22 March 2024 5:56 AM GMT
Summary
- ഒമ്പതിനായിരത്തിലധികം ട്രിപ്പുകളിലായി അഞ്ച് ലക്ഷത്തിലധികം പേര്‍ ഇതുവരെ യാത്ര ചെയ്തു
- അമ്പതോളം യൂണിറ്റുകളിലായാണ് നിലവില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പ്രവര്‍ത്തിക്കുന്നത്
- കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ യൂണിറ്റാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്
കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ നേടുന്നത് കോടികളുടെ വരുമാനം.
2021 നവംബറില്‍ യാത്രകള്‍ ആരംഭിച്ചതിന് ശേഷം 2023 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 29 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വരുമാനമായി ലഭിച്ചത്.
ഒമ്പതിനായിരത്തിലധികം ട്രിപ്പുകളിലായി അഞ്ച് ലക്ഷത്തിലധികം പേര്‍ ഇതുവരെ യാത്ര ചെയ്തിട്ടുണ്ട്.
അമ്പതോളം യൂണിറ്റുകളിലായാണ് നിലവില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പ്രവര്‍ത്തിക്കുന്നത്.
കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ യൂണിറ്റാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
പത്തനംതിട്ട, പാലക്കാട്, ചാലക്കുടി, മലപ്പുറം എന്നീ യൂണിറ്റുകള്‍ പിന്നാലെയുണ്ട്. 2.53 കോടിയാണ് കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച വരുമാനം. പത്തനംതിട്ട 2.17 കോടി, പാലക്കാട് 2.14 കോടി, ചാലക്കുടി 2.11 കോടി, മലപ്പുറം 1.91 കോടി എന്നിങ്ങനെയാണ് വരുമാനം നേടിയത്.
വിനോദസഞ്ചാര, വനം വകുപ്പുകളുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജുകള്‍ നിശ്ചയിക്കുന്നത്.
ടൂറിസം സര്‍വീസുകളില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുത്തത് മലക്കപ്പാറ സര്‍വീസുകളാണ്. ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നതും കൂടുതല്‍ ആവശ്യക്കാരുള്ളതും മൂന്നാര്‍ പാക്കേജിനാണ്.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതോടൊപ്പം കെ.എസ്.ആര്‍.ടി.സിക്ക് അധികവരുമാനം കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.