11 May 2024 10:49 AM GMT
Summary
- പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും
സഞ്ചാരികൾക്ക് വിസ്മയമായി 126-ാമത് ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും.
പത്ത് ലക്ഷം പൂച്ചെടികളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 19ാമത് പനിനീർ പൂമേളയും ഊട്ടി വിജയനഗരം റോസ് ഗാർഡനിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള. ഊട്ടി പുഷ്പമേളയ്ക്ക് നൂറു വർഷത്തിലധികം പഴക്കമുണ്ട്.
ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക. ബംഗളൂരു, ഹൊസൂർ ഭാഗങ്ങളിൽ നിന്നാണ് മേളയിലേക്കുള്ള കാർണീഷ്യം പൂക്കൾ എത്തിച്ചിരിക്കുന്നത്.
മെയ് 17 മുതൽ അഞ്ച് ദിവസം നടത്താനിരുന്ന വാർഷിക പുഷ്പമേള പിന്നീട് മേയ് 10 മുതൽ നടത്താൻ തീരുമാനമാവുകയായിരുന്നു. ഓൺലൈന്‍ ആയും പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടും എടുക്കാം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്.