11 May 2024 11:42 AM GMT
Summary
- റിസര്‍വേഷന്‍ ആരംഭിച്ചു.
- വിഴിപ്പുറത്ത് സ്റ്റോപ്പുള്ളത് പോണ്ടിച്ചേരി യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താം.
- ഇരുദിശയിലും 14 ട്രിപ്പുകളാണുള്ളത്
കൊച്ചുവേളിയില്‍ നിന്നും കൊല്ലം ചെങ്കോട്ട വഴി ചെന്നൈ പോയി വന്നാലോ, അതും എസി ട്രെയിനില്‍. എന്നാല്‍ യാത്രക്ക് അധികം കാത്തിരിക്കേണ്ടെന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിരിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ റൂട്ടിലൂടെ എസി സ്‌പെഷല്‍ ട്രെയിനാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. മീറ്റര്‍ഗേജ് മാറി ബ്രോഡ്‌ഗേജായ ശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവന്തപുരത്ത് നിന്ന് ട്രെയിനോടിക്കാന്‍ റെയില്‍വേ തയ്യാറായിരിക്കുന്നത്.
ചെന്നൈയ്ക്കടുത്തുള്ള താംബരം- കൊച്ചുവേളി സ്‌പെഷല്‍ ട്രെയിന്‍ (06035) വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ (06036) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7.35ന് താംബരത്ത് എത്തും. താംബരത്തുനിന്നുള്ള സര്‍വീസ് മേയ് 16 മുതലും കൊച്ചുവേളിയില്‍ നിന്നുള്ളത് മേയ് 17നും ആരംഭിക്കും. ഇരുദിശയിലും 14 ട്രിപ്പുകള്‍ നടത്തും. ജൂണ്‍ വരെയാണു സ്‌പെഷല്‍ സര്‍വീസ് എങ്കിലും യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കില്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. 14 തേഡ് എസി ഇക്കോണമി കോച്ചുകളാണു ട്രെയിനിലുണ്ടാക്കുക. കൊച്ചുവേളി-ചെന്നൈ ടിക്കറ്റിന് 1335 രൂപയാണ് നിരക്ക്.
ചെങ്കല്‍പേട്ട്, മേല്‍മറുവത്തൂര്‍, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പാമ്പാകോവില്‍ ഷാന്‍ഡി, കടയനല്ലൂര്‍, തെങ്കാശി, തെന്‍മല, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. കൂടാതെ വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാല്‍ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവര്‍ക്കും സര്‍വീസ് ഗുണകരമാണ്.