22 May 2024 11:00 AM GMT
Summary
- 52 ബയര്‍മാരുമായി ഇക്കുറി യു കെയാണ് വിദേശ പ്രതിനിധികളില്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തത്
- വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ഇത്തവണത്തെ കെടിഎമ്മില്‍ പദ്ധതിയുണ്ട്.
- ക്രൂസ് ടൂറിസമാണ് കെടിഎം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ഉത്പന്നം.
രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 12-ാമത് പതിപ്പിന് 72 വിദേശരാജ്യങ്ങളില്‍ നിന്ന് ബയര്‍ രജിസ്‌ട്രേഷന്‍. ഇതു വരെ ആകെ 592 വിദേശ ബയര്‍മാരാണ് കെടിഎമ്മിന് രജിസ്റ്റര്‍ ചെയ്തത്. 27 രാജ്യങ്ങള്‍ ഇത്തവണ അധികമെത്തി.
രാജ്യത്തെ ടൂറിസം മേഖല അഭൂതപൂര്‍വമായ വളര്‍ച്ച നേടുന്നതിന്റെ സൂചനയാണ് കെടിഎം 2024 ലേക്ക് വിദേശ പ്രതിനിധികളില്‍ നിന്നു വരുന്ന മികച്ച പ്രതികരണമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. കേരള ടൂറിസം വിദേശരാജ്യങ്ങളില്‍ നടത്തിയ മികച്ച വിപണന തന്ത്രത്തിന്റെ ഫലമാണിത് കാണിക്കുന്നത്. പ്രത്യേകിച്ച് വടക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ കേരള ടൂറിസത്തിന്റെ വളര്‍ച്ചയെ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബെല്‍ജിയം, ഭൂട്ടാന്‍, ബോട്‌സ്വാന, ബള്‍ഗേറിയ, ബര്‍മ്മ, ചൈന, കൊളംബിയ, സൈപ്രസ്, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ഗ്രീസ്, ഹംഗറി, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, ജപ്പാന്‍, ലാത്വിയ, മൗറീഷ്യസ്, നോര്‍വേ, സൗദി അറേബ്യ, സ്ലോവേനിയ, ടാന്‍സേനിയ, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 89 പ്രതിനിധികളാണ് പുതുതായി കെടിഎമ്മിന് എത്തുന്നത്.
ജൂലൈ 31 വരെ ഓണ്‍ലൈന്‍ ബയര്‍ രജിസ്‌ട്രേഷന് അവസരം ഉള്ളതിനാല്‍ ഇനിയും വിദേശത്തു നിന്നും രാജ്യത്തിനകത്തു നിന്നും ബയര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. ബയര്‍മാരുടെ പങ്കാളിത്തത്തില്‍ ഇത്തവണ സര്‍വ്വകാല റെക്കോഡ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
52 ബയര്‍മാരുമായി ഇക്കുറി യു കെയാണ് വിദേശ പ്രതിനിധികളില്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തത്. യുഎസ്എ (45), മലേഷ്യ(30) എന്നീ രാജ്യങ്ങളും സജീവമായി രംഗത്തുണ്ട്. 26 സംസ്ഥാനങ്ങളില്‍ നിന്നായി 1533 പ്രതിനിധികളാണ് രാജ്യത്തിനകത്തു നിന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര (460), ഡല്‍ഹി(257), ഗുജറാത്ത്(217) എന്നിവയാണ് ആഭ്യന്തര പ്രതിനിധികളില്‍ മുന്നിട്ടു നില്‍ക്കുന്നത്.
മാര്‍ട്ടിലെ സ്റ്റാളുകള്‍ക്കായി 364 പേരാണ് ഇതുവരെ താല്പര്യപത്രം നല്‍കിയിരിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് ഇക്കുറി സ്റ്റാളുകള്‍ ക്രമീകരിക്കുക.
2022 ല്‍ നടന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും 46 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 234 പേരുമടക്കം 1134 ബയര്‍മാര്‍ കെടിഎമ്മിനെത്തി. 325 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം -2022 ല്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ തവണത്തേതുപോലെ പൂര്‍ണ്ണമായും ഹരിത മാനദണ്ഡങ്ങള്‍ അനുസരിച്ച് ആയിരിക്കും കേരള ട്രാവല്‍ മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. സാഗര സാമുദ്രിക എന്നീ കണ്‍വെന്‍ഷന്‍ സെന്ററുകളിലായി ഒരു ലക്ഷം ചതുരശ്രയടി സ്ഥലമാണ് മാര്‍ട്ടിനായി മാറ്റിവച്ചിട്ടുള്ളത്.
സെപ്തംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമപ്രവര്‍ത്തകര്‍, വ്‌ളോഗര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍ നടക്കുന്നത്. 30 മുതല്‍ ഒക്ടോബര്‍ നാല് വരെ മാര്‍ട്ടിനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളും ഉണ്ടാകും.
വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ഇത്തവണത്തെ കെടിഎമ്മില്‍ പദ്ധതിയുണ്ട്. ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന എംഐസിഇ ടൂറിസം(മീറ്റിംഗ്‌സ് ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്‌സിബിഷന്‍സ്) വിഭാഗത്തിലും കൂടുതല്‍ പ്രധാന്യം കെടിഎമ്മില്‍ കൈവരും. ജി20 ഉച്ചകോടിയുടെ അനുബന്ധ സമ്മേളനം കുമരകത്ത് നടത്തിയത് ഈ ദിശയില്‍ വലിയ സാധ്യത തുറന്നു തന്നിട്ടുണ്ട്.
ക്രൂസ് ടൂറിസമാണ് കെടിഎം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ഉത്പന്നം. ആഡംബരക്കപ്പല്‍ യാത്ര, പകല്‍ സമയങ്ങളിലുള്ള ഡേ പാക്കേജ് ക്രൂസ് തുടങ്ങിയവയ്ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഈ സാധ്യതകൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
2000-മാണ്ടില്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.