26 Feb 2024 11:21 AM GMT
Summary
- തലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി
- ഏഴ് മണിക്കൂര്‍ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്
- ഗ്രൂപ്പായും ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്
തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക, വിനോദ സഞ്ചാര ഇടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്കായി തലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി.
ഒരേസമയം നഗരകാഴ്ചകളും ആകാശകാഴ്ചകളും യാത്രികര്‍ക്ക് ഇതിലൂടെ ആസ്വദിക്കാനാവും.
250 രൂപയാണ് നിരക്ക്. 2.15 ന് തലശ്ശേരി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.15 ന് തിരിച്ചെത്തുന്ന രീതിയില്‍ ഏഴ് മണിക്കൂര്‍ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്.
തലശ്ശേരി ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂരിലെ ഗുണ്ടര്‍ട്ട് സ്‌റ്റോറി ടെല്ലിങ് മ്യൂസിയം, തലശ്ശേരി പഴയ കോടതി കെട്ടിട സമുച്ഛയം, സെന്റിനറി പാര്‍ക്ക്, സിവ്യൂ പാര്‍ക്ക്, ഓവര്‍ബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവഹര്‍ഘട്ട്, കടല്‍പാലം, പാണ്ടികശാലകള്‍, ഗോപാലപേട്ട ഹാര്‍ബര്‍ എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസലിക്ക ചര്‍ച്ച്, മൂപ്പന്‍സ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം അഴിയൂരിലെത്തും. ഇവിടെ നിന്ന് ബൈപാസ് വഴി മുഴപ്പിലങ്ങാട് വഴി തലശ്ശേരിയില്‍ തിരിച്ചെത്തുന്നതാണ് റൂട്ട്.
അഞ്ച് വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും ടിക്കറ്റെടുക്കണം. പരമാവധി 55 പേരെ മാത്രമെ ഒരു ട്രിപ്പില്‍ അനുവദിക്കു.
ഗ്രൂപ്പായും ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഒരു ഗ്രൂപ്പില്‍ ഏറ്റവും കുറഞ്ഞത് 50 പേരെങ്കിലും ഉണ്ടായിരിക്കണം. ഈ യാത്രക്ക് സമയവും യാത്രക്കാരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
ബുക്കിങിന് വേണ്ടി: 9495650994, 9895221391, 9847940624 നമ്പറുകളില്‍ ബന്ധപ്പെടാം.