6 Oct 2023 6:45 AM GMT
Summary
- വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2,87,730 ആയിട്ടുണ്ട്
ഒരു മെഗാ ഫെസ്റ്റിവല്‍ സീസണ് തയ്യാറെടുക്കുകയാണ് കേരള ടൂറിസം. സീണില്‍ കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട് കേരളം. ഹോട്ടലുകളും ഹോംസ്‌റ്റേകളും നിരക്ക് ഉയർത്താനാണ് സന്ധ്യത എങ്കിലും സഞ്ചാരികള്‍ എത്തുമെന്നു തന്നെയാണ് വിലയിരുത്തല്‍.
സർക്കാർ ഏജൻസികളും ഈ അവസരം മുതലെടുക്കാൻ മുന്നിലുണ്ട്. ഫോര്‍ട്ട് കൊച്ചി, മലയാറ്റൂര്‍, ചെറായി, മുനമ്പം ഭൂതത്താന്‍ക്കെട്ട്, അതിരപ്പിള്ളി, ഏഴാറ്റുമുഖം പോലുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് എസി ബസ് യാത്രാ സൗകര്യം ഒരുക്കാനൊരുങ്ങുകയാണ് എറണാകുളം ഡിസ്ട്രിക് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) . ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനത്തിലാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനമായത്. നിരക്ക് സംബന്ധിച്ച തീരുമാനമായിട്ടില്ല.
കേരളത്തിലേക്കൊഴുകിയെത്തി സഞ്ചാരികള്‍
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 20.1 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് മാസം കൊണ്ട് 1,06,83,643 വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ ഇത് 88,95,593 പേരാണ് എത്തിയത്. കൊവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ആഭ്യന്തര വിനോദ സഞ്ചാരകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായതായി സംസ്ഥാന ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
2023 ന്റെ ആദ്യ പകുതിയില്‍വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2,87,730 ആയിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,05,960 ആയിരുന്നു. അതായത് കഴിഞ്ഞ കാലയളവിനേക്കാൾ 1,81,770 സഞ്ചാരികൾ കേരളം സന്ദർശിച്ചു. ഇത് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വളർച്ച 171.55 ശതമാനത്തിലേക്കു ഉയർത്തി. 2020 മുതല്‍ 2022 വരെ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തിലും ഗണ്യമായ നേട്ടമുണ്ടായിട്ടുണ്ട്. 2022ല്‍ 35,168.42 കോടി രൂപയാണ് കേരളം സ്വന്തമാക്കിയത്. 2021ല്‍ 12,285.91 കോടി രൂപയായിരുന്നു. 2020ല്‍ ഇത് 11,335.96 കോടി രൂപയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
കേരള ടൂറിസം റെക്കോഡ് ഭേദിക്കുമെന്നതിന്റെ സൂചനയാണ് ആദ്യപകുതി നല്‍കിയിരിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി സംസ്ഥാനം ആരംഭിച്ച പുതിയ ഉല്‍പന്നങ്ങളുടെയും സംരംഭങ്ങളുടെയും വര്‍ധിച്ച സ്വീകാര്യതയ്ക്കും വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതിന് ഒരു കാരണമാണെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.
ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ജില്ലകളില്‍ എറണാകുളം ഒന്നാം സ്ഥാനം സ്വന്തമാക്കി.22,16,250 സഞ്ചാരികളാണ് ഈ കാലയളവിൽ ജില്ലാ സന്ദർശിച്ചത്. ഇടുക്കി 18,01,502 സഞ്ചാരികളുമായി രണ്ടാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം (17,21,264) , തൃശൂര്‍ (11,67,788), വയനാട് (8,71,664), കോഴിക്കോട് (6,74,237) എന്നിങ്ങനെയാണ് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗോള്‍ഡനും നേടി കേരളം
സന്ദര്‍ശകരെ ആകര്‍ഷിക്കാനായി നൂതന സംരംഭങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പിഎടിഎ) ഗോള്‍ഡ് അവാര്‍ഡ്. മാര്‍ക്കറ്റിംഗ് കാമ്പെയ്ന്‍ (സ്റ്റേറ്റ് ആന്‍ഡ് സിറ്റി- ഗ്ലോബല്‍) വിഭാഗത്തിലാണ് കേരളം അവാര്‍ഡ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പിടിഎ ട്രാവല്‍ മാര്‍ട്ട് 2023 ലാണ് അവാര്‍ഡ് നല്‍കിയത്. കേരള ടൂറിസം അഡീഷ്ണല്‍ ഡയറക്ടര്‍ എസ് പ്രേം കൃഷണന്‍ പിഎടിഎ ചെയര്‍മാന്‍ പീറ്റര്‍ സെമോണില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 1984 ലാണ് പിഎടിഎ സ്ഥാപിതമായത്. ഏഷ്യ പസഫിക് മേഖലയിലെ യാത്രാ വ്യവസായത്തിലെ മികച്ച സംഭാവനങ്ങള്‍ പരിഗണിച്ച് നല്‍കുന്ന അവാര്‍ഡുകളാണ് പിഎടിഎ ഗ്രാന്‍ഡും ഗോള്‍ഡ് അവാര്‍ഡും.
സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ ഇതുവരെ 23, 786 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 18000 ത്തോളം യൂണിറ്റുകള്‍ വനിതകകള്‍ നയിക്കുന്നതോ വനിതകളുടെ ഉടമസ്ഥതയില്‍ ഉള്ളതോ ആണ്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തിലധികം കുടുംബങ്ങള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായി ഗുണഭോക്താക്കളാണ്. സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര പദ്ധതിയില്‍ ഇതുവരെ 2800 ലധികം വനിതകള്‍ ഭാഗമായി മാറിയിട്ടുണ്ട്. സമീപ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഒരു വലിയ മുന്നേറ്റം കാഴ്ച്ച വച്ചതിന്റെ തെളിവാണ് ഇത്.