാന്‍ പദ്ധതിയുള്ളതായും വര്‍ക്കല സന്ദര്‍ശിച്ച് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
വലിയ തുക ചെലവഴിച്ചാണ് പദ്ധതികള്‍ ആരംഭിക്കുന്നത്. ടൂറിസം വികസനത്തിനു വേണ്ടി നിലവില്‍ വിവിധ ഘട്ടങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രണ്ടാംഘട്ടമായി മാലിന്യ സംസ്‌കരണം, പാര്‍ക്കിങ് തുടങ്ങിയവയായിരിക്കും. മാലിന്യ സംസ്‌കരണത്തിന് ഡിടിപിസി, നഗരസഭയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. മൂന്നാംഘട്ടത്തില്‍ ക്ലിഫ് സംരക്ഷണത്തിന് പുതിയ പദ്ധതി നടപ്പിലാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടൂറിസം ഡയറക്ടറുടെ നേതൃത്വത്തില്‍ നേരത്തെ പരിശോധിച്ച് പഠന വിധേയമായ വിഷയങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വര്‍ക്കലയിലെ കാഴ്ച്ചകള്‍
മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. മതപരമായ പ്രാധാന്യം കൂടിയുള്ള പ്രദേശമാണിത്. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന് പാപനാശം കടല്‍ എന്ന പേരു നേടിക്കൊടുത്തത്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് കരുതിവരുന്നത്. ഈ ഉറവയില്‍ കുളിക്കുന്നത് വര്‍ക്കലയില്‍ പ്രശസ്തമാണ്. കടല്‍ത്തീരത്തെ അഭിമുഖീകരിച്ചാണ് പാറക്കെട്ടുകള്‍ക്കിടയില്‍ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന്റെ സ്ഥാനം. 2000 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയുന്നു. ശ്രീ നാരായണ ഗുരുവിന്റെ (1856 -1928) പ്രവര്‍ത്തന കേന്ദ്രവും പിന്നീട് സമാധി സ്ഥലവുമായിത്തീര്‍ന്ന ശിവഗിരി മഠവും വര്‍ക്കലയില്‍ തന്നെ.
കൊല്ലത്തു നിന്ന് 37 കിലോമീറ്ററും തിരുവന്തപുരത്ത് നിന്ന് ഏതാണ്ട് 51 കിലോമീറ്ററുമാണ് വര്‍ക്കലയിലേക്കുള്ള ദൂരം. മൂന്ന് കിലോമീറ്റര്‍ വ്യത്യാസത്തില്‍ റെയില്‍വേ സ്‌റ്റേഷനുമുണ്ട്.