24 Jan 2024 11:52 AM GMT
Summary
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. യാത്രക്കാരുടെ എണ്ണം 35 ശതമാനം ഉയര്‍ന്ന് 51.58 ദശലക്ഷത്തിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളിലാണ് ഈ നേട്ടം. 25.4 ദശലക്ഷത്തിലധികം യാത്രാരാണ് ഈ വര്‍ഷം വന്നിറങ്ങിയത്. ഇവിടെ നിന്നും യാത്ര തുടങ്ങിയവര്‍ 26.1 ദശലക്ഷം വരും.
ഡെല്‍ഹി, ബെംഗളൂരു, ചെന്നൈ, എന്നിവിടങ്ങളിലേക്കാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര യാത്രകള്‍ കൂടുതല്‍. ദുബായ്, ലണ്ടന്‍, അബുദാബി എന്നിവയാണ് പ്രധാന വിദേശ ലക്ഷ്യങ്ങൾ
കൊവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, മൊത്തം ട്രാഫിക്കിലെ വളര്‍ച്ച 110 ശതമാനമാണെന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പറഞ്ഞു. എയര്‍ ട്രാഫിക്ക് മൂവ്‌മെന്റിലും (എടിഎം) 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2023ല്‍, ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 2,77,052 എടിഎമ്മുകളെ അപേക്ഷിച്ച് 3,34,391 വരവും പോക്കും വഴി 20 ശതമാനം കൂടുതല്‍ എടിഎമുകള്‍ കൈകാര്യം ചെയ്തതായി അധികൃതര്‍ പറഞ്ഞു.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആഭ്യന്തര വ്യോമയാന വ്യവസായത്തില്‍ മികച്ച മുന്നേറ്റമുണ്ടായിട്ടുണ്ട്. 2023 ലെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന യാത്രാ ഗതാഗതം നവംബര്‍ 25 നായിരുന്നു, 1,67,132 യാത്രക്കാര്‍ ഈ സൗകര്യത്തിലൂടെ യാത്ര ചെയ്തു.