image

28 Sep 2024 6:10 AM GMT

Travel & Tourism

ലോക ടൂറിസം ദിനത്തിൽ കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ ! ബെസ്റ്റ് ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും

MyFin Desk

ലോക ടൂറിസം ദിനത്തിൽ കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ !  ബെസ്റ്റ് ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും
X

Summary

ദേശിയ തലത്തിൽ ഈ വർഷം ലഭിക്കുന്ന രണ്ടാമത്തെ അംഗീകാരം


കേന്ദ്ര സർക്കാരിൻ്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിൽ തുടർച്ചയായി രണ്ടാം വർഷവും കേരള ടൂറിസത്തിന് പുരസ്കാരം. ഇത്തവണ രണ്ട് പുരസ്കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ പദ്ധതികൾക്കാണ് 2 പുരസ്കാരങ്ങളും. ഉത്തരവാദിത്ത മിഷൻ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകൾക്കാണ് പുരസ്കാരം.

കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവുമാണ് ലഭിച്ചത്. കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര്‍ ടി മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവർണ്ണ പുരസ്കാരം ലഭിച്ചിരുന്നു.

ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിൻറെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനുഷ വി വി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.