12 Jan 2024 2:30 PM GMT
Summary
- ജനുവരി 25നകം ടൂറിസം വകുപ്പില്‍ ഫെസിലിറ്റേഷന്‍ സെന്ററും ഫെബ്രുവരി 10നകം വെബ് പോര്‍ട്ടലും പ്രവര്‍ത്തനമാരംഭിക്കും
- ടൂറിസം വകുപ്പ് 19 പുതിയ നിക്ഷേപകരുടെ പ്രോജക്ടുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു
- എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ആദ്യം കണ്ടെത്തുക
തിരുവനന്തപുരം: വ്യവസായവുമായി സഹകരിച്ച് കേരള ടൂറിസം വകുപ്പ് അടുത്തിടെ സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തില്‍ (ടിഐഎം) പ്രദര്‍ശിപ്പിച്ച എല്ലാ പദ്ധതികളും ഏകജാലക സംവിധാനത്തിലൂടെ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പദ്ധതികള്‍ വേഗത്തിലാക്കാന്‍ ജനുവരി 25നകം ടൂറിസം വകുപ്പില്‍ ഫെസിലിറ്റേഷന്‍ സെന്ററും ഫെബ്രുവരി 10നകം വെബ് പോര്‍ട്ടലും പ്രവര്‍ത്തനമാരംഭിക്കുമെന്ന് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് റിയാസ് പറഞ്ഞു.
നവംബറില്‍ ഇവിടെ നടന്ന നിക്ഷേപക മീറ്റിംഗില്‍ അവതരിപ്പിച്ചവരില്‍ നിന്ന് അതിവേഗം നടപ്പിലാക്കുന്നതിനായി ടൂറിസം വകുപ്പ് 19 പുതിയ നിക്ഷേപകരുടെ പ്രോജക്ടുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ടിഐഎം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനും ടൂറിസം സെക്രട്ടറിയുടെ കീഴില്‍ ഒരു പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.നിക്ഷേപകരുമായി ബന്ധപ്പെടാനും പദ്ധതികള്‍ നടപ്പാക്കാനും ഒരു നോഡല്‍ ഓഫീസറെയും നിയമിക്കും.
എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ആദ്യം കണ്ടെത്തുക.
സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെ പദ്ധതി നടത്തിപ്പിനും സാങ്കേതികവും നിയമപരവുമായ മൂല്യനിര്‍ണ്ണയത്തിന് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാനും തീരുമാനിച്ചു.
പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഏകജാലക സംവിധാനത്തിലേക്ക് മാറ്റാന്‍ ടൂറിസം സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.