3 Jan 2025 11:02 AM GMT
Summary
- 20 കോച്ചുകളുള്ള വന്ദേഭാരത് കൊച്ചുവേളിയില്‍ എത്തിച്ചേര്‍ന്നു
- എട്ട് കോച്ചുകളുമായി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-മംഗളൂരു ട്രെയിന് പകരമുള്ള വണ്ടി രണ്ടാം ഘട്ടത്തിലെത്തും
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ട്രെയിനില്‍ അധികമായി ഇനി അധികമായി നാല് കോച്ചുകള്‍ കൂടി ഉണ്ടാകും.
ചെന്നൈ സെന്‍ട്രല്‍ ബേസിന്‍ ബ്രിഡ്ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ 20 കോച്ചുകളുള്ള വന്ദേഭാരത് കൊച്ചുവേളിയില്‍ എത്തിച്ചേര്‍ന്നു.
നിലവില്‍ 16 കോച്ചുകളുമായാണ് തിരുവനന്തപുരം-കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഇത് ഇനി 20 ആയി ഉയര്‍ത്തുന്നതോടെ 312 സീറ്റുകള്‍ വര്‍ധിക്കും.
കേരളത്തില്‍നിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ സ്പെയര്‍ വണ്ടിയായി തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയില്‍ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം.
20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാല്‍ ചെന്നൈ അമ്പത്തൂരില്‍ ഒന്നരമാസമായി നിര്‍ത്തിയിട്ടുരുന്ന ദക്ഷിണ റെയില്‍വേയുടെ വണ്ടിയാണ് കേരളത്തിലെത്തിയത്.
അതേസമയം എട്ട് കോച്ചുകളുമായി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് പകരമുള്ള തീവണ്ടി രണ്ടാംഘട്ടത്തിലാകും എത്തുക.