image

9 Nov 2023 5:51 AM GMT

Travel & Tourism

ലണ്ടന്‍ മേള: മികച്ച പവലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്

MyFin Desk

Kerala won the award for the best pavilion at London WTM
X

Summary

  • ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്ത ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘം കേരള പവലിയനു മുന്നില്‍.
  • 44-ാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള 11 വ്യാപാര പങ്കാളികള്‍ പങ്കെടുത്തു.


ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം-2023) മികച്ച പവലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം സെക്രട്ടറി കെ. ബിജു പുരസ്‌കാരം ഏറ്റുവാങ്ങി.

ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ഡബ്ല്യുടിഎമ്മിലെ മികച്ച പവലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ സഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് വേഗത്തിലാക്കുന്നതാണ് പുതിയ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള സംരംഭകരേയും വ്യവസായികളേയും ആകര്‍ഷിക്കുന്നതായിരുന്നു കേരള പവിലിയന്‍. കേരളത്തിന്റെ ടൂറിസം ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഡബ്ല്യുടിഎം സഹായകമായി.

ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘമാണ് ഡബ്ല്യുടിഎമ്മില്‍ പങ്കെടുത്തത്. ഈ മാസം ആറിനു ആരംഭിച്ച മൂന്നു ദിവസത്തെ ഡബ്ല്യുടിഎമ്മിന്റെ 44-ാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള 11 വ്യാപാര പങ്കാളികള്‍ പങ്കെടുത്തു.

കേരളത്തിലെ ഉത്സവാഘോഷങ്ങളെ അടയാളപ്പെടുത്തുന്ന കേരള പവലിയന്‍ ഡബ്ല്യുടിഎമ്മിലെ പ്രധാന ആകര്‍ഷണമായിരുന്നു. 'ദി മാജിക്കല്‍ എവരി ഡേ' എന്ന പ്രമേയത്തില്‍ 126 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പവലിയന്‍ സജ്ജീകരിച്ചിരുന്നത്. ഒരു ജോടി കൂറ്റന്‍ കെട്ടുകാളകളുടെ പ്രതിമ കേരള പവലിയനെ ആകര്‍ഷകമാക്കി. ലോകമെമ്പാടുമുള്ള ടൂറിസം ബയേഴ്‌സിനെയും സെല്ലേഴ്‌സിനേയും ആകര്‍ഷിക്കുന്ന പ്രമുഖ ട്രാവല്‍-ടൂറിസം വ്യാപാര മേളയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു കേരള പവലിയന്‍.

ഡബ്ല്യുടിഎമ്മിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി മാറാന്‍ കേരള പവലിയന് കഴിഞ്ഞെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. കേരളത്തിന്റെ ഉത്പന്നങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ആഗോള ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തെ അവതരിപ്പിക്കുന്ന കാര്‍ ആന്‍ഡ് കണ്‍ട്രിയുടെ അടുത്ത വീഡിയോയുടെ ട്രെയിലര്‍ ലോഞ്ച് ഷോയും ഡബ്ല്യുടിഎമ്മിന്റെ ഭാഗമായുണ്ടായിരുന്നു. 1976-ലെ എഫ്1 ലോക ചാമ്പ്യനായ ഇതിഹാസ താരം ജെയിംസ് ഹണ്ടിന്റെ മകനും പ്രൊഫഷണല്‍ റേസിംഗ് ഡ്രൈവറുമായ ഫ്രെഡി ഹണ്ടിനൊപ്പം മലയാളികളായ ദീപക് നരേന്ദ്രനും ആഷിഖ് താഹിറും വീഡിയോയിലുണ്ട്.

അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, പയനിയര്‍ പേര്‍സണലൈസ്ഡ് ഹോളിഡേയ്‌സ്, അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, താമര ലഷര്‍ എക്‌സ്പീരിയന്‍സ്, ക്രൗണ്‍ പ്ലാസ കൊച്ചി, കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സാന്റമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സാന്ദരി റിസോര്‍ട്ട്‌സ്, കോസിമ ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ്, സ്പൈസ് ലാന്‍ഡ് ഹോളിഡെയ്‌സ് എന്നീ പങ്കാളികള്‍ ഉള്‍പ്പെടുന്നതാണ് കേരള പ്രതിനിധി സംഘം. കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സാണ് കേരള പവലിയന്‍ സജ്ജീകരിച്ചത്.