image

4 Dec 2024 4:01 PM GMT

Travel & Tourism

കേരളത്തിൻ്റെ ടൂറിസം വിവരങ്ങൾ ഒറ്റ ക്ലിക്കിലറിയാം; നവീകരിച്ച വെബ്സൈറ്റ് പുറത്തിറക്കി

MyFin Desk

Kerala Tourisms revamped website launched
X

അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്.

അത്യാധുനികവും ആകര്‍ഷകവുമായ രീതിയില്‍ നവീകരിച്ച വെബ്‌സൈറ്റ് ഉപഭോക്തൃസൗഹൃദ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, പുതിയ ടൂറിസം ഉത്പന്നങ്ങള്‍, പദ്ധതികള്‍, ഹോട്ടലുകള്‍, ഭക്ഷണം, ഉത്സവങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിലുണ്ട്. ഇതുവഴി കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായേക്കും.

ഫ്രണ്ട്-എന്‍ഡിന്റിയാക്ട് ജെഎസും ഉംബാക്ക്-എന്‍ഡിന്‍ പൈഥണും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വെബ്‌സൈറ്റ് നവീകരിച്ചിട്ടുള്ളത്. ഇത് വെബ്‌സൈറ്റിന്റെ വേഗതയേറിയ പ്രവര്‍ത്തനം സാധ്യമാക്കും. അനുബന്ധ വിഷയങ്ങളിലേക്കുള്ള നാവിഗേഷന്‍, സുഗമമായ മള്‍ട്ടിമീഡിയ പ്ലേ ബാക്ക് എന്നിവയും മികച്ചതാക്കിയിട്ടുണ്ട്. എസ്ഇഒ ഒപ്റ്റിമൈസ്ഡ് ഉള്ളടക്കത്തോടെയാണ് വെബ്‌സൈറ്റിലെ പുതിയ പേജുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും ആകര്‍ഷകമായ വീഡിയോകളും പുതുക്കിയ ലേ ഔട്ടും പേജുകളെ ആകര്‍ഷകമാക്കുന്നു. ഒരു ലക്ഷത്തിലേറെ പേജുകളാണ് സൈറ്റിനുള്ളത്. മൊബൈല്‍, ടാബ്ലെറ്റ്, ഡെസ്‌ക്ടോപ്പ് എന്നിവയിലൂടെയുള്ള സുഗമവും വേഗത്തിലുള്ളതുമായ ബ്രൗസിംഗ് വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷതയാണ്. മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന ലളിതമായ നാവിഗേഷന്‍ വെബ്‌സൈറ്റ് സാധ്യമാക്കുന്നു.

യാത്രാപ്ലാനര്‍, എക്‌സ്പീരിയന്‍സ് കേരള-വേര്‍ ടു സ്റ്റേ തിംഗ്‌സ് ടു ഡു, ലൈവ് വെബ്കാസ്റ്റുകള്‍, വീഡിയോ ക്വിസുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ എന്നിവയും വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രികര്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, വിവരണങ്ങള്‍ എന്നിവ പങ്കിടാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട മള്‍ട്ടിമീഡിയ അനുഭവമാണ് മറ്റൊരു പ്രത്യേകത. 360 ഡിഗ്രി വിഡിയോകള്‍, റോയല്‍റ്റി-ഫ്രീ വീഡിയോകള്‍ എന്നിവയുള്ള വിഡിയോ ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സവിശേഷതകളെ കുറിച്ചുള്ള വീഡിയോ ക്ലിപ്പുകളുമുണ്ട്.